Pages

Sunday, October 10, 2010

ആല്‍മരങ്ങള്‍


റോഡിന്‌ ഇരുവശവുമായി ഫലവൃക്ഷങ്ങള്‍ വച്ചായിരുന്നു മരംനടീലിന്റെ ഉല്‍ഘാടനം. മേനോന്‍ കുഴിച്ചുവച്ച പത്തെണ്ണവും എന്താണെന്നറിയില്ല, വലുതായപ്പൊ ആല്‍മരങ്ങളായി.ആ വഴി പോകുമ്പോഴെല്ലാം, ആല്‍മരങ്ങള്‍ മേനോനെ നോക്കി കൊമ്പുകള്‍ വീശി. അത്‌ കാണുന്ന വേളയിലെല്ലാം എവിടെ നിന്നാണെന്നറിയില്ല ഒരു ആനന്ദം വന്ന്‌ പഴമൊഴിപോലെ മേനോനെ പൂണ്ടടക്കം പിടിക്കും.

Sunday, October 3, 2010

കാളകൂടം



മേനോനൊരു നല്ലവനാണ്‌. തങ്കപ്പെട്ട സ്വഭാവം. വലിയില്ല, കുടിയില്ല, കുന്നായ്‌മയില്ല, കുശുമ്പില്ല, അധികാര ഗവര്‍വ്‌ തീരെയില്ല.ചെരിപ്പില്ല, വാച്ചില്ല, പൗഡറാല്‍ മുഖം മിനുക്കില്ല - എന്നിങ്ങനെയുള്ള മേനോന്റെ നന്മകളും തറവാട്‌ ഭരണകാലത്തെ നേട്ടങ്ങളും സമാസമം ചാലിച്ചാണ്‌ ചെപ്പേട്‌ തയ്യാറാക്കിയത്‌.തറവാട്‌ അന്യംനിന്നുപോകാം. ജീവജാലങ്ങള്‍ പാടേ നശിച്ചുപോകാം. വീണ്ടുമെന്നെങ്കിലുമൊരിക്കല്‍ മനുഷ്യന്‍ ഭൂമുഖത്ത്‌ പുനര്‍ജനിച്ചെന്നുവരാം. അവര്‍ക്കുവേണ്ടിയാണീ ചെപ്പേട്‌. യുഗങ്ങള്‍ക്ക്‌ ശേഷവും മേനോന്റെ പേര്‌ വാഴ്‌ത്തപ്പെടണം. നന്മകള്‍ പ്രകീര്‍ത്തിക്കപ്പെടണം.


നല്ല ദിവസം നോക്കി, പൂജാവിധികളോടെ തറവാട്ടുപറമ്പില്‍ ചെപ്പേട്‌ കുഴിച്ചിട്ടു. രാത്രി മുതല്‍ ഭൂമിക്കടിയില്‍ നിന്നും അപശബ്‌ദങ്ങള്‍ കേട്ടുതുടങ്ങി. രണ്ടാംനാള്‍ വളപ്പിലെ മരങ്ങള്‍ പട്ട്‌ മണ്ണടിഞ്ഞു. ചെപ്പേടിനെ തോണ്ടിയെടുത്ത്‌ കിണറ്റിലിട്ടു. കിണറ്‌ തുള്ളിയില്ലാതെ വറ്റിപ്പോയി. തോട്ടിലെറിഞ്ഞപ്പോള്‍ മീനുകള്‍ ചത്തുമലച്ചു.


ഒടുവില്‍ ചെപ്പേടിനെ ഉരുക്കി മേനോന്റെ അണ്ണാക്കിലേയ്‌ക്ക്‌ ഒഴിച്ചുകൊടുത്തു. മേനോന്റെ കഴുത്തില്‍ കാളകൂടംപോലത്‌ സ്വസ്‌തി പ്രാപിച്ചു.

Friday, October 1, 2010

ആത്മാഭിമാനം


മേനോന്‍ ജന്മനാ ഒരഭിമാനിയാണ്‌.തൂവെള്ളതോല്‍ക്കും വേഷ്‌ടിയുമണിഞ്ഞ്‌ നിരത്തിലൂടെ ആഗതനായ മേനോനെ, വശംകെട്ടു വന്നൊരു ബസ്‌ ചെളിതെറിപ്പിച്ചു. പിന്നാലെ ടാക്‌സി പിടിച്ച്‌ പുറപ്പെട്ട മേനോന്‍ കുറുകേ കാറ്‌ വട്ടം ചുറ്റിച്ച്‌ നിര്‍ത്തി, ബസില്‍ കയറി കസര്‍ത്ത്‌ കാട്ടി. ഡ്രൈവറെയും തടസ്സംപിടിക്കാന്‍ വന്ന കണ്ടക്‌ടറെയും തെറികൊണ്ട്‌ ചെളിമുക്കിയെടുത്തു. എന്നിട്ടും കലിപ്പ്‌ തീരണില്ലല്ല്‌ ദൈവമേ. ഇറങ്ങീട്ട്‌ ബസ്സിന്‌ പുറകില്‍ കാലുവച്ചൊരു തൊഴികൂടി ചാര്‍ത്തിയപ്പോ സമാധാനമായി.

പാട്ടവണ്ടികൊണ്ട്‌ സെപ്‌റ്റിക്കായ ഡയബറ്റിക്‌ കാലിനെ രക്ഷിച്ചെടുക്കാന്‍ ചെലവായത്‌ 35,000ക. എങ്കിലെന്ത്‌, ആത്മാഭിമാനം തിരികെ പിടിച്ചില്ലെ മേനോന്‍!