Pages

Showing posts with label മേനോന്‍ കഥകള്‍. Show all posts
Showing posts with label മേനോന്‍ കഥകള്‍. Show all posts

Sunday, October 10, 2010

ആല്‍മരങ്ങള്‍


റോഡിന്‌ ഇരുവശവുമായി ഫലവൃക്ഷങ്ങള്‍ വച്ചായിരുന്നു മരംനടീലിന്റെ ഉല്‍ഘാടനം. മേനോന്‍ കുഴിച്ചുവച്ച പത്തെണ്ണവും എന്താണെന്നറിയില്ല, വലുതായപ്പൊ ആല്‍മരങ്ങളായി.ആ വഴി പോകുമ്പോഴെല്ലാം, ആല്‍മരങ്ങള്‍ മേനോനെ നോക്കി കൊമ്പുകള്‍ വീശി. അത്‌ കാണുന്ന വേളയിലെല്ലാം എവിടെ നിന്നാണെന്നറിയില്ല ഒരു ആനന്ദം വന്ന്‌ പഴമൊഴിപോലെ മേനോനെ പൂണ്ടടക്കം പിടിക്കും.

Sunday, October 3, 2010

കാളകൂടം



മേനോനൊരു നല്ലവനാണ്‌. തങ്കപ്പെട്ട സ്വഭാവം. വലിയില്ല, കുടിയില്ല, കുന്നായ്‌മയില്ല, കുശുമ്പില്ല, അധികാര ഗവര്‍വ്‌ തീരെയില്ല.ചെരിപ്പില്ല, വാച്ചില്ല, പൗഡറാല്‍ മുഖം മിനുക്കില്ല - എന്നിങ്ങനെയുള്ള മേനോന്റെ നന്മകളും തറവാട്‌ ഭരണകാലത്തെ നേട്ടങ്ങളും സമാസമം ചാലിച്ചാണ്‌ ചെപ്പേട്‌ തയ്യാറാക്കിയത്‌.തറവാട്‌ അന്യംനിന്നുപോകാം. ജീവജാലങ്ങള്‍ പാടേ നശിച്ചുപോകാം. വീണ്ടുമെന്നെങ്കിലുമൊരിക്കല്‍ മനുഷ്യന്‍ ഭൂമുഖത്ത്‌ പുനര്‍ജനിച്ചെന്നുവരാം. അവര്‍ക്കുവേണ്ടിയാണീ ചെപ്പേട്‌. യുഗങ്ങള്‍ക്ക്‌ ശേഷവും മേനോന്റെ പേര്‌ വാഴ്‌ത്തപ്പെടണം. നന്മകള്‍ പ്രകീര്‍ത്തിക്കപ്പെടണം.


നല്ല ദിവസം നോക്കി, പൂജാവിധികളോടെ തറവാട്ടുപറമ്പില്‍ ചെപ്പേട്‌ കുഴിച്ചിട്ടു. രാത്രി മുതല്‍ ഭൂമിക്കടിയില്‍ നിന്നും അപശബ്‌ദങ്ങള്‍ കേട്ടുതുടങ്ങി. രണ്ടാംനാള്‍ വളപ്പിലെ മരങ്ങള്‍ പട്ട്‌ മണ്ണടിഞ്ഞു. ചെപ്പേടിനെ തോണ്ടിയെടുത്ത്‌ കിണറ്റിലിട്ടു. കിണറ്‌ തുള്ളിയില്ലാതെ വറ്റിപ്പോയി. തോട്ടിലെറിഞ്ഞപ്പോള്‍ മീനുകള്‍ ചത്തുമലച്ചു.


ഒടുവില്‍ ചെപ്പേടിനെ ഉരുക്കി മേനോന്റെ അണ്ണാക്കിലേയ്‌ക്ക്‌ ഒഴിച്ചുകൊടുത്തു. മേനോന്റെ കഴുത്തില്‍ കാളകൂടംപോലത്‌ സ്വസ്‌തി പ്രാപിച്ചു.

Friday, October 1, 2010

ആത്മാഭിമാനം


മേനോന്‍ ജന്മനാ ഒരഭിമാനിയാണ്‌.തൂവെള്ളതോല്‍ക്കും വേഷ്‌ടിയുമണിഞ്ഞ്‌ നിരത്തിലൂടെ ആഗതനായ മേനോനെ, വശംകെട്ടു വന്നൊരു ബസ്‌ ചെളിതെറിപ്പിച്ചു. പിന്നാലെ ടാക്‌സി പിടിച്ച്‌ പുറപ്പെട്ട മേനോന്‍ കുറുകേ കാറ്‌ വട്ടം ചുറ്റിച്ച്‌ നിര്‍ത്തി, ബസില്‍ കയറി കസര്‍ത്ത്‌ കാട്ടി. ഡ്രൈവറെയും തടസ്സംപിടിക്കാന്‍ വന്ന കണ്ടക്‌ടറെയും തെറികൊണ്ട്‌ ചെളിമുക്കിയെടുത്തു. എന്നിട്ടും കലിപ്പ്‌ തീരണില്ലല്ല്‌ ദൈവമേ. ഇറങ്ങീട്ട്‌ ബസ്സിന്‌ പുറകില്‍ കാലുവച്ചൊരു തൊഴികൂടി ചാര്‍ത്തിയപ്പോ സമാധാനമായി.

പാട്ടവണ്ടികൊണ്ട്‌ സെപ്‌റ്റിക്കായ ഡയബറ്റിക്‌ കാലിനെ രക്ഷിച്ചെടുക്കാന്‍ ചെലവായത്‌ 35,000ക. എങ്കിലെന്ത്‌, ആത്മാഭിമാനം തിരികെ പിടിച്ചില്ലെ മേനോന്‍!

Saturday, September 18, 2010

ആത്മകഥ


മേനോന്‌ ഒരു ദിവസം ഉള്‍വിളിഉണ്ടായി. ആത്മകഥ വിരചിക്കണം. തട്ടും തടവുമില്ലാതെ മനസ്സിലുള്ളതെല്ലാം പകര്‍ത്തിവച്ച്‌നടുനിവര്‍ത്തി.സത്യമേ ഇതിലുള്ളു എന്നത്‌ സമ്മതിച്ചു.പക്ഷേ, തീഹാര്‍ ജയിലിലെ ജയില്‍പ്പുള്ളിയുടേതിനേക്കാള്‍ കെട്ട ജീവിത ദുര്‍ഗന്ധമല്ലേ നിറയേ. സാറിന്റെ നിലയും വിലയും നോക്കണ്ടേ-വായിച്ച വിശ്വസ്‌തന്‍ പറഞ്ഞു.മേനോന്‌ ആധിപെരുത്തു. ആത്മകഥ രചിക്കുമെന്ന്‌ പ്രഖ്യാപിച്ചും പോയി.ഒടുവിലൊന്ന്‌ ഒത്തുകിട്ടി.പഴയൊരു സ്വാതന്ത്ര്യസമര സേനാനിയാല്‍ വിരചിതം. അപ്രകാശിതം.സേനാനിയുടെ പേരിന്റെ സ്ഥാനത്തെല്ലാം മേനോനെ പ്രതിഷ്‌ഠിച്ചു.ഇത്രയും നല്ലൊരു ജീവിതം നയിച്ച മേനോനൊരു സുകൃതി തന്നെ

Wednesday, September 15, 2010

മഹാനുഭാവന്‍




മേനോനൊരു മഹാനുഭാവനാണ്‌.മേനോന്‍ പറഞ്ഞു: സൂര്യനുദിക്കട്ടെ.ഉദിച്ചു.മേനോന്‍ പറഞ്ഞു: സൂര്യന്‍ അസ്‌തമിക്കട്ടെ.അസ്‌തമിച്ചു.നക്ഷത്രങ്ങള്‍ വരട്ടെ; വന്നു.നിലാവ്‌ പൊഴിയട്ടെ; പൊഴിഞ്ഞു.പൂക്കല്‍ വിരിയട്ടെ; വിരിഞ്ഞു.സൂര്യന്‍ ഉദിക്കരുതെന്നും, ഭൂമി കറങ്ങരുതെന്നുംമേനോന്‍ പറഞ്ഞില്ല.അതിനാല്‍ ഇപ്പോഴും സൂര്യന്‍ ഉദിക്കുന്നു, ഭൂമികറങ്ങുന്നു.മേനോനൊരു മഹാനുഭാവനല്ലെന്ന്‌ എങ്ങനെപറയാനാകും.