Pages

Sunday, December 19, 2010

മഴക്കാലം


ഇതുപോലൊരു മഴക്കാലം അയാളുടെ ജീവിതത്തില്‍ ആദ്യത്തേതായിരുന്നു. പത്തു ദിവസമായി തോരാതെ പെയ്യുന്ന മഴ. പറമ്പും മുറ്റവും മുഴുവന്‍ മഴവെള്ളം കൊണ്ട്‌ നിറഞ്ഞു.
കിണറ്റില്‍നിന്നും വെള്ളം കൈകൊണ്ട്‌ മുക്കിയെടുക്കാന്‍ പാകത്തിലായി. അയാള്‍ അത്‌ ആഹ്ലാദത്തോടെ ഭാര്യയെ വിളിച്ചു കാണിച്ചു.

ഓഫീസുകള്‍ക്ക്‌ ഗവണ്‍മെന്റ്‌ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. നഗരത്തില്‍ സുഹൃത്തുക്കളില്‍ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഗ്രാമത്തിലെ അയാളുടെ `സന്യാസ' ജീവിതത്തെ കളിയാക്കുന്നവര്‍. രണ്ടു ദിവസം കൂടി മഴ പെയ്‌താല്‍ വീട്ടില്‍ വെള്ളം കയറുമെന്ന്‌ പരിഭ്രമത്തോടെ അവരറിയിച്ചു.
മഴയുടെ തണുപ്പില്‍ ഒമ്പതുമണിവരെ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു. ഉണരുമ്പോഴെല്ലാം മഴ പറഞ്ഞു - ഈ സുഖദമായ അന്തരീക്ഷം ഉറങ്ങാനുള്ളതാണ്‌. തുറന്നിട്ട ജനാലയിലൂടെ മഴവെള്ളം മുഖത്ത്‌ മുട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റു.

മുറ്റത്ത്‌, നിറയെ കായുള്ള മുരിങ്ങമരത്തിന്റെ വലിയൊരു ശിഖരം അടര്‍ന്നു കിടക്കുന്നു. കാറ്റില്‍ നിലം പൊത്തിയ വാഴകളെയും ഓമല്‍ച്ചെടിയെയുംപറ്റി ഭാര്യവ്യസനത്തോടെ പറഞ്ഞു. ഈ മഴ എല്ലാരേം ഒന്നിച്ച്‌ കൊണ്ടോവൂന്നാ തോന്നണേ. ഭാര്യയുടെ അഭിപ്രായം അയാള്‍ നിസ്സംഗമായി കേട്ടു.
പറമ്പിലൂടെ നടക്കുമ്പോള്‍ അല്‍ഭുതം! തെങ്ങിന്‍ചുവട്ടില്‍നിന്നും തെളിനീര്‍ ജലം വരുന്നു. അയാള്‍ പറമ്പുമുഴുവന്‍ ആവേശത്തോടെ തിരഞ്ഞുനടന്നു. ഭൂമിയില്‍നിന്നും ഫണം വിടര്‍ത്തി വരുന്ന ജലത്തിന്റെ നിരവധി കുഞ്ഞുകുഞ്ഞുറവകള്‍. മുപ്പതുവര്‍ഷത്തെ ജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു പുരയിടത്തില്‍ ഊറ്റിരുന്ന്‌ കാണുന്നത്‌.

നനഞ്ഞ വസ്‌ത്രങ്ങള്‍ മാറ്റി അയാള്‍ അടുക്കളയില്‍ ചെന്നു. അടുപ്പിന്റെ ചുവട്ടില്‍നിന്ന്‌ കൈകള്‍ തീയിലുണക്കി. ശരീരമാകെ വിറയ്‌ക്കുന്നു. അയാളുടെ ഭാര്യ കോഴികള്‍ക്ക്‌ തീറ്റ കൊടുക്കുകയായിരുന്നു. മഴ കാരണം അവയൊന്നും പുറത്തുവരുന്നില്ല.

ഉച്ചയ്‌ക്ക്‌, കൃത്യമായി പറഞ്ഞാല്‍ അഞ്ചുമിനിറ്റ,്‌ സൂര്യന്‍ വന്നു. പിന്നെ, വെല്ലുവിളിച്ചുകൊണ്ട്‌ മറ്റൊരുമഴ. ഊണുകഴിഞ്ഞ്‌, സുഖനിദ്രയിലേക്കുകടക്കുമ്പോള്‍, അയാളെ ഭാര്യ വിളിച്ചു. ഭയത്തോടെ അവള്‍ പറഞ്ഞു. തൊഴുത്തില്‍ ഒരാള്‍. കന്നുകാലികള്‍ ഒന്നുമില്ലാത്തതിനാല്‍, വിറകുസൂക്ഷിക്കുന്നത്‌ തൊഴുത്തിലാണ്‌. വിറകുപെറുക്കാന്‍ ചെന്നതായിരുന്നു അവള്‍.

വെള്ളത്തില്‍ക്കുളിച്ച്‌ നില്‍ക്കുന്ന ഒരു വയസ്സന്‍. പകുതിയടഞ്ഞ കണ്ണുകള്‍. കാലുകളില്‍ മുട്ടോളം വെളുത്തപാടുകള്‍. മഴയില്‍ വന്നടിഞ്ഞ ഒരു ജീവിയെപ്പോലെ അയാള്‍ നിന്നുവിറയ്‌ക്കുന്നു.
എന്താ?

ഉമ്മറത്തുനിന്നിറങ്ങാതെ അയാള്‍ ചോദിച്ചു. അയാള്‍ കേട്ടില്ല. ചോദ്യം ഒരിക്കല്‍ക്കൂടി.
വയസ്സന്‍ തൊഴുതു.

മഴ. കഴിഞ്ഞ ഒരാഴ്‌ചയായി തോരാത്ത മഴ. മുഴുവന്‍ നനഞ്ഞു. ഈ തുണിയൊന്ന്‌ പിഴിഞ്ഞുടുക്കാര്‌ന്ന്‌. വയസ്സന്റെ ഉടുവസ്‌ത്രങ്ങളില്‍നിന്നും ജലം ഇറയ്‌ക്കുന്നു.

അയാള്‍ക്ക്‌ ഭയം തോന്നി.

തുണി എപ്പോഴുണങ്ങാനാണ്‌. അതിനിടയില്‍ ഇവിടെയെങ്ങാനും കിടന്ന്‌...
അതെ... പട്ടിയെ മഴ കാരണം കെട്ടാന്‍ കിട്ടിയില്ല. അതെപ്പഴാ കേറിവര്‌ന്ന്‌ അറിയില്ല. പൊയ്‌ക്കോളൂ... അയാള്‍ നുണ പറഞ്ഞു. വൃദ്ധന്‍ സമ്മതിച്ച്‌ തലയാട്ടി. നനഞ്ഞ തുണി കൊണ്ടുള്ള ഭാണ്‌ഡക്കെട്ടെടുത്ത്‌, തലയില്‍ വച്ച്‌ മഴയിലേക്കിറങ്ങി.

പിന്നീടയാള്‍ ഉറങ്ങിയില്ല. പത്രമെടുത്ത്‌ നിവര്‍ത്തി. പത്രത്തില്‍ മഴക്കെടുതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളമുണ്ടായിരുന്നു. അയാള്‍ക്ക്‌ പത്രത്തില്‍ മുഴുകാനായില്ല. ഒരസ്വസ്ഥത മനസ്സില്‍ ഉറവ പൊട്ടുന്നു. മഴയില്‍നിന്നും വന്ന വൃദ്ധന്റെ രൂപം ഉള്ളില്‍നിന്നും ഇറങ്ങിപ്പോകുന്നതേയില്ല. നാട്ടിന്‍പുറത്തെ ഓരോവീടും അയാള്‍ക്ക്‌ പരിചിതമായിരുന്നു. മഴയില്‍ അങ്കുരിച്ചുവന്ന ആ വൃദ്ധന്‍ ഇവിടുത്തുകാരനല്ലെന്ന്‌ അയാള്‍ക്കതിനാല്‍ ഉറപ്പായിരുന്നു.

ഏഴുമണിക്കുള്ള ദൂരദര്‍ശന്‍ വാര്‍ത്തയില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങളുടെയും താറുമാറായ ജീവിതത്തിന്റെയും ദൃശ്യങ്ങള്‍ നിരന്നു. ഒരാഴ്‌ചകൂടി പരക്കെ മഴ പെയ്യുമെന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാല്‍നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മഴയാണത്രേ ഇത്‌.
കട്ടന്‍ചായയുമായി ഭാര്യ വരുമ്പോള്‍, അയാള്‍ ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഭാര്യ അയാളെ കൗതുകത്തോടെ നോക്കി. പുറത്ത്‌ മഴയുടെ താണ്‌ഡവം തുടരുകയാണ്‌. ഒന്നും പറയാതെ അയാള്‍ പുറത്തേക്കിറങ്ങി.

തെരുവ്‌ മനുഷ്യവാസമില്ലാത്ത പ്രദേശം പോലെ നിര്‍ജീവമായിരുന്നു. കടത്തിണ്ണകളിലേക്ക്‌ അയാള്‍ ടോര്‍ച്ചുതെളിച്ച്‌ നോക്കി. അവിടമാകെ തെരുവുപട്ടികളുടെ വരുതിയില്‍ ആയിരിക്കുന്നു. കവല മുഴുവന്‍ നടന്നു തീര്‍ത്ത്‌ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു.

വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അയാള്‍ കുട മടക്കിവച്ചു. മഴയുടെ അസഹിഷ്‌ണുത ശരീരത്തിലനുഭവിച്ചു. ഇരുട്ടിലൂടെ നടക്കുമ്പോള്‍ മുഖത്തുകൂടി ഒഴുകിവന്ന മഴവെള്ളം വായിലേക്കിറ്റു വന്നു.
അതിന്‌ ഉപ്പുരസമായിരുന്നു.

Sunday, November 28, 2010

വീട്‌ മൊഴി

തെങ്ങും കവുങ്ങും വാഴക്കൂട്ടവും നിറഞ്ഞ വിശാലമായ പറമ്പിലിരിക്കുന്ന വീടായിരുന്നു. ഓടുകൊണ്ടുള്ള മേല്‍ക്കൂര. തേക്കുകൊണ്ടുള്ള വാതിലുകള്‍. മൂന്നുനാല്‌ മുറികള്‍. ശുദ്ധമായ വായു. ഓഫീസിലെ പ്യൂണ്‍ അഹമ്മദാണ്‌ അവര്‍ക്കാ വീട്‌ കാട്ടിക്കൊടുത്തത്‌. അവരെന്നാല്‍, അയാളും സുഗുണനും. പുതുതായി അവിടേക്കു നിയമനം ലഭിച്ചു വന്ന രണ്ട്‌ ക്ലാര്‍ക്കുമാരായിരുന്നു അവര്‍.
അധികം വാഹനങ്ങളോ ജനപ്പെരുപ്പമോ ഇല്ലാത്ത കുഗ്രാമമായിരുന്നു അത്‌. അന്നാട്ടുകാരല്ലാത്തവര്‍ വളരെ വിരളം. അന്യനാട്ടുകാരായവര്‍ മൂട്ടകള്‍ പതുങ്ങിയിരിക്കുന്ന ഓഫീസിലെ മേശപ്പുറത്ത്‌ ഉറങ്ങാന്‍ കിടക്കും. ട്രാന്‍സ്‌ഫര്‍ ലഭിച്ചതായി ദിവസവും സ്വപ്‌നം കാണും.
രണ്ടു മുറികളുള്ള ഓഫീസിലെ മേശകള്‍ ഒന്നിലും ഒഴിവില്ലാത്തകാലത്താണ്‌ അവരവിടെ എത്തുന്നത്‌. വാടകവീടിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയതങ്ങനെയാണ്‌. സ്ഥലവാസിയായ അഹമ്മദ്‌ സഹായിയായി. `ചുളുവിന്‌ ഒപ്പിച്ചു തരാം സാറേ. അഡ്വാന്‍സ്‌ ഒന്നും കൊടുക്കേണ്ട. നമ്മടെ ഒരാളാ വീടിന്റേം പറമ്പിന്റേം നോട്ടോം കാര്യോം. അതോണ്ടാ.' പിന്നെ ശബ്‌ദം കുറച്ച്‌ അഹമ്മദ്‌ മന്ത്രിച്ചു. `അഹമ്മദ്‌ കളിപ്പിച്ചൂന്ന്‌ പറയരുതെന്ന്‌ കരുതി പറയാണ്‌. ചെറിയ കുഴപ്പമുള്ള വീടാണ്‌. ഒരുവീട്ടിലൊള്ള നാലു പേര്‌ ആത്മഹത്യ ചെയ്‌തതാ. അച്ഛനും അമ്മയും രണ്ടു ചെറിയ പിള്ളാരും. അയാള്‌ നാട്ടീന്നെങ്കാണ്ടോ ഓടിപ്പിടിച്ച്‌ ജോലീം അന്വേഷിച്ച്‌ വന്നതാ. കൊല്ലം ഒന്നു രണ്ടായി... അന്നുമൊതല്‌ പിന്നെ അടച്ചിട്ടിരിക്കാണ്‌. ഒടമസ്ഥനുള്ളത്‌ തിരോന്തരത്താ...'
`ഒരാള്‌ മരിച്ചാപ്പിന്നെ ആ വീട്ടിലാരും താമസിക്കത്തില്ലേ അഹമ്മദേ?' അയാള്‍ കളിയാക്കി.
`അതോണ്ടല്ല സാറേ. ദുര്‍മരണമല്ലേ. വീട്ടീന്ന്‌ രാത്രീല്‌ ചെല ശബ്‌ദങ്ങളൊക്കെ കേക്കൂന്നാ അതുവഴി പോണോര്‌ പറയണത്‌.'
`സുഗുണാ നമുക്കപ്പൊ കമ്പനിയായി. പ്രേതങ്ങളോട്‌ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാമല്ലോ' അയാള്‍ പറഞ്ഞു.
നിരത്തില്‍നിന്നും കാല്‍ കിലോമീറ്റര്‍ കഴിഞ്ഞാല്‍ വീടായി. ചെങ്കല്ല്‌ വെട്ടിയുണ്ടാക്കിയ വഴിയാണ്‌. കുന്നിന്റെ പുറത്താണ്‌ വീടെങ്കിലും, ചെടികളതിനെ ഒളിച്ചുവച്ചു. കുന്നിന്റെ മറുപുറമിറങ്ങിയാല്‍ നീര്‍ച്ചാലായി. ഐസുപോലെ തണുത്ത വെള്ളം. അതില്‍ മുഖം നോക്കാം.
സുഭിക്ഷമായ ജീവിതം. ഇടയ്‌ക്കുവച്ച്‌ സുഗുണന്‍ സ്ഥലംമാറിപ്പോയിട്ടും അയാളവിടെത്തന്നെ കൂടി. മദ്യപിക്കണമെന്ന്‌ തോന്നുമ്പോള്‍, അഹമ്മദ്‌ കുപ്പിയും കപ്പയുമായെത്തി. നാട്ടില്‍നിന്നും വന്ന നിരവധി സുഹൃത്തുക്കള്‍ക്ക്‌ വീട്‌ ആതിഥ്യമരുളി. അരുവിയില്‍ കുളിച്ചും തണുപ്പില്‍ ലയിച്ചും അവര്‍ മടങ്ങിപ്പോയി. നാട്ടിലേക്ക്‌ നാലാം കൊല്ലം മടങ്ങുമ്പോള്‍, അയാള്‍ക്ക്‌ ആ വീടുപേക്ഷിക്കാന്‍ മനസ്സുവന്നില്ല.
വീടിപ്പൊ അതുപോലെ നില്‍ക്കുന്നു.
അയാള്‍ക്ക്‌ അതിശയം തോന്നി. താന്‍ പണ്ടു മുന്‍ചുവരില്‍ പതിപ്പിച്ച സിനിമാനടിയുടെ ചിത്രംപോലും അവിടെയുണ്ട്‌.
`സാറിന്‌ ഭാഗ്യോണ്ട്‌. കഴിഞ്ഞ ആഴ്‌ചയാ രണ്ടു പേരുണ്ടായിരുന്നവര്‌ പോയത്‌. എന്തോ ഗവേഷണത്തിന്‌ പഠിക്കാനോ മറ്റോ വന്ന പിള്ളാരാ.'
അഹമ്മദിനിപ്പോള്‍ കൂനലുണ്ട്‌. മുടി മുക്കാലും പോയിരിക്കുന്നു.
`പണ്ടത്തെ വാടകയൊന്നും അല്ല സാറേ. കുറച്ച്‌ പൈസ അഡ്വാന്‍സും കൊടുക്കണം.'
ആ വീടിനോടുള്ള മമത ഇപ്പോഴും അയാളില്‍ അസ്‌തമിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ ഇടയ്‌ക്ക്‌ കുറച്ചുനാള്‍ ഇവിടെ വന്ന്‌ താമസിക്കണമെന്നും ആഗ്രഹിച്ചിരുന്നതാണ്‌. വീടിനെപ്പറ്റി നിരവധി തവണ ഭാര്യയോട്‌ പറഞ്ഞിട്ടുമുണ്ട്‌. വാടകയും അഡ്വാന്‍സും അല്‍പം കൂടുതലാണെങ്കിലും താമസിക്കാന്‍ ഇതിലും നല്ലൊരിടമില്ലെന്ന്‌ അയാള്‍ വിശ്വസിച്ചു.
മക്കള്‍ രണ്ടാള്‍ക്കും റ്റി.സി. വാങ്ങി. മൂത്തവള്‍ക്ക്‌ പതിനഞ്ചു കിലോമീറ്റര്‍ ബസ്‌ യാത്രയുണ്ട്‌. ഇളയവള്‍ക്ക്‌ സ്‌കൂളിലേക്ക്‌ അഞ്ചു കിലോമീറ്ററും. മക്കള്‍ക്ക്‌ രണ്ടാള്‍ക്കും ഇവിടമത്ര പിടിച്ചമട്ടില്ല. അവരെ ഇവിടെ കൊണ്ടുവരികയല്ലാതെ മറ്റൊരു പോംവഴിയും കണ്ടില്ല.
രാത്രിയില്‍ പണ്ടത്തേതുപോലെ അയാള്‍ക്കിപ്പോള്‍ ഉറക്കം കിട്ടുന്നില്ല. മക്കളുടെ പഠിത്തം, വാടക, കെ.എസ്‌.എഫ്‌.ഇ.യിലെ ലോണ്‍, ഒരു റിക്കവറി - എന്നും രാത്രിയില്‍ മനസ്സ്‌ അലങ്കോലമായി കിടക്കും. രാത്രിയുടെ നിശബ്‌ദതയില്‍ ഇവയോരോന്നായി ഉള്ളിലേക്ക്‌ റൂട്ടുമാര്‍ച്ച്‌ നടത്തും. പിന്നെ ഉറക്കമില്ല. രാത്രിയില്‍ പുറത്തുകൂടി ആരൊക്കെയോ നടക്കുന്നതായി തോന്നാന്‍ തുടങ്ങിയിട്ട്‌ കുറച്ചു ദിവസമായി. അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നത്‌, കാതുകൂര്‍പ്പിച്ചാല്‍ കേള്‍ക്കാം. മയക്കത്തിനിടയിലെ ചില സ്വപ്‌നങ്ങളാണെന്നാണ്‌ ആദ്യം കരുതിയത്‌.
വീണ്ടും രാത്രി. ചില ശബ്‌ദങ്ങള്‍ അയാളെ പിടിച്ചുണര്‍ത്തി. ഭാര്യ സുഖനിദ്രയില്‍. മക്കള്‍ രണ്ടാളും അടുത്ത മുറിയില്‍ ഉറങ്ങുന്നു. തലയിണ കട്ടില്‍ കമ്പില്‍ വച്ച്‌ ചാരിയിരുന്ന്‌ ശ്രദ്ധിച്ചു. ഉവ്വ്‌. ആരോ അടക്കിപ്പിടിച്ച്‌ സംസാരിക്കുന്നുണ്ട്‌. സ്‌തീയുടെയും പുരുഷന്റെയും ഒച്ചയാണ്‌. അയാളത്‌ വ്യക്തമായി കേട്ടു.
`ആലോചിച്ചിട്ട്‌ തന്നാ കമലേ... മറ്റൊരു മാര്‍ഗ്ഗോം കാണുന്നില്ല.'
സ്‌ത്രീയിപ്പോള്‍ മൂക്കുചീറ്റുകയാണെന്ന്‌ തോന്നുന്നു. കയറുകട്ടിലുലയുന്ന കിരുകിരുപ്പ്‌.
`എനിക്ക്‌ പേടീണ്ടായിട്ടല്ല വിശ്വേട്ടാ. കുട്ടികളെ ഓര്‍ത്തിട്ടാ. നല്ലതൊന്നും അവര്‍ക്ക്‌ കൊടുക്കാന്‍പോലും പറ്റീട്ടില്ല...'
`ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ കമലേ... അവര്‍ക്കതു വിധിച്ചിട്ടില്ല.'
വിശ്വന്റെ ശബ്‌ദം നേര്‍ത്തിരുന്നു.
അയാള്‍ക്ക്‌ തലകറങ്ങും പോലെ തോന്നി. കണ്ണ്‌ ഇറുക്കെ അടച്ചു. ശബ്‌ദങ്ങള്‍ കൂടുതല്‍ തെളിവുറ്റതായി.
`നീയവരെ വിളിക്ക്‌.'
`എന്നിട്ട്‌.'
`നീ തന്നെ കൊടുക്ക്‌. ഊണ്‌ കഴിക്കുമ്പൊ തരാന്‍ മറന്നുപോയെന്ന്‌ പറ.'
സ്‌ത്രീയിപ്പോള്‍ വാ പൊത്തി.
`എനിക്ക്‌ വയ്യ വിശ്വേട്ടാ... വയ്യ... എന്റെ കുഞ്ഞുങ്ങള്‌ ഇന്നലേം കൂടി പറഞ്ഞതാ പായസം വേണോന്ന്‌. എന്നിട്ടതില്‌...' കരച്ചില്‍ ഉച്ചത്തിലായി.
`ഞാനവരെ വിളിക്കട്ടെ.'
`ഒരൂസം കൂടി... നാളെ... നാളെ... ഞാന്‍ കൊടുത്തോളാം. എനിക്കവരെ കണ്ടിട്ടു മതിയായിട്ടില്ല...'
പുരുഷനൊന്നും മിണ്ടുന്നില്ല.
സ്‌ത്രീ കരച്ചില്‍ നിറുത്തുന്നുമില്ല.
അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു. ഭാര്യയെ വിളിച്ചുണര്‍ത്തി. അവള്‍ അമ്പരപ്പോടെ എണീറ്റു. `നീ വല്ല ശബ്‌ദവും കേള്‍ക്കുന്നുണ്ടോ? ആരോ കരയും പോലെ.'
`ഏയ്‌ ഞാനൊന്നും കേള്‍ക്കുന്നില്ല. നിങ്ങള്‌ വല്ല സ്വപ്‌നോം കണ്ടതാവും' അലസമായിപ്പറഞ്ഞ്‌ അവള്‍ മുഖത്തേക്ക്‌ മൂടി.
അയാള്‍ പിന്നെ ഉറങ്ങിയിട്ടില്ല.
പുലര്‍ച്ചെ അഹമ്മദിനെ കണ്ടു.
`അഹമ്മദേ... എനിക്ക്‌ മറ്റേതെങ്കിലുമൊരു വീട്‌ വേണം. ഇന്നു തന്നെ...'
അഹമ്മദ്‌ അയാളെ അല്‍ഭുതത്തോടെയും കൗതുകത്തോടെയും നോക്കി

Sunday, November 21, 2010

മണ്ണ്‌ പറഞ്ഞ കഥ


ഒരിടത്ത്‌ ഒരച്ഛനും മകനും ജീവിച്ചിരുന്നു. അച്ഛന്റെ പേര്‌ ഔസേപ്പെന്നും മകന്റെ പേര്‌ ജോണിക്കുട്ടിയെന്നുമായിരുന്നു. ഒറ്റ മോനായിരുന്നു ജോണിക്കുട്ടി. ഒന്നായാലും ഉലക്കയ്‌ക്കടിച്ചു വളര്‍ത്തണമെന്നൊന്നും ഔസേപ്പിനറിയില്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിയുമാണ്‌. അതിനാല്‍ ഔസേപ്പവനെ ആകാശത്തില്‍ വച്ച്‌ വളര്‍ത്തി.

അധ്വാനിയായിരുന്നു ഔസേപ്പ്‌. ഭൂമിയിലായിരുന്നു അധ്വാനം. ഇരകടിക്കുമെന്ന്‌ ഭയന്ന്‌ ഔസേപ്പ്‌ ജോണിക്കുട്ടിയെ മണ്ണില്‍ തൊടീച്ചില്ല. കടല്‍മണ്ണ്‌ പോലുള്ള കൈകളില്‍ തഴമ്പ്‌ വീഴുമെന്ന്‌ കരുതി തൂമ്പാ തൊടീച്ചില്ല. നീരിറങ്ങുമെന്ന്‌ കരുതി മഴയോ, കരുവാളിക്കുമെന്ന്‌ കരുതി വെയിലോ കൊള്ളിച്ചില്ല. ഔസേപ്പ്‌ മണ്ണില്‍ കിളച്ചു. മഴയത്ത്‌ നനഞ്ഞു. വെയിലത്ത്‌ വിയര്‍ത്തു.ജോണിക്കുട്ടി തന്നെ പൊന്നുപോലെ നോക്കുമെന്ന്‌ ഔസേപ്പ്‌ വിചാരിച്ചു. അവന്‍ വളര്‍ന്നു വലുതാകുന്നത്‌ സ്വപ്‌നം കണ്ടു.

ജോണിക്കുട്ടി പത്താം ക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം പാസാകുന്നതു കണ്ട്‌ അപ്പന്‍ അഭിമാനിച്ചു.ഔസേപ്പിനിപ്പൊ പ്രായമായി. ചൊമയും കൊരയുമായി. തൂമ്പാ കൈയില്‍ നിക്കാതായി. വീട്ടിന്റെ ഉമ്മറത്തിരുന്ന്‌ രാത്രി രാത്രി ചുമപ്പ്‌ തുപ്പി.

ജോണിക്കുട്ടി പതിവുപോലെ ഷര്‍ട്ടുംതേച്ചിട്ട്‌ സ്‌പ്രേയുമടിച്ച്‌ പുറത്തിറങ്ങി. അപ്പൊത്തന്നെ സുഹൃത്തിന്റെ ബൈക്ക്‌ വന്നു. അതിന്റെ പുറകിലിരുന്ന്‌ സിഗരറ്റിന്‌ തീ കൊടുത്തു.ഔസേപ്പിന്‌ സങ്കടം വന്നു. കാര്യമായ സമ്പാദ്യമൊന്നും കയ്യിലില്ല. അറിഞ്ഞു പെരുമാറേണ്ട ചെക്കനിങ്ങനെയായാല്‍? അപ്പന്‍ മകനെ ഗുണദോഷിക്കാന്‍ ചെന്നു.

``എന്നെ എന്നാപ്പിന്നെ ആദ്യമേ കിളയ്‌ക്കാന്‍ വിട്ടാപ്പോരായിരുന്നോ? എന്നാത്തിനാ പഠിപ്പിച്ചത്‌? തൂമ്പാപ്പണിക്കിനി പോവാന്‍ പറ്റ്വോ?''
താന്‍ ചെയ്‌തത്‌ വലിയൊപരാധമാണെന്ന്‌ അപ്പനു തോന്നി. പോയബുദ്ധി പിടിച്ചാ കിട്ടില്ലല്ലോ. പഠിപ്പിച്ചുപോയത്‌ പഠിപ്പിച്ചു പോയി.

ഒരുദിവസം ജോണിക്കുട്ടി ഒരു പെങ്കൊച്ചിനേം കൊണ്ട്‌ വന്നു. അപ്പാ, ഇതെന്റെ ഭാര്യയാണ്‌, മകന്‍ പരിചയപ്പെടുത്തി. രജിസ്‌ട്രാപ്പീസിന്ന്‌ കല്യാണം നടത്തി വന്നിരിക്കുകയാണ്‌. ഏതോ വലിയ വീട്ടിലെ കൊച്ചാണ്‌. ജോണിക്കുട്ടീടെ ചൊവന്ന മോഖോം വെളുത്തചിരീം കണ്ടിട്ട്‌ എറങ്ങി വന്നതാണ്‌. ഇതധികകാലം പോവത്തില്ലെന്ന്‌ ഔസേപ്പപ്പഴേ കൂട്ടിക്കിഴിച്ചു. അല്‍ഭുതമൊന്നുമേ സംഭവിച്ചില്ല. ഒരു കൊച്ചായിക്കഴിഞ്ഞ്‌ അവളവളുടെ പാട്ടിന്‌ പോയി. കൊച്ചിനെയൊന്നും എടുക്കാന്‍ മെനക്കെട്ടില്ല. വീട്ടുകാര്‍ പണച്ചാക്കാണ്‌. പൊന്നും പണ്ടോമിട്ട്‌ അതിനെ വീണ്ടും കെട്ടിച്ചുവിട്ടു.

ഇതോടെയാണ്‌ ജോണിക്കുട്ടിയില്‍ പ്രകടമായ മാറ്റം വന്നത്‌. അവനില്‍ അഭിമാനബോധമുണര്‍ന്നുവെന്നും, ഇനിയവന്‍ രക്ഷപ്പെടുമെന്നും അച്ഛന്‍ പ്രതീക്ഷിച്ചു. പണമുണ്ടാക്കണമെന്നാണ്‌ അവന്റെ ചിന്തയെന്നറിഞ്ഞപ്പോത്തൊട്ട്‌ അപ്പന്‌ ആധിയായി. ഔസേപ്പിന്റെ പഴയബുദ്ധിവച്ച്‌ ചിലതെല്ലാം പറഞ്ഞുനോക്കി.
`നാടോടുമ്പം നടുവേ ഓടണം അപ്പാ. നോക്കിക്കേ, ഒന്നു രണ്ടു വര്‍ഷം കഴിയട്ടെ. ജോണിക്കുട്ടിയെ പിന്നെ കാണാന്‍ കിട്ടത്തില്ല.'
പെട്ടെന്നൊരു ദിവസം ജോണിക്കുട്ടിയെ കാണാതായി. രണ്ട്‌ ദെവസം ഔസേപ്പ്‌ കാത്തു. ചെലപ്പൊയിങ്ങനെ വരാതിരിക്കാറുണ്ട്‌. ചെറുമകന്‍ ചെക്കന്റെ കരച്ചില്‍ കണ്ടപ്പൊ, ഔസേപ്പിന്‌ ഇരിക്കപ്പൊറുതി മുട്ടി. ഔസേപ്പ്‌ അവനേം കൂട്ടി ചേലോക്കാരന്‍ മൊതലാളീടെ വീട്ടീച്ചെന്നു.
`അവനെ ഞാനിന്നലേ തെരക്കുവാണേ. ഞങ്ങടെ കൊറച്ച്‌ കാശും അവന്റെ കൈയിലൊണ്ടേ - കൂട്ടത്തീ പറഞ്ഞന്നേയുള്ളൂ. കാരണവര്‌, അവന്റെ കൂട്ടുകാരുടെ വീട്ടിലെങ്ങാനുമൊന്ന്‌ തെരക്ക്‌. കണ്ടാ എന്നേം അറീക്ക്‌' ചേലോക്കാരന്‍ ഉപദേശിച്ചു.

വര്‍ഷമിപ്പോ ഒന്നായി. നടന്നു നടന്ന്‌ ഔസേപ്പിന്റെ ശരീരം വില്ലുപോലെ വളഞ്ഞു. ജോണിക്കുട്ടിയെ മാത്രം കിട്ടീല. ഇതിനെടേല്‌ ജോണിക്കുട്ടിയെ കാണാതായതുമൊതല്‌ പൈസാ ചോദിച്ച്‌ പലരും വീട്ടില്‍ കയറിയിറങ്ങി. ഔസേപ്പിന്‌ പലരേം പരിചയമില്ല; കൊടുക്കാന്‍ കൈയില്‍ കാശുമില്ല. വന്നവര്‍ വീട്ടിലൊണ്ടായിരുന്ന ചെറിയ വില കിട്ടുന്ന സാധനങ്ങള്‍ വരെ എടുത്തോണ്ടുപോയി.ചേലോക്കാരന്‍ അറിയാതെ ജോണിക്കുട്ടി എങ്ങും പോവത്തില്ലെന്ന്‌ ചെലര്‌ പറഞ്ഞു. ചേലോക്കാരന്റെ വിശ്വസ്‌തനായിരുന്നല്ലോ ജോണിക്കുട്ടി.

ഔസേപ്പ്‌ വീണ്ടും ചേലോക്കാരന്റെ വീട്ടില്‍ ചെന്നു. മൊതലാളി ഒറക്കത്തിലാണ്‌. ഔസേപ്പ്‌ മുറ്റത്ത്‌ കുത്തിയിരുന്ന്‌, നെടുവീര്‍പ്പിട്ടു. അവിടത്തെ മണ്ണിന്റെ അപരിചിതത്വം ഔസേപ്പിനെ ശ്രദ്ധാലുവാക്കി. ഔസേപ്പിന്റെ ചിരകാല സുഹൃത്താണത്‌. ഔസേപ്പ്‌, മുട്ടുകുത്തി മണ്ണിനെ മൂക്കിനോടടുപ്പിച്ചു.

അപ്പാ... അപ്പാ...ആരോ വിളിച്ചപോലെ ഔസേപ്പിനു തോന്നി. അയാള്‍ ചെവി വട്ടം പിടിച്ചു. അയാളുടെ ചെവി വളരെ പഴകിപ്പോയതായിരുന്നു.മകന്‍ വീണ്ടും വിളിച്ചു. അപ്പന്‍ ഒന്നും കേട്ടില്ല. അവന്റെ ശബ്‌ദത്തില്‍ ഗദ്‌ഗദം നിറഞ്ഞുനിന്നു. കാറ്റായിവന്ന്‌ അവന്‍ അപ്പനെ തൊട്ടു.

അപ്പോഴേക്കും ചേലോക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ഔസേപ്പ്‌ മകനെ ചോദിച്ചു. ചേലോക്കാരന്‍ കൈമലര്‍ത്തി കാട്ടി. ജോണിക്കൂട്ടീടെ മകനെ അടുത്തു വിളിച്ച്‌ മുഖത്ത്‌ തലോടി. നൂറുരൂപേടെ നോട്ട്‌ പോക്കറ്റിലിട്ടുകൊടുത്തു.
`നമുക്കിന്നൊരു തൂമ്പാ വാങ്ങണം.'ചേലോക്കാരന്റെ ഗേറ്റു കടന്നപ്പൊ, ഔസേപ്പ്‌ ചെറുമകനോട്‌ പറഞ്ഞു.`എന്തിനാ അപ്പാപ്പാ?'`നമുക്കിന്നൊരു കൂറ്റന്‍ മതിലു ചാടണം. രാത്രീല്‌. എന്നിട്ടൊരിടം കിളയ്‌ക്കണം. പേടീണ്ടോ?'
`എനിക്ക്‌ പേടീന്നൂല്ല.'വീഴാന്‍ പോയ അപ്പാപ്പനെ അവന്‍ മുറുകെപ്പിടിച്ചു.

അതേസമയം ചേലോക്കാരന്‍ ചില കുണ്‌ഠിതങ്ങളില്‍പ്പെട്ട്‌ നട്ടംതിരിഞ്ഞു. ഒടുവില്‍ തന്റെ വിശ്വസ്‌തരായ രണ്ട്‌ അനുചരരെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു:

``നമ്മള്‌ മുറ്റത്തു കുഴിച്ചിട്ട സാധനമില്ലേ, മുളച്ചു കയറി വന്നാലോ? കാലം മോശമാണേ! അതോണ്ട്‌ തോണ്ടിയെടുത്ത്‌ വല്ല ആറ്റിലോ കൊളത്തിലോ കെട്ടിത്താഴ്‌ത്തിക്കോണം; ഇന്നു രാത്രി തന്നെ.''

Sunday, October 10, 2010

ആല്‍മരങ്ങള്‍


റോഡിന്‌ ഇരുവശവുമായി ഫലവൃക്ഷങ്ങള്‍ വച്ചായിരുന്നു മരംനടീലിന്റെ ഉല്‍ഘാടനം. മേനോന്‍ കുഴിച്ചുവച്ച പത്തെണ്ണവും എന്താണെന്നറിയില്ല, വലുതായപ്പൊ ആല്‍മരങ്ങളായി.ആ വഴി പോകുമ്പോഴെല്ലാം, ആല്‍മരങ്ങള്‍ മേനോനെ നോക്കി കൊമ്പുകള്‍ വീശി. അത്‌ കാണുന്ന വേളയിലെല്ലാം എവിടെ നിന്നാണെന്നറിയില്ല ഒരു ആനന്ദം വന്ന്‌ പഴമൊഴിപോലെ മേനോനെ പൂണ്ടടക്കം പിടിക്കും.

Sunday, October 3, 2010

കാളകൂടം



മേനോനൊരു നല്ലവനാണ്‌. തങ്കപ്പെട്ട സ്വഭാവം. വലിയില്ല, കുടിയില്ല, കുന്നായ്‌മയില്ല, കുശുമ്പില്ല, അധികാര ഗവര്‍വ്‌ തീരെയില്ല.ചെരിപ്പില്ല, വാച്ചില്ല, പൗഡറാല്‍ മുഖം മിനുക്കില്ല - എന്നിങ്ങനെയുള്ള മേനോന്റെ നന്മകളും തറവാട്‌ ഭരണകാലത്തെ നേട്ടങ്ങളും സമാസമം ചാലിച്ചാണ്‌ ചെപ്പേട്‌ തയ്യാറാക്കിയത്‌.തറവാട്‌ അന്യംനിന്നുപോകാം. ജീവജാലങ്ങള്‍ പാടേ നശിച്ചുപോകാം. വീണ്ടുമെന്നെങ്കിലുമൊരിക്കല്‍ മനുഷ്യന്‍ ഭൂമുഖത്ത്‌ പുനര്‍ജനിച്ചെന്നുവരാം. അവര്‍ക്കുവേണ്ടിയാണീ ചെപ്പേട്‌. യുഗങ്ങള്‍ക്ക്‌ ശേഷവും മേനോന്റെ പേര്‌ വാഴ്‌ത്തപ്പെടണം. നന്മകള്‍ പ്രകീര്‍ത്തിക്കപ്പെടണം.


നല്ല ദിവസം നോക്കി, പൂജാവിധികളോടെ തറവാട്ടുപറമ്പില്‍ ചെപ്പേട്‌ കുഴിച്ചിട്ടു. രാത്രി മുതല്‍ ഭൂമിക്കടിയില്‍ നിന്നും അപശബ്‌ദങ്ങള്‍ കേട്ടുതുടങ്ങി. രണ്ടാംനാള്‍ വളപ്പിലെ മരങ്ങള്‍ പട്ട്‌ മണ്ണടിഞ്ഞു. ചെപ്പേടിനെ തോണ്ടിയെടുത്ത്‌ കിണറ്റിലിട്ടു. കിണറ്‌ തുള്ളിയില്ലാതെ വറ്റിപ്പോയി. തോട്ടിലെറിഞ്ഞപ്പോള്‍ മീനുകള്‍ ചത്തുമലച്ചു.


ഒടുവില്‍ ചെപ്പേടിനെ ഉരുക്കി മേനോന്റെ അണ്ണാക്കിലേയ്‌ക്ക്‌ ഒഴിച്ചുകൊടുത്തു. മേനോന്റെ കഴുത്തില്‍ കാളകൂടംപോലത്‌ സ്വസ്‌തി പ്രാപിച്ചു.

Friday, October 1, 2010

ആത്മാഭിമാനം


മേനോന്‍ ജന്മനാ ഒരഭിമാനിയാണ്‌.തൂവെള്ളതോല്‍ക്കും വേഷ്‌ടിയുമണിഞ്ഞ്‌ നിരത്തിലൂടെ ആഗതനായ മേനോനെ, വശംകെട്ടു വന്നൊരു ബസ്‌ ചെളിതെറിപ്പിച്ചു. പിന്നാലെ ടാക്‌സി പിടിച്ച്‌ പുറപ്പെട്ട മേനോന്‍ കുറുകേ കാറ്‌ വട്ടം ചുറ്റിച്ച്‌ നിര്‍ത്തി, ബസില്‍ കയറി കസര്‍ത്ത്‌ കാട്ടി. ഡ്രൈവറെയും തടസ്സംപിടിക്കാന്‍ വന്ന കണ്ടക്‌ടറെയും തെറികൊണ്ട്‌ ചെളിമുക്കിയെടുത്തു. എന്നിട്ടും കലിപ്പ്‌ തീരണില്ലല്ല്‌ ദൈവമേ. ഇറങ്ങീട്ട്‌ ബസ്സിന്‌ പുറകില്‍ കാലുവച്ചൊരു തൊഴികൂടി ചാര്‍ത്തിയപ്പോ സമാധാനമായി.

പാട്ടവണ്ടികൊണ്ട്‌ സെപ്‌റ്റിക്കായ ഡയബറ്റിക്‌ കാലിനെ രക്ഷിച്ചെടുക്കാന്‍ ചെലവായത്‌ 35,000ക. എങ്കിലെന്ത്‌, ആത്മാഭിമാനം തിരികെ പിടിച്ചില്ലെ മേനോന്‍!

Sunday, September 26, 2010

ജീവിതം ഇങ്ങനെയൊക്കെയാണ്


അയ്യോടാ ഇതാരാ വരുന്നേ. കേറിവാ... കേറിവാ... ബൈക്കെടുത്ത്‌ കാര്‍പോര്‍ച്ചിലേയ്‌ക്ക്‌ വച്ചേക്ക്‌. രാവിലെ നല്ല മഴക്കോള്‌ . ഏയ്‌ നീക്കി വച്ചോ. അങ്ങനെ. ഇല്ലേലതിരുന്ന്‌ നനയില്ലേ. കൂടെയുള്ളത്‌? ഞാന്‍ മറന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നു. മറിവി ഇപ്പൊ വല്ലാത്ത മറവി. പ്രായോം ഇത്തിരി ആയേ.അയ്യോടി, നീയിത്‌ കണ്ടില്ലേ. നമ്മുടെ മരുമോന്‍ വന്നത്‌ കണ്ടില്ലേ. നിങ്ങളിതെന്താ ഇരിക്കാനുള്ളത്‌ കൊണ്ടുവന്നില്ലേ? വന്ന കാലീത്തന്നെ നിക്കണത്‌ ? ആ കുഷ്യനുള്ള സീറ്റിലിരിക്കന്നേ. ഞാനിരിക്കാത്തോണ്ടാണോ ഇരിക്കാന്‍ വിഷമം. ഞാനിരുന്നല്ലോ.എടിയേ, രണ്ട്‌ ചായയിങ്ങെടുക്ക്‌. രാവിലെ യാത്ര ചെയ്‌ത ക്ഷീണമുണ്ടാകും കടുപ്പത്തിലായിക്കോട്ടെ. കഴിക്കാനെന്തെങ്കിലും തയ്യാറാക്ക്‌. വേണ്ടാന്ന്‌ പറഞ്ഞാലെങ്ങനാ ശരിയാവ്വ്വ. രാവിലെ ഇറങ്ങിയതല്ലേ ഒന്നും കഴിച്ചു കാണില്ല. കല്യാണത്തിന്‌ ഇനി ഒരാഴ്‌ച്ചേ ഒള്ളേ. ആഹാരം ശരിയായില്ലേ ശരീരം ക്ഷീണിക്കും. എന്റെ മോക്ക്‌ വല്ലാത്ത സങ്കടാവും. എടീ, നീയിങ്ങനെ വാതിക്കല്‌ വാ പിളര്‍ന്ന്‌ നിക്കാതെ അടുക്കളേലേക്ക്‌ ചെന്നേ.അല്ലല്ലേ, മരുമോനേ, നിന്റെ മുഖോന്താ, കടന്നല്‌ കുത്തിയമാതിരി ? എപ്പഴും ചിരി മാത്രോള്ള മൊഖാണല്ലോ. ഓ... ഓ... സംഗതി പിടികിട്ടീത്‌ ഇപ്പോഴല്ലേ. ഞാനൊരു ആനമണ്ടന്‍ തന്നെ. ഒന്നൊള്ളത്‌ പറഞ്ഞാല്‌ നിനക്ക്‌ വിഷമം തോന്നരുത്‌. തോന്നിയാലും പരിഭവമില്ല. പറയേണ്ടത്‌ അപ്പപ്പൊ പറയണം. അതെനിക്ക്‌ നിര്‍ബന്ധാ. മോന്റെ അമ്മയ്‌ക്കും പെങ്ങക്കും മാനേഴ്‌സ്‌ കൊറവാ. ഇന്നലെ അവരിവിടെ വന്നിരുന്നു. മോളെ കണ്ടേ മടങ്ങൂ എന്ന്‌ പറഞ്ഞു. തെറ്റല്ല. അമ്മായിയമ്മയും നാത്തൂനുമാണ്‌. ഒന്ന്‌ വിളിച്ചു പറഞ്ഞിട്ട്‌ അവര്‍ക്കു വരാമായിരുന്നു. അവളെന്നും ആപ്പീസിന്ന്‌ നേരത്തെ വരണതാ. ഇന്നലെ എന്താ പറ്റിയതെന്ന്‌ ഒരെത്തും പിടിയും കിട്ടിയില്ല. ആപ്പീസില്‌ വളിച്ചപ്പൊ അവിടുന്ന്‌ എറങ്ങീട്ടുമുണ്ട്‌. അമ്മാത്ത്‌ന്ന്‌ പുറപ്പെട്ടു ഇല്ലെത്തെത്തീല്ല.- എന്നു പറഞ്ഞ മാതിരി. ഇന്ന്‌ രാവിലെയല്ലേ വിവരമറിയണത്‌. ഇന്നലെയവള്‌ കൃത്യം അഞ്ചു മണിക്കു തന്നെ അപ്പീസിന്നെറങ്ങി. കോട്ടയം ഫാസ്റ്റില്‍ കയറി. എളുപ്പമിങ്ങ്‌ എത്തൂലോന്ന്‌ കരുതി. ബസ്സിലിരിക്കുമ്പോ ഒരു തലക്കറക്കം. പാവം കുട്ടി. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത്‌ അവളറിഞ്ഞതേയില്ല. നോക്കണേ, ദൈവത്തിന്റെ ഒരോ പരീക്ഷണങ്ങള്‌. കൊട്ടാരക്കര കഴിഞ്ഞപ്പോഴാണ്‌ അവള്‍ക്ക്‌ ഓര്‍മ്മ തിരിച്ചു വന്നത്‌. നേരം ഇരുട്ടിയിരിക്കുന്നു.പരിചയമില്ലാത്ത സ്ഥലം. എന്റെ കുട്ടി വല്ലാതെ ഭയന്നു പോയി. ദൂരയാത്ര ചെയ്‌ത്‌ ശീലമില്ലേ. ലോകപരിചയോള്ള കുട്ടിയല്ലല്ലോ. ആകെ പരിഭ്രമമായി. നോക്കണേ ദൈവത്തിന്റെ കാരുണ്യം. ഓഫീസിലെ ഡ്രൈവറുണ്ട്‌ തൊട്ടടുത്ത സീറ്റിലിരിക്കുന്നു. നല്ലൊരു പയ്യന്‍. അവനിവിടെ വന്നിട്ടുണ്ട്‌. അവന്റെ ബന്ധുവീട്‌ കോട്ടയത്തുണ്ട്‌. ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവനവളെ കോട്ടത്തെത്തിച്ചു. രാവിലെ, അവന്‍ വിളിച്ചപ്പോഴല്ലേ വിവരമറിയണത്‌. മോന്റെ രണ്ട്‌ അളിയന്മാരും കൂടി, അവളെ കൂട്ടിക്കൊണ്ട്‌ വരാന്‍ പോയിട്ടുണ്ട്‌. അവളേം കൊണ്ട്‌ അവരിപ്പഴിങ്ങ്‌ എത്തത്തില്യോ. ദാ, ഈ പുട്ടും കടലേം കഴിക്കുമ്പോഴത്തേക്കും അവരിങ്ങ്‌ എത്തും. അല്ല നിങ്ങളിറങ്ങായോ.ചായേങ്കിലും കുടിച്ചിട്ട്‌ പോന്നേ. ദേ, മഴ വീണു തുടങ്ങി. മഴ തീര്‍ന്നിട്ട്‌ പോവാന്നേ. കല്യാണത്തിന്‌ ഈ കുട്ടി പനി പിടിച്ച്‌ കിടക്കൂലോ, ഈശ്വരാ.

Wednesday, September 22, 2010

മഴ, ഉറുമ്പ്‌, മണ്ണിര


ഇടവപ്പാതി തകര്‍ക്കുന്നു. എങ്ങും ജലപ്രദേശങ്ങള്‍, ഭൂമിയുടെ അടരുകളില്‍ നിന്നും ജലം സ്രവിച്ചുകൊണ്ടിരുന്നു. സൂര്യന്‍ മേഘപ്പുതപ്പുകള്‍ തലവഴി വലിച്ചിട്ട്‌ ഉറങ്ങിക്കിടന്നു. അതില്‍ നിന്നും മഴയുടെ വെള്ളിക്കുപ്പായം ഭൂമിയിലേക്കൂര്‍ന്നു വന്നു. ചാണകം മെഴുകിയ ആ വീടിനെ മഴ ശരിക്കും പരീക്ഷിച്ചു കൊണ്ടിരുന്നു. ഓലകളെ കാറ്റ്‌ പീലിപോലെ വിടര്‍ത്തി വച്ചു. വെയിലില്‍ വട്ടവെളിച്ചം വീഴ്‌ത്തുന്ന സുഷിരങ്ങളെ ജലം കണ്ടെടുത്തു. അതിനെ തറ ആദ്യം ഒപ്പിയെടുത്തു. പിന്നെയൊരു ജലവൃത്തം രൂപപ്പെട്ടു. വീട്ടിലേയ്‌ക്കു ചാഞ്ഞുനിന്ന മുരിങ്ങാമരത്തിന്റെ കൊമ്പിനെ കാറ്റടര്‍ത്തി നിലത്തിട്ടു. വാഴകളെ ബലപ്പെടുത്തുന്ന ഊന്നിന്മേല്‍ നിന്നും പറിച്ചു കളയാന്‍ കാറ്റൊരുങ്ങി. വാഴയിലകളെ നൂറായി കീറിവച്ച്‌ ഹാര്‍മോണിയം വായിച്ചു. മഴ കാറ്റിന്റ ദിശയില്‍ നൃത്തം വച്ചു. വീടിന്റെ പുറകില്‍ ചാമ്പല്‍ ചായ്‌പ്പിനടുത്ത്‌, ഒരു പൊത്തിനുള്ളില്‍ ഒരു കൂട്ടംചോനനുറുമ്പുകള്‍ പാര്‍ത്തിരുന്നു. കോഴിക്കൂട്‌ അടുത്തായതിനാല്‍ മഴക്കാലമറിഞ്ഞ്‌ ഉറുമ്പുകള്‍ സുരക്ഷിതസ്ഥാനം തേടി പുറപ്പെട്ടു. അപ്പോഴും കുറച്ചുറുമ്പുകള്‍ പഴയ വാസസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ, പോയവരെയും നോക്കിനിന്ന്‌ നെടുവീര്‍പ്പിട്ടു. മഴക്കാലം അവരെ പരിഭ്രമിപ്പിച്ചു. ?നമ്മുക്കും പോകേണ്ടതായിരുന്നു? ഉറുമ്പിന്‍കൂട്ടത്തില്‍ ഇളപ്പമുള്ള ഒന്നു രണ്ടുപേര്‍ പറഞ്ഞു.?ഭക്ഷണം കഴിച്ചിട്ടിപ്പൊ ദിവസം രണ്ടായി. വെശന്ന്‌ ചത്തുപോകത്തേയുള്ളൂ? കോഴിക്കൂടിരുന്നിടത്തേക്ക്‌ നോക്കി ഒരുത്തന്‍ പരിതപിച്ചു. അവിടെയെല്ലാം മഞ്ഞജലം പരന്നൊഴുകുകയാണ്‌. കൂട്ടിലേക്ക്‌ ഈര്‍പ്പത്തിന്റെ ഭീതി വന്നിരുന്നു. ഒരു നാള്‍ കൂടി മഴ നീണ്ടാല്‍ ഉറുമ്പിന്‍ കൂടിനെ വെള്ളമെടുക്കും. ? കോഴികള്‍ക്കെന്തു സുമമവയിപ്പൊ അടുപ്പിനടുത്ത്‌ ചൂടുകൊണ്ട്‌ കിടക്കുകയാവും.? കുഞ്ഞുറുമ്പ്‌ പറഞ്ഞു. വയസ്സനുറുമ്പ്‌ ഒന്നും പറഞ്ഞില്ല. തണുപ്പ്‌ കൊണ്ടു വിറയ്‌ക്കുകയായിരുന്നു. ഇതുപോലൊരു മഴ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന്‌ വയസ്സന്‍ ഓര്‍ത്തു. ചെറുപ്പക്കാരനുറുമ്പിന്റെ ഒച്ച കേട്ട്‌ എല്ലാവരും ഓടിവന്നു. അവന്‍ മുങ്ങിപോയെന്നാണ്‌ കരുതിയത്‌. അവനൊരു മണ്ണിരയെ പിടികൂടിയതായിരുന്നു. മണ്ണിര നീണ്ട ശരീരത്തെ പിടപ്പിച്ച്‌ അലറിക്കരഞ്ഞു. വിശപ്പിന്റെ വിളിയില്‍ ഉറുമ്പുകള്‍ അതൊന്നും കേട്ടതേയില്ല. അവര്‍ മുതുകത്തും തലയിലും വാലിലും പിടികൂടി കൂട്ടിലേക്ക്‌... ഏലോം... ഐലസാ... ഐലസാ... ഐലസാ... വയസ്സനുറുമ്പ്‌ തണുപ്പില്‍ വിയര്‍ത്തു. അമ്മു വാതില്‍പ്പടിയില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഒരാഴ്‌ചയായി മുറ്റത്തിറങ്ങി കളിക്കാന്‍ പറ്റുന്നില്ല. അതിലുമല്ല അവളുടെ സങ്കടം ചുവപ്പും മഞ്ഞയും കാനച്ചെടികളത്രയും അഴുകിപ്പോയിക്കാണും. റോസാച്ചെടിയിലെ ഒരു പൂവ്‌ മാത്രം ജലത്തിന്‌ മുകളില്‍ തലയുയര്‍ത്തിനിന്ന്‌ അവളെ നോക്കി കരഞ്ഞു.മഴേ... മഴേ... പോ... പോ... മഴേ... മഴേ... പോ... പോ... വെയിലേ... വെയിലേ... വാ... വാ... വെയിലേ... വെയിലേ... വാ... വാ...കാല്‍വിരലിലെന്തോ സ്‌പര്‍ശിച്ചതറിഞ്ഞ്‌ അവള്‍ നിലത്തേയ്‌ക്കു നോക്കി. മണ്ണിരയെയും വഹിച്ചുകൊണ്ടുള്ള ഉറുമ്പുകളുടെ അകമ്പടിയാണ്‌. ? ഇതിനെയൊക്കെ വെള്ളം കൊണ്ടു പോകത്തേയുള്ളൂ...? അവള്‍ പരിതപിച്ചു. ചോനനുറുമ്പിന്റെ കൂടിനെ അവള്‍ക്കറിയാമായിരുന്നു. അമ്മ കാണാതെ ഉറുമ്പുകള്‍ക്ക്‌ അരിയിട്ട്‌ കൊടുക്കാറുള്ളതാണവള്‍.? പാവങ്ങള്‍ രക്ഷപെട്ടോട്ടെ.? കളിവള്ളത്തിലേക്ക്‌ ഉറുമ്പുകളെ പെറുക്കിയെടുക്കുമ്പോള്‍ അവള്‍ വിചാരിച്ചു. വള്ളം വെള്ളത്തിനു മേലെ തെന്നിത്തെന്നി തെങ്ങിന്‍ ചോട്ടിലെ വെള്ളക്കെട്ടിനെ ഒന്നു വലം വച്ച്‌... കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക്‌ ചാടി. അവ മറ്റൊരു കരയിലെത്തി സുഖമായി ജീവിക്കും അവള്‍ സ്വപ്‌നം കണ്ടു. നേരം കറുത്തപ്പോള്‍ അച്ഛന്‍ വന്നു. കൈയ്യില്‍ പിടയ്‌ക്കുന്ന നെടുമീനുകള്‍. അടുപ്പിന്റെ ചോട്ടിലിരുന്ന്‌ അച്ഛന്‍ തണുപ്പകറ്റി. അടുപ്പില്‍ അരി തിളച്ചു. മീനറുക്കുന്നതും കണ്ട്‌ അമ്മു ചായ്‌പ്പില്‍ കുനിഞ്ഞിരുന്നു. ഒരു നെടുമീനിനെ കുറുകെ പിളര്‍ക്കുമ്പോള്‍ അതാ ഒരു മണ്ണിര പിന്നെ കുറെ ഉറുമ്പുകള്‍...

Saturday, September 18, 2010

ആത്മകഥ


മേനോന്‌ ഒരു ദിവസം ഉള്‍വിളിഉണ്ടായി. ആത്മകഥ വിരചിക്കണം. തട്ടും തടവുമില്ലാതെ മനസ്സിലുള്ളതെല്ലാം പകര്‍ത്തിവച്ച്‌നടുനിവര്‍ത്തി.സത്യമേ ഇതിലുള്ളു എന്നത്‌ സമ്മതിച്ചു.പക്ഷേ, തീഹാര്‍ ജയിലിലെ ജയില്‍പ്പുള്ളിയുടേതിനേക്കാള്‍ കെട്ട ജീവിത ദുര്‍ഗന്ധമല്ലേ നിറയേ. സാറിന്റെ നിലയും വിലയും നോക്കണ്ടേ-വായിച്ച വിശ്വസ്‌തന്‍ പറഞ്ഞു.മേനോന്‌ ആധിപെരുത്തു. ആത്മകഥ രചിക്കുമെന്ന്‌ പ്രഖ്യാപിച്ചും പോയി.ഒടുവിലൊന്ന്‌ ഒത്തുകിട്ടി.പഴയൊരു സ്വാതന്ത്ര്യസമര സേനാനിയാല്‍ വിരചിതം. അപ്രകാശിതം.സേനാനിയുടെ പേരിന്റെ സ്ഥാനത്തെല്ലാം മേനോനെ പ്രതിഷ്‌ഠിച്ചു.ഇത്രയും നല്ലൊരു ജീവിതം നയിച്ച മേനോനൊരു സുകൃതി തന്നെ

Wednesday, September 15, 2010

മഹാനുഭാവന്‍




മേനോനൊരു മഹാനുഭാവനാണ്‌.മേനോന്‍ പറഞ്ഞു: സൂര്യനുദിക്കട്ടെ.ഉദിച്ചു.മേനോന്‍ പറഞ്ഞു: സൂര്യന്‍ അസ്‌തമിക്കട്ടെ.അസ്‌തമിച്ചു.നക്ഷത്രങ്ങള്‍ വരട്ടെ; വന്നു.നിലാവ്‌ പൊഴിയട്ടെ; പൊഴിഞ്ഞു.പൂക്കല്‍ വിരിയട്ടെ; വിരിഞ്ഞു.സൂര്യന്‍ ഉദിക്കരുതെന്നും, ഭൂമി കറങ്ങരുതെന്നുംമേനോന്‍ പറഞ്ഞില്ല.അതിനാല്‍ ഇപ്പോഴും സൂര്യന്‍ ഉദിക്കുന്നു, ഭൂമികറങ്ങുന്നു.മേനോനൊരു മഹാനുഭാവനല്ലെന്ന്‌ എങ്ങനെപറയാനാകും.

Sunday, September 12, 2010

സുവിശേഷം



` എന്നെ പുനരുജ്ജീവിപ്പിക്കും:
ഭൂമിയുടെ അഗാധതകളില്‍ നിന്ന്‌
നീ എന്നെ വീണ്ടും പൊക്കിയെടുക്കും`

(സങ്കീര്‍ത്തനം 71 : 20)

മലനാട്ടിലെ പ്രധാന ഹുണ്ടികശാലകളില്‍ നിന്നും നിരവധി എഡിഷനുള്ള പത്രം എഴുത്തുകുത്ത്‌, ഫോട്ടോഫെയ്‌സ്‌ ചെക്കിങ്‌, മുഖദാവില്‍ ചര്‍ച്ച എന്നിവയ്‌ക്കു ശേഷം അയാളെ കണ്ടെടുക്കകയും. ചത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ്‌ തുക കൂടാതെ വലിയൊരു തുക കൂടി നല്‍കുന്നതാണെന്നു വാക്കാലും നീട്ടാലും ഉറപ്പു കൊടുക്കുയും ഭാര്യ, മക്കള്‍, അമ്മ, അച്ഛന്‍, പള്ളീലച്ചന്‍ എന്നിവരെയെല്ലാം ചാരെ നിര്‍ത്തി പടമെടുക്കുകയും അതിനുശേഷം മരങ്ങള്‍ തഴച്ചു വളരുന്ന മലനിരകളിലേയ്‌ക്ക്‌ കൊണ്ടുപോവുകയും, അവനെ തിരഞ്ഞ്‌ രണ്ട്‌ പെണ്ണുങ്ങള്‍ - (ഇവര്‍ അവന്റെ വെപ്പാട്ടികളായിരിക്കും) കഥ വില്‍ക്കണ്ടായോ ചേട്ടാ - എന്നിവരെക്കൂടി പത്രന്‍ ഏര്‍പ്പാട്‌ ചെയ്‌തപ്രകാരം അവരും അവന്റെ മുന്നേ കാനനത്തില്‍ ഗമിക്കുകയും എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ ഒറ്റുകാരന്‍ തന്റെ കര്‍ത്തവ്യം യഥോചിതം ചെയ്യുകയും പോലീസുകാര്‍ക്കൊപ്പം പത്രന്റെ നാല്‌ നക്ഷത്രറിപ്പോര്‍ട്ടര്‍മാര്‍, രണ്ട്‌ സസൂക്ഷമ ഫൊട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ തണുപ്പത്ത്‌ കോച്ചിവലിച്ച്‌്‌, ബീഡി വലിച്ച്‌്‌്‌, പൂച്ചച്ചുവട്‌ വെയ്‌ക്കുകയൂം പൊലീസുകാരെ കാത്ത്‌കാത്ത്‌ മുഷിഞ്ഞ അയാള്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയും, ഒളിച്ചിരുന്ന കൂരയ്‌ക്കകത്തു നിന്നും രണ്ടു പാക്കിസ്ഥാന്‍ നിര്‍മ്മിതനാണയങ്ങള്‍, ചൈനാ നിര്‍മ്മിത പേന, അശ്‌ളീലസാഹിത്യകൃതികള്‍, കട്ടെടുത്ത രണ്ടു കിലോ പച്ചറബ്ബര്‍ ഷീറ്റ്‌ എന്നിവ പിടിച്ചെടുക്കുകയും, അയാള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ ഫൊട്ടോയ്‌ക്ക്‌ു പോസ്‌ ചെയ്യുകയും, അയാളെ പിറ്റേന്ന്‌ നട്ടുച്ചയ്‌ക്ക്‌ നീര്‍ച്ചാലിന്റെ സമീപം വച്ച്‌ നലനരച്ച പൊലീസുകാരന്‍ വെടിവച്ചുകൊല്ലുകയും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ അയാളുടെ ഹൃദയത്തിന്റെ അസാമാന്യവലുപ്പം ചൂണ്ടിക്കാണിച്ച ഡോക്ടര്‍ കാണാതെ ആ അസാധാരണ ഹൃദയത്തെ പൊലീസ്‌ മേധാവി നീര്‍ച്ചാലിലേയ്‌ക്കു വലിച്ചെറിയുകയും ക്യാമറക്കണ്ണുകള്‍ അതെല്ലാം കൃത്യമായി ഒപ്പിയെടുക്കയും നാലു റിപ്പോര്‍ട്ടര്‍മാരും ടണ്‍കണക്കിന്‌ മഷിമുക്കി ആദ്യത്തെ എഡിഷനില്‍ വാര്‍ത്ത കയറാനായി ആഞ്ഞാഞ്ഞാഴെതുകയും വെടിയേറ്റപ്പോള്‍ കര്‍ത്താവിനെ വിളിച്ചു; അന്ത്യകൂദാശ നല്‍കിയത്‌ പൊലീസുകാരന്‍ ഇത്യാദി വാര്‍ത്തകള്‍ എഴുതി ഒരു പെരട്ടു പൊലീസുകാരന്‍ വശം കൊടുത്തയ്‌ക്കുകയും അഞ്ച്‌ വര്‍ഷത്തിനുശേഷം പെന്‍ഷനാവുമ്പോള്‍ വെടിപൊട്ടിച്ച പൊലീസുകാരന്‍ വെളിപ്പെടുത്തേണ്ട കുമ്പസാരത്തിന്റെ ഡ്രാഫ്‌റ്റ്‌ കൂടി തയ്യാറാക്കികൊടുത്തശേഷം പേനയുന്തികളും പടമെടുപ്പുകാരും തിരിച്ച്‌ വന്ന്‌ ക്രിസ്‌ത്യന്‍ സഹോദരന്മാരുടെ കുപ്പിപൊട്ടിച്ച്‌ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ഭാവിയില്‍ എഡിറ്റ്‌ പേജില്‍ നീലക്കുറിഞ്ഞിമലയില്‍ ഉദിച്ച രക്തനക്ഷത്രം എന്ന പരമ്പര മുന്‍കൂറായി കുത്തിവരയ്‌ക്കാന്‍ തുടങ്ങുകയും ചെയ ്‌തപ്പോള്‍, പത്രന ്‌അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീശിയടിക്കാന്‍ പോകുന്ന സ്‌കൂപ്പിനെ ചാളുവ ഒഴുക്കി സ്വപ്‌നം കണ്ടു.

Monday, January 14, 2008

മണ്ണാങ്കട്ടയും കരിയിലയും.


മണ്ണാങ്കട്ടയും കരിയിലയും കാശിക്ക്‌ പോയി. ഇത്തവണ അവര്‍ കാശിയിലെത്തുമെന്ന്‌ കുട്ടി പ്രതീക്ഷിച്ചു. മുന്നനുഭവങ്ങളുടെ പാഠങ്ങളുള്‍ക്കൊണ്ട്‌ മണ്ണാങ്കട്ട കുടയെടുത്തു. കരിയില വടിയെടുത്തു. മഴ വന്നു കുട പിടിച്ചു. കാറ്റു വന്നു വടി പിടിച്ചു. കാറ്റും മഴയും ഒന്നിച്ചു വന്നു. കുടയും വടിയും ഒത്തുപിടിച്ചു.
കാശിയിലെത്തി അഭിമാനം തോന്നി. പാപം തീരാനുള്ള മുങ്ങിക്കുളി കണ്ട്‌ രണ്ടാള്‍ക്കും ഭ്രമമായി.
വടിയും കുടയും മലയാളം ക്‌ളാസ്സിലൊരു കുട്ടിയും അവര്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ചിരുന്നു

Monday, January 7, 2008

അതിര്‍ത്തി പ്രശ്നം


വിശന്നപ്പോള്‍ നീയെനിക്ക്‌ ഭക്ഷണം തന്നു. തണുത്തപ്പോള്‍ വസ്‌ത്രം തന്നു. വീടില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടന്നപ്പോള്‍ സ്ഥലം തന്നു. കെട്ടിടം വയ്‌ക്കാന്‍ കല്ലും മരവും തന്നു. വെള്ളം കോരാന്‍ കൂടെ നിന്നു. ഒക്കെശരി.
പക്ഷെ നീയീക്കാണിച്ച പോക്രിത്തരം ജന്മത്തും ഞാന്‍ മറക്കില്ല. നിന്റെ പുരയിടത്തിനു ചുറ്റും മതിലു കെട്ടുമ്പോ, നിനക്കെന്നോടൊന്ന്‌ പറയാന്‍ മേലായിരുന്നോടാ.

Wednesday, January 2, 2008

ഒരു കത്ത്‌




കത്തുകള്‍ നമ്മുക്കെന്നും ഒരു നൊസ്‌്‌റ്റാള്‍ജിയ ആണ്‌. കത്തുകള്‍ക്കുള്ളിലെ അക്ഷരങ്ങള്‍ സ്‌നേഹാന്വേഷണങ്ങള്‍ കൊണ്ടുവരുന്ന ദേവദൂതന്മാരാണ്‌. വീണ്ടും വീണ്ടും വായിച്ച്‌ നെടുവീര്‍പ്പിട്ട കത്തുകള്‍... അക്ഷരങ്ങള്‍ തെളിഞ്ഞു കിടക്കുന്ന നീലത്തടാകം... സുഹൃത്തേ, താങ്കള്‍ക്കും ലഭിച്ചിരിക്കുമല്ലോ ഉന്മാദമോ, ആഹ്‌ളാദമോ, പൊട്ടിത്തെറിയോ, കണ്ണീരോ സമ്മാനിച്ച ഒരു കത്ത്‌... ഇത്തരം ജീവസ്സുറ്റ നിരവധി കത്തുകള്‍ക്കൊണ്ട്‌ സമ്പന്നമായിരിക്കും ഞങ്ങളുടെ അടുത്തലക്കം വാരിക... താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. കത്ത്‌ ഇന്നു തന്നെ പോസ്‌റ്റ്‌ ചെയ്‌താലും.
കത്ത്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥന യാഹൂ മെയില്‍ഡോട്ട്‌ കോമിലൂ െട കിട്ടി, ഇന്ന്‌്‌്‌.

Monday, December 31, 2007

ഉറക്കമില്ലായ്‌മ

' നല്ലയിനം കഥ കായ്‌ക്കുന്ന ചെടിയാണ്‌ സാര്‍.'
കൗതുകത്തോടെ വിത്ത്‌ വാങ്ങി മുറ്റത്ത്‌ കുഴിച്ചിട്ടു.
ചെടി വളരാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു.
ഉള്ളില്‍ നിന്നും എപ്പോഴുമൊരു വിമ്മല്‍, ഉറക്കമില്ലായ്‌മ ഇത്യാദി.
ഡോക്ടറെ കണ്ടു.
രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി.
പകയോടെ ചെടിയെ വേരോടെ പിഴുത്‌ റോഡിലേക്കൊരേറ്‌.
അപ്പൊത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി.

Wednesday, December 26, 2007

വികസനം




വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Saturday, December 22, 2007

കിണറ്‌




സ്ഥാനം നോക്കിയാണ്‌ കിണറ്‌ കുഴിക്കാന്‍ തുടങ്ങിയത്‌. നന്നായി വെള്ളം കിട്ടുന്ന സ്ഥലമാണ്‌. കുഴിച്ചു ചെന്നപ്പോ പാറ. പാറപൊട്ടിച്ചാല്‍ വെള്ളം കിട്ടുമെന്ന്‌ പണിക്കാര്‌ പറഞ്ഞു.
പാറപൊട്ടിച്ചിട്ടും വെള്ളം മാത്രം കിട്ടിയില്ല.
കിട്ടയത്‌, കുറിച്ചിട്ടി നടത്തീട്ട്‌ മുങ്ങിയ ദിനേശനെയും വീസാത്തട്ടിപ്പ്‌ നടത്തീട്ട്‌ കാണാതായ ജോര്‍ജിനേം.

Wednesday, December 19, 2007

വാണിഭം



പെണ്ണിന്‌ സ്ത്രീധനം കൊടുക്കാനുദ്ദേശിക്കുന്നതെല്ലാം പെണ്ണിന്‍്റെ അപ്പന്‍ കൊണ്ടുനടന്നു കാണിച്ചു . സിറ്റിയിലെ രണ്ടുനില കെട്ടിടം , സൂപ്പര്‍ മാര്‍ക്കെറ്റ് സിറ്റി വിട്ടുള്ള റബ്ബര്‍ എസ്റ്റേറ്റ്‌ . ബാങ്ക് ടെപ്പോസിട്ടും ആഭരണ കണക്കും പറഞ്ഞു അതങ്ങു ഉറപ്പിച്ചു .
തിരിച്ചു പകുതിദൂരം എത്തിയപ്പോ പയ്യന്‍ ഒര്മിചെടുത്തു ദാല്ലളിനോട് പറഞ്ഞു :
ഒരു കാര്യം വിട്ടുപോയി , പെണ്ണിനെ കണ്ടില്ല !

Wednesday, November 28, 2007

ഭക്തി





ഉദ്യോഗത്തില്‍ നിന്നും ആപ്പീസറായി പെന്‍ഷന്‍പറ്റി. ഇനിയെന്ത്‌ ജനസേവനം ചെയ്യുമെന്ന കഠിനമായ ആലോചനയായി. ഒടുവില്‍ കുടുംബവക ക്ഷേത്രം പുരുദ്ധരിക്കാമെന്നു കരുതി.
ഉദ്യോഗത്തില്‍ നിന്നും പത്തു കൊല്ലം മുമ്പേ വിരമിച്ച്‌ ഇതങ്ങ്‌ ചെയ്‌താ മതിയായിരുന്നുവെന്ന്‌ ഇപ്പൊതോന്നുന്നു.

Thursday, November 22, 2007

വികസനം




വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Tuesday, November 13, 2007

ജീവിത സുഗന്ധി


കയറിനെ മരത്തിന്റെ ബലത്ത കൊമ്പില്‍ ബന്ധിച്ച്‌, എതിരറ്റത്തെ കുരുക്കാക്കി മുറുക്കി. ഇനി കയറിനെ തിരിച്ചു പിടിച്ചതായി സങ്കല്‍പ്പിച്ചാല്‍, അതൊരു ചോദ്യചിഹ്നമാവുകയും ഇതേ രീതിയില്‍ നിരൂപിച്ചാല്‍ ഒരാശ്ചര്യചിഹ്നമാവുകയും ചെയ്യും. കുരുക്കിനെ മുറുക്കി, താഴേക്ക്‌ വലിച്ച്‌ ബലപരിശോധന നടത്തി. കഴുത്തിനെ ഉത്തര രൂപത്തിന്റെ ഉള്ളില്‍ കടത്തുകയാണിനി വേണ്ടത്‌. കയറിന്റെ ബലമളക്കുമ്പോഴാണ്‌ മരം പൂക്കള്‍ പൊഴിക്കാന്‍ തുടങ്ങിയത്‌. മഴപോലെ പൂവുകള്‍... പൂവുകള്‍... കൈവെള്ളയിലായിപ്പോയപൂവിനെ മണത്തുനോക്കി.
മൂക്കിന്റെ ഇരുണ്ട ഗുഹയ്‌ക്കുള്ളിലേയ്‌ക്കു ജീവിതത്തിന്റെ സുഗന്ധപ്രയാണം...
കുരുക്കിനുള്ളില്‍ കൈകടത്തി പഴയൊരു പാട്ടും പാടി, അവന്‍ ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമപ്പോഴും പൂവുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...

Wednesday, November 7, 2007

കപടസ്‌നേഹിതാ





ഇന്നലെ വീണ്ടും പഴയ സുഹൃത്ത്‌്‌ ചിരിച്ചു ചിരിച്ചു കയറിവന്നു. ചിരി വിടാതെ അവന്‍ പഴയ സന്ദര്‍ശനത്തിന്‍ പറഞ്ഞവ ആവര്‍ത്തിച്ചു.
' നിന്നെ ചേര്‍ത്തിട്ട്‌ എനിക്കൊന്നും നേടാനല്ല, നിന്റെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ എനിക്ക്‌ സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന്‌ കൂട്ടിയാമതി. നീ മുടക്കേണ്ടത്‌ വെറും ഇരുന്നൂറ്റന്‍പത്‌ രൂപ. നീ പത്തു പേരെ ചേര്‍ക്കുക. അവര്‍ ഓരോരുത്തരും... പിന്നെ ... ലക്ഷങ്ങളാ മാസത്തില്‍ വരവ്‌.'
ലഭിച്ച ചെക്കുകളുടെ ഫോട്ടോ കോപ്പി കാട്ടി അവന്‍ പ്രലോഭിപ്പിച്ചു.
ഇതിലൊരു അവസാനത്തെ ആളുണ്ടാകില്ലേ? അവനെന്തു കിട്ടും?
ഞാന്‍ ന്യായമായ സംശയം ഉന്നയിച്ചു. അവനത്‌ തീരെ സഹിച്ചില്ല.
' ചുമ്മാതാണോ നീ നന്നാകാത്തത്‌. നിനക്ക്‌ നി്‌ന്റെ കാര്യം നോക്കിയാപ്പോരെ? നീ ഒരു കാലത്തും ഗുണം പിടിക്കില്ല.'സുഹത്ത്‌ ചിരിമടക്കി പടി കടന്നു.
മരുന്നിന്‌ കാശില്ല. പെട്ടെന്നോര്‍ത്തത്‌ സുഹൃത്തിനെ.
' അഞ്ചൂറ്‌ രൂപ വേണം, മകന്‍ അത്യാസന്ന നിലയില്‍.'
സുഹൃത്ത്‌്‌്‌ പറഞ്ഞു: ' കാശൊന്നുമില്ല.'
പോക്കറ്റിലേയ്‌ക്ക്‌്‌ കൈയ്യിട്ട്‌ പത്തുരൂപ കാട്ടി.
' വണ്ടിക്കൂലിക്കുള്ള കാശല്ലാതെ...'
മകന്റെ ശവത്തെങ്ങും കഴിഞ്ഞ്‌ സുഹൃത്ത്‌ പോയിക്കഴിഞ്ഞു.

Monday, October 29, 2007

ഗൃഹാതുരം




വീട്‌ അപരിചത മുഖത്തോടെ എന്നെ തുറിച്ച്‌ നോക്കി, ഞാനതിനെയും.
ഓട്‌ മാറി ടെറസ്സായി. കോട്ടപോലെ വലിയ മതില്‍ ചുറ്റിലും.
ഗേറ്റിനെ കരയിപ്പിച്ചു. വീട്ടമ്മ ജനാലയിലൂടെ സംശയിച്ചു.
ഞാനവരോട്‌ വിശദീകരിച്ചു :
ജനിച്ചു വളര്‍ന്ന വീടിവിടായിരുന്നു. പത്തിരുപത്‌ വര്‍ഷമായി ദൂരെ പട്ടണത്തില്‍. ഇങ്ങോട്ട്‌ വന്നിട്ട്‌ തന്നെ ഏഴെട്ട്‌ വര്‍ഷമായി. ഒരു വിവാഹത്തിന്‌ കൂടാന്‍ വന്നതാണ്‌. ഇവിടമൊന്ന്‌ കാണണമെന്ന്‌ തോന്നി. ഇനിയെന്നെങ്കിലും വരാന്‍ കഴിയുമോ എന്നുതന്നെ അറിയില്ല.
വീടിനു ചുറ്റും കണ്ണു തുറന്നു നടന്നു. നിരാശ തോന്നി. ഓര്‍മ്മകളെ ഉണര്‍ത്തുന്ന ഒന്നുമില്ല. ഒന്നും. എല്ലാം മാറ്റപ്പെട്ടിരിക്കുന്നു. നിരാശനായി തിരഞ്ഞു നടക്കവേ, റോസാച്ചെടി ഷര്‍ട്ടിന്റെ കയ്യില്‍ പിടിച്ചു നിര്‍ത്തി.
മറന്നോ എന്നെ?
റോസാച്ചെടി മൃദുശബ്ദത്തില്‍ ചോദിക്കുന്നു.
കരിഞ്ഞു തീരാറായ ഒന്ന്‌.
അതിന്റെ കമ്പൊടിക്കുമ്പോള്‍ വീട്ടമ്മ ഉപദേശിച്ചു:
ഞങ്ങളിവിടം വാങ്ങുമ്പഴേ ഉള്ളതാ. ഇന്നോളം പൂത്തിട്ടില്ല. നിങ്ങളത്‌ ചുമക്കുന്നത്‌ വെറുതെ.
ആ ചെടിയാണീ പൂവിട്ട്‌ നില്‍ക്കുന്നത്‌! അതിനാണ്‌ മണമൊന്നുമില്ലെന്ന്‌ മകള്‍ പറയുന്നത്‌!
മൂക്കിനെ ഞാനൊന്നുണര്‍ത്തുന്നു.
ഉണ്ടല്ലോ പഴയ ചില ഗന്ധങ്ങള്‍ - പുതുനെല്ലിന്റെ, രാസ്‌നാദിപ്പൊടിയുടെ, ചാണകത്തിന്റെ, ഉമിക്കരിയുടെ...
അതെന്നെ വന്ന്‌ പൊതിയുന്നല്ലോ.

Friday, October 26, 2007

പ്രവൃത്തി - തൃപ്തി


അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നൂറു രൂപയുടെ നോട്ട് ഇട്ടുകൊടുക്കുമ്പോള്‍ അവന്റെ മുഖത്ത് വിരിയുന്ന സന്തോഷം കാണുമ്പോള്‍ നല്ലൊരു പ്രവൃത്തി ചെയ്യാനായി എന്ന തോന്നലുണ്ടാകും .
അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ ഇട്ടുകൊടുത്തത് നൂറു രൂപയുടെ മാറാത്ത കള്ളനോട്ടാണ് എന്നത് തരുന്നത് സംതൃപ്തി .

Monday, October 22, 2007

കല്ലും മരവും



മഴക്കാലം കഴിഞ്ഞപ്പോള്‍ കല്ലിനടിയില്‍ കിടന്ന് ഒരു വിത്ത് നിലവിളിച്ചു.

ഒന്ന് മാറിത്തായോ, എനിക്ക് ശ്വാസം മുട്ടുന്നേ. കല്ല് കല്ലുപോലെ ഇരുന്നു.

കല്ലിനെ വളഞ്ഞ് വിത്തിന്റെ കുരുപ്പ് പൊട്ടി. മൂക്ക്‌ കണ്ണട പോലുള്ള ഇലകള്‍ പിടിച്ച് അത് കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും നോക്കി.

ചെടി വളര്‍ന്നു മരമായി, ഭൂമിക്ക് തണലായി, കിളികള്‍ക്ക്‌ കൂടായി, കാറ്റിന് ചിറകായി.

ഒരു ദിവസം മരം ചോദിച്ചു : " എടാ കല്ലേ, എടാ പുല്ലേ, നീ എത്ര നോക്കി ഞാന്‍ വളരാതിരിക്കാന്‍. എന്നിട്ടെന്തായി? "

അപ്പോള്‍ കല്ല് ഉളുപ്പില്ലാതെ പറഞ്ഞു : " എന്റെ വളമില്ലങ്കില്‍ കാണാമായിരുന്നു."

Sunday, October 14, 2007

സൗഹൃദം

കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ചുംബിച്ചു. മദ്യപിച്ചു. കടല്‍ത്തീരത്ത്‌ നടന്നു. ബാല്യകാലത്തെ അനുസ്‌മരിച്ചു. ഞാനെറിഞ്ഞ കല്ലുകൊണ്ടു മുറിഞ്ഞ നെറ്റിയിലെ തഴമ്പ്‌ കാണിച്ചു. ഇത്‌ നിന്റെ മേലുള്ള ചിരകാല സ്‌മരണയാണെന്നു പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കരച്ചില്‍ വന്നു. പിരിഞ്ഞ്‌ പിന്‍തിരിയുമ്പോള്‍ സമയം കളയാതെ ഇടപാടുകാരനെ ഒച്ചതാഴ്‌ത്തി വിളിച്ചു. നിങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെതന്നെ അവനെ അയച്ചിട്ടുണ്ട്‌. ഇവനെ കയ്യീക്കിട്ടാനായി നിങ്ങളെത്രയോ നാളായി കഷ്ടപ്പെടുകയാണ്‌. ഉത്തരവാദിത്വത്തോടെ ഞാനെന്റെ ജോലി ചെയ്‌തിട്ടുണ്ട്‌. പറഞ്ഞുറപ്പിച്ചതീന്ന്‌ ചില്ലിക്കാശും കുറയ്‌ക്കരുത്‌.
സൗഹൃദത്തിന്‌ ഇക്കാലത്ത്‌ വിലയില്ലെന്ന്‌ പറഞ്ഞത്‌ ഏവനടാ തെണ്ടീ?

ദുരവസ്ഥ


നാട്ടിലെ പട്ടിണി കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാണ്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഞാന്‍ ഭക്ഷണം കഴിക്കുന്നത്‌.
നിരത്തിലെ നിലവിളി കേള്‍ക്കാന്‍ കരളുറപ്പില്ലാത്തതിനാലാണ്‌ ഞാന്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത്‌.
അത്രയും തൊഴില്‍ കൂടുമല്ലോ എന്നു കരുതീട്ടാണ്‌ നിങ്ങളീ പറയുന്ന കൂറ്റന്‍ മാളിക പണിതത്‌.
കൂലിപ്പണിക്കാരോടുള്ള ബഹുമാനം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞാനവരുമായി ഇടപഴകാത്തത്‌.
ഇത്രയും മനസ്സു തുറന്നിട്ടും നിങ്ങളെന്നെ സംശയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കു മനസ്സിലാകുന്നില്ല.

Monday, August 20, 2007

ഇറച്ചിക്കോഴി

ഇറച്ചിക്കോഴിക്കച്ചവടക്കാരന്റെ വീട്ടിലെ വളര്‍ത്തുകോഴി ഇറച്ചിക്കോഴി കൂട്ടിനകത്തേക്ക്‌ എത്തിനോക്കി. തടിച്ചു വെളുത്ത മുട്ടന്‍ കോഴികള്‍. തന്നെത്തന്നെ നോക്കിനിന്ന ഇറച്ചിക്കോഴിയോട്‌ വളര്‍ത്തുകോഴി പരിഭവം പറഞ്ഞു.എനിക്ക്‌ വല്ലോം കിട്ടണോങ്കി വീട്ടമ്മ കനിയണം. ഇല്ലെങ്കി പറമ്പിലെ പുഴൂനേം പാറ്റേനേം പിടിക്കണം. നിങ്ങക്കിവിടെ കുശാല്‌ തന്നെ. ചുമ്മാതല്ല വെളുത്ത്‌ തടിച്ചിരിക്കുന്നത്‌. നൂറുകിലോ ഇറച്ചിക്കുള്ള ഓഡര്‍ രാവിലെ കിട്ടിയതു മുതല്‍ ഇറച്ചിക്കോഴി ജലപാനം കഴിച്ചിട്ടില്ല. പേടികൊണ്ട്‌ അതിന്റെ തൂവലുകള്‍ കൊഴിഞ്ഞു. അതിലൊന്ന്‌ സമ്മാനിച്ച്‌ ഇറച്ചിക്കോഴി പറഞ്ഞു: എന്റെ ഓര്‍മ്മയ്‌ക്ക്‌.പെട്ടെന്ന്‌ കച്ചവടക്കാരന്‍ അകത്തു വന്നു. വ്യസനപ്പെട്ടിരിക്കുന്ന കോഴിയെ തൂക്കിയെടുക്കുമ്പോള്‍ അത്‌ കരയാന്‍ പാടുപെട്ടു. ത്രാസിന്റെ കനിവില്‍, ഇറച്ചിക്കോഴി വീണ്ടും കൂട്ടിനകത്ത്‌ വന്നു. 'നീയെന്തിനാ നിലവിളിച്ചത്‌?''ദിവാസ്വപ്‌നം കണ്ടതാ' - ഇറച്ചിക്കോഴി പറഞ്ഞൊപ്പിച്ചു. അതിന്റെ വിറയല്‍ അടങ്ങിയിരുന്നില്ല. ' ഓ, എനിക്കും ദിവാസ്വപ്‌നം കാണാന്‍ വലിയ ഇഷ്ടവാ. ഈയിടെയൊന്നും പക്ഷെ കാണാറേയില്ല. നിന്റെയൊരു ഭാഗ്യമേ!' വളര്‍ത്തുകോഴി പോകുന്ന പോക്കില്‍ ഇറച്ചിക്കോഴിയുടെ സമ്മാനത്തൂവലിനെ പുച്ഛത്തോടെ വലിച്ചെറിഞ്ഞു കളഞ്ഞു.

നാടകമേ ഉലകം

പത്താം ക്‌ളാസ്‌ തോറ്റപ്പോള്‍ കൊത്തപ്പണിക്ക്‌ പോയി. മേലനങ്ങി പണിയണം. മേശിരിയൊരു മൊരടന്‍.
വെറുത്ത്‌, ആയാസരഹിതമായ ജോലിയിലേയ്‌ക്ക്‌ ചുവടുമാറ്റി. നിയന്ത്രിക്കാനാരുമില്ല. പക്ഷെ, ഉറക്കമൊഴിയണം. പോലീസിന്റെ കയ്യിപ്പെട്ടാ നരകം. പിടിക്കുമെന്നായപ്പോ നാടുവിട്ടു.
വര്‍ഷങ്ങള്‍ താടിയെയും മുടിയെയും നീട്ടി വെളുപ്പിച്ചു. കാഷായവേഷം കെട്ടി തിരികെ വന്നു. തല്ലാനോടിച്ച നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ഇരിപ്പിടം സജ്ജമാക്കി. ഇപ്പൊ സുഖവഴി. ദര്‍ശനം നല്‍കാന്‍ കൂടി സമയമില്ല.
പിടിക്കാന്‍ ഓടിച്ചൊരു ഏമാന്നാണ്‌ ക്യൂവിന്റെ ഇടയ്‌ക്ക്‌ വെയിലത്ത്‌ നിന്ന്‌ ഞെരിവട്ടം കൊള്ളുന്നത്‌. രാവിലെയുള്ള നില്‍പ്പാണേ, അയാള്‍ക്ക്‌ തൊട്ടുമുമ്പ്‌ ദര്‍ശനം നിര്‍ത്തിവച്ചു. ബാക്കിയുള്ളവര്‍ക്കിനി അടുത്ത ദിവസം.
ഇത്തരം ചെറിയ പ്രതികാരങ്ങളില്ലെങ്കില്‍ പിന്നെന്ത്‌ ആത്മീയ ജീവിത സുഖം?.

ഫ്‌ളാഷ്‌


തന്റെ മരണവാര്‍ത്ത സ്വന്തം ചാനലില്‍ മിന്നമറയുന്നതു കണ്ട്‌ എം. ഡി. ഞെട്ടി. ശവസംസ്‌കാരം രാവിലെ 11 നെന്നു കൂടി പഹയന്മാര്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലിന്റെ ചീഫ്‌ ലൈവായി ചര്‍ച്ചിക്കുന്നതിന്‌ താഴെയാണീ പരാക്രമം. ലൈവൊടുങ്ങി. ഉടന്‍ ചീഫിനെ വിളിച്ച്‌ രണ്ട്‌ പച്ചത്തെറിയങ്ങ്‌ അടത്തിട്ടു. നിനക്കെന്താടാ ഞാന്‍ ചത്തുകാണാനിത്ര താല്‍പര്യം?. നിനക്കൊന്ന്‌ അന്വേഷിക്കാന്‍ മേലായിരുന്നോ, ഫ്‌ളാഷടിച്ച്‌ വിടണേന്ന്‌ മുമ്പ്‌?. ദേ, ഇത്‌ കണ്ടിട്ട്‌ ബാക്കിയുള്ളോന്മാരും എഴുതിക്കാണിച്ചു തുടങ്ങി - ഞാന്‍ ചത്തു മണ്ണടഞ്ഞെന്ന്‌.
ചാനല്‍ ചീഫ്‌ കാര്യം വിശദീകരിച്ചു:സാറ്‌ നമ്മുടെ ചാനലിന്റേ എം.ഡി.യാണെന്ന്‌ ഓര്‍ക്കണം. മറ്റേവനെങ്കിലും ഈ വാര്‍ത്ത ഫ്‌ളാഷാക്കിയെന്ന്‌ വച്ചോ; സാറ്‌ തട്ടിപ്പോയിരുന്നെങ്കില്‍ ചാനലിന്റെ ചീഫ്‌ എന്നു പറഞ്ഞ്‌ ഞാന്‍ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ?. അതല്ലേ ആക്‌സിഡന്റെന്ന്‌ കേട്ടയുടന്‍ നമ്മളെടുത്തങ്ങ്‌ വീശിയത്‌. ഇനീപ്പം മരിച്ചില്ലാന്നും പറഞ്ഞൊരു ഫ്‌ളാഷ്ടിക്കാം. എങ്ങനെയുണ്ടെന്റെ പ്രൊഫഷണലിസം?.
താനാണ്‌ അപരാധം ചെയ്‌തതെന്ന്‌ ബോധ്യമായതോടെ എം. ഡി. മനസ്സിലൊരു സോറി പറഞ്ഞ്‌, ഒടിഞ്ഞ കൈ കൊണ്ട്‌ ഫോണ്‍ കട്ട്‌ ചെയ്‌തു.