Sunday, September 26, 2010

ജീവിതം ഇങ്ങനെയൊക്കെയാണ്


അയ്യോടാ ഇതാരാ വരുന്നേ. കേറിവാ... കേറിവാ... ബൈക്കെടുത്ത്‌ കാര്‍പോര്‍ച്ചിലേയ്‌ക്ക്‌ വച്ചേക്ക്‌. രാവിലെ നല്ല മഴക്കോള്‌ . ഏയ്‌ നീക്കി വച്ചോ. അങ്ങനെ. ഇല്ലേലതിരുന്ന്‌ നനയില്ലേ. കൂടെയുള്ളത്‌? ഞാന്‍ മറന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നു. മറിവി ഇപ്പൊ വല്ലാത്ത മറവി. പ്രായോം ഇത്തിരി ആയേ.അയ്യോടി, നീയിത്‌ കണ്ടില്ലേ. നമ്മുടെ മരുമോന്‍ വന്നത്‌ കണ്ടില്ലേ. നിങ്ങളിതെന്താ ഇരിക്കാനുള്ളത്‌ കൊണ്ടുവന്നില്ലേ? വന്ന കാലീത്തന്നെ നിക്കണത്‌ ? ആ കുഷ്യനുള്ള സീറ്റിലിരിക്കന്നേ. ഞാനിരിക്കാത്തോണ്ടാണോ ഇരിക്കാന്‍ വിഷമം. ഞാനിരുന്നല്ലോ.എടിയേ, രണ്ട്‌ ചായയിങ്ങെടുക്ക്‌. രാവിലെ യാത്ര ചെയ്‌ത ക്ഷീണമുണ്ടാകും കടുപ്പത്തിലായിക്കോട്ടെ. കഴിക്കാനെന്തെങ്കിലും തയ്യാറാക്ക്‌. വേണ്ടാന്ന്‌ പറഞ്ഞാലെങ്ങനാ ശരിയാവ്വ്വ. രാവിലെ ഇറങ്ങിയതല്ലേ ഒന്നും കഴിച്ചു കാണില്ല. കല്യാണത്തിന്‌ ഇനി ഒരാഴ്‌ച്ചേ ഒള്ളേ. ആഹാരം ശരിയായില്ലേ ശരീരം ക്ഷീണിക്കും. എന്റെ മോക്ക്‌ വല്ലാത്ത സങ്കടാവും. എടീ, നീയിങ്ങനെ വാതിക്കല്‌ വാ പിളര്‍ന്ന്‌ നിക്കാതെ അടുക്കളേലേക്ക്‌ ചെന്നേ.അല്ലല്ലേ, മരുമോനേ, നിന്റെ മുഖോന്താ, കടന്നല്‌ കുത്തിയമാതിരി ? എപ്പഴും ചിരി മാത്രോള്ള മൊഖാണല്ലോ. ഓ... ഓ... സംഗതി പിടികിട്ടീത്‌ ഇപ്പോഴല്ലേ. ഞാനൊരു ആനമണ്ടന്‍ തന്നെ. ഒന്നൊള്ളത്‌ പറഞ്ഞാല്‌ നിനക്ക്‌ വിഷമം തോന്നരുത്‌. തോന്നിയാലും പരിഭവമില്ല. പറയേണ്ടത്‌ അപ്പപ്പൊ പറയണം. അതെനിക്ക്‌ നിര്‍ബന്ധാ. മോന്റെ അമ്മയ്‌ക്കും പെങ്ങക്കും മാനേഴ്‌സ്‌ കൊറവാ. ഇന്നലെ അവരിവിടെ വന്നിരുന്നു. മോളെ കണ്ടേ മടങ്ങൂ എന്ന്‌ പറഞ്ഞു. തെറ്റല്ല. അമ്മായിയമ്മയും നാത്തൂനുമാണ്‌. ഒന്ന്‌ വിളിച്ചു പറഞ്ഞിട്ട്‌ അവര്‍ക്കു വരാമായിരുന്നു. അവളെന്നും ആപ്പീസിന്ന്‌ നേരത്തെ വരണതാ. ഇന്നലെ എന്താ പറ്റിയതെന്ന്‌ ഒരെത്തും പിടിയും കിട്ടിയില്ല. ആപ്പീസില്‌ വളിച്ചപ്പൊ അവിടുന്ന്‌ എറങ്ങീട്ടുമുണ്ട്‌. അമ്മാത്ത്‌ന്ന്‌ പുറപ്പെട്ടു ഇല്ലെത്തെത്തീല്ല.- എന്നു പറഞ്ഞ മാതിരി. ഇന്ന്‌ രാവിലെയല്ലേ വിവരമറിയണത്‌. ഇന്നലെയവള്‌ കൃത്യം അഞ്ചു മണിക്കു തന്നെ അപ്പീസിന്നെറങ്ങി. കോട്ടയം ഫാസ്റ്റില്‍ കയറി. എളുപ്പമിങ്ങ്‌ എത്തൂലോന്ന്‌ കരുതി. ബസ്സിലിരിക്കുമ്പോ ഒരു തലക്കറക്കം. പാവം കുട്ടി. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത്‌ അവളറിഞ്ഞതേയില്ല. നോക്കണേ, ദൈവത്തിന്റെ ഒരോ പരീക്ഷണങ്ങള്‌. കൊട്ടാരക്കര കഴിഞ്ഞപ്പോഴാണ്‌ അവള്‍ക്ക്‌ ഓര്‍മ്മ തിരിച്ചു വന്നത്‌. നേരം ഇരുട്ടിയിരിക്കുന്നു.പരിചയമില്ലാത്ത സ്ഥലം. എന്റെ കുട്ടി വല്ലാതെ ഭയന്നു പോയി. ദൂരയാത്ര ചെയ്‌ത്‌ ശീലമില്ലേ. ലോകപരിചയോള്ള കുട്ടിയല്ലല്ലോ. ആകെ പരിഭ്രമമായി. നോക്കണേ ദൈവത്തിന്റെ കാരുണ്യം. ഓഫീസിലെ ഡ്രൈവറുണ്ട്‌ തൊട്ടടുത്ത സീറ്റിലിരിക്കുന്നു. നല്ലൊരു പയ്യന്‍. അവനിവിടെ വന്നിട്ടുണ്ട്‌. അവന്റെ ബന്ധുവീട്‌ കോട്ടയത്തുണ്ട്‌. ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവനവളെ കോട്ടത്തെത്തിച്ചു. രാവിലെ, അവന്‍ വിളിച്ചപ്പോഴല്ലേ വിവരമറിയണത്‌. മോന്റെ രണ്ട്‌ അളിയന്മാരും കൂടി, അവളെ കൂട്ടിക്കൊണ്ട്‌ വരാന്‍ പോയിട്ടുണ്ട്‌. അവളേം കൊണ്ട്‌ അവരിപ്പഴിങ്ങ്‌ എത്തത്തില്യോ. ദാ, ഈ പുട്ടും കടലേം കഴിക്കുമ്പോഴത്തേക്കും അവരിങ്ങ്‌ എത്തും. അല്ല നിങ്ങളിറങ്ങായോ.ചായേങ്കിലും കുടിച്ചിട്ട്‌ പോന്നേ. ദേ, മഴ വീണു തുടങ്ങി. മഴ തീര്‍ന്നിട്ട്‌ പോവാന്നേ. കല്യാണത്തിന്‌ ഈ കുട്ടി പനി പിടിച്ച്‌ കിടക്കൂലോ, ഈശ്വരാ.

Wednesday, September 22, 2010

മഴ, ഉറുമ്പ്‌, മണ്ണിര


ഇടവപ്പാതി തകര്‍ക്കുന്നു. എങ്ങും ജലപ്രദേശങ്ങള്‍, ഭൂമിയുടെ അടരുകളില്‍ നിന്നും ജലം സ്രവിച്ചുകൊണ്ടിരുന്നു. സൂര്യന്‍ മേഘപ്പുതപ്പുകള്‍ തലവഴി വലിച്ചിട്ട്‌ ഉറങ്ങിക്കിടന്നു. അതില്‍ നിന്നും മഴയുടെ വെള്ളിക്കുപ്പായം ഭൂമിയിലേക്കൂര്‍ന്നു വന്നു. ചാണകം മെഴുകിയ ആ വീടിനെ മഴ ശരിക്കും പരീക്ഷിച്ചു കൊണ്ടിരുന്നു. ഓലകളെ കാറ്റ്‌ പീലിപോലെ വിടര്‍ത്തി വച്ചു. വെയിലില്‍ വട്ടവെളിച്ചം വീഴ്‌ത്തുന്ന സുഷിരങ്ങളെ ജലം കണ്ടെടുത്തു. അതിനെ തറ ആദ്യം ഒപ്പിയെടുത്തു. പിന്നെയൊരു ജലവൃത്തം രൂപപ്പെട്ടു. വീട്ടിലേയ്‌ക്കു ചാഞ്ഞുനിന്ന മുരിങ്ങാമരത്തിന്റെ കൊമ്പിനെ കാറ്റടര്‍ത്തി നിലത്തിട്ടു. വാഴകളെ ബലപ്പെടുത്തുന്ന ഊന്നിന്മേല്‍ നിന്നും പറിച്ചു കളയാന്‍ കാറ്റൊരുങ്ങി. വാഴയിലകളെ നൂറായി കീറിവച്ച്‌ ഹാര്‍മോണിയം വായിച്ചു. മഴ കാറ്റിന്റ ദിശയില്‍ നൃത്തം വച്ചു. വീടിന്റെ പുറകില്‍ ചാമ്പല്‍ ചായ്‌പ്പിനടുത്ത്‌, ഒരു പൊത്തിനുള്ളില്‍ ഒരു കൂട്ടംചോനനുറുമ്പുകള്‍ പാര്‍ത്തിരുന്നു. കോഴിക്കൂട്‌ അടുത്തായതിനാല്‍ മഴക്കാലമറിഞ്ഞ്‌ ഉറുമ്പുകള്‍ സുരക്ഷിതസ്ഥാനം തേടി പുറപ്പെട്ടു. അപ്പോഴും കുറച്ചുറുമ്പുകള്‍ പഴയ വാസസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ, പോയവരെയും നോക്കിനിന്ന്‌ നെടുവീര്‍പ്പിട്ടു. മഴക്കാലം അവരെ പരിഭ്രമിപ്പിച്ചു. ?നമ്മുക്കും പോകേണ്ടതായിരുന്നു? ഉറുമ്പിന്‍കൂട്ടത്തില്‍ ഇളപ്പമുള്ള ഒന്നു രണ്ടുപേര്‍ പറഞ്ഞു.?ഭക്ഷണം കഴിച്ചിട്ടിപ്പൊ ദിവസം രണ്ടായി. വെശന്ന്‌ ചത്തുപോകത്തേയുള്ളൂ? കോഴിക്കൂടിരുന്നിടത്തേക്ക്‌ നോക്കി ഒരുത്തന്‍ പരിതപിച്ചു. അവിടെയെല്ലാം മഞ്ഞജലം പരന്നൊഴുകുകയാണ്‌. കൂട്ടിലേക്ക്‌ ഈര്‍പ്പത്തിന്റെ ഭീതി വന്നിരുന്നു. ഒരു നാള്‍ കൂടി മഴ നീണ്ടാല്‍ ഉറുമ്പിന്‍ കൂടിനെ വെള്ളമെടുക്കും. ? കോഴികള്‍ക്കെന്തു സുമമവയിപ്പൊ അടുപ്പിനടുത്ത്‌ ചൂടുകൊണ്ട്‌ കിടക്കുകയാവും.? കുഞ്ഞുറുമ്പ്‌ പറഞ്ഞു. വയസ്സനുറുമ്പ്‌ ഒന്നും പറഞ്ഞില്ല. തണുപ്പ്‌ കൊണ്ടു വിറയ്‌ക്കുകയായിരുന്നു. ഇതുപോലൊരു മഴ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന്‌ വയസ്സന്‍ ഓര്‍ത്തു. ചെറുപ്പക്കാരനുറുമ്പിന്റെ ഒച്ച കേട്ട്‌ എല്ലാവരും ഓടിവന്നു. അവന്‍ മുങ്ങിപോയെന്നാണ്‌ കരുതിയത്‌. അവനൊരു മണ്ണിരയെ പിടികൂടിയതായിരുന്നു. മണ്ണിര നീണ്ട ശരീരത്തെ പിടപ്പിച്ച്‌ അലറിക്കരഞ്ഞു. വിശപ്പിന്റെ വിളിയില്‍ ഉറുമ്പുകള്‍ അതൊന്നും കേട്ടതേയില്ല. അവര്‍ മുതുകത്തും തലയിലും വാലിലും പിടികൂടി കൂട്ടിലേക്ക്‌... ഏലോം... ഐലസാ... ഐലസാ... ഐലസാ... വയസ്സനുറുമ്പ്‌ തണുപ്പില്‍ വിയര്‍ത്തു. അമ്മു വാതില്‍പ്പടിയില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഒരാഴ്‌ചയായി മുറ്റത്തിറങ്ങി കളിക്കാന്‍ പറ്റുന്നില്ല. അതിലുമല്ല അവളുടെ സങ്കടം ചുവപ്പും മഞ്ഞയും കാനച്ചെടികളത്രയും അഴുകിപ്പോയിക്കാണും. റോസാച്ചെടിയിലെ ഒരു പൂവ്‌ മാത്രം ജലത്തിന്‌ മുകളില്‍ തലയുയര്‍ത്തിനിന്ന്‌ അവളെ നോക്കി കരഞ്ഞു.മഴേ... മഴേ... പോ... പോ... മഴേ... മഴേ... പോ... പോ... വെയിലേ... വെയിലേ... വാ... വാ... വെയിലേ... വെയിലേ... വാ... വാ...കാല്‍വിരലിലെന്തോ സ്‌പര്‍ശിച്ചതറിഞ്ഞ്‌ അവള്‍ നിലത്തേയ്‌ക്കു നോക്കി. മണ്ണിരയെയും വഹിച്ചുകൊണ്ടുള്ള ഉറുമ്പുകളുടെ അകമ്പടിയാണ്‌. ? ഇതിനെയൊക്കെ വെള്ളം കൊണ്ടു പോകത്തേയുള്ളൂ...? അവള്‍ പരിതപിച്ചു. ചോനനുറുമ്പിന്റെ കൂടിനെ അവള്‍ക്കറിയാമായിരുന്നു. അമ്മ കാണാതെ ഉറുമ്പുകള്‍ക്ക്‌ അരിയിട്ട്‌ കൊടുക്കാറുള്ളതാണവള്‍.? പാവങ്ങള്‍ രക്ഷപെട്ടോട്ടെ.? കളിവള്ളത്തിലേക്ക്‌ ഉറുമ്പുകളെ പെറുക്കിയെടുക്കുമ്പോള്‍ അവള്‍ വിചാരിച്ചു. വള്ളം വെള്ളത്തിനു മേലെ തെന്നിത്തെന്നി തെങ്ങിന്‍ ചോട്ടിലെ വെള്ളക്കെട്ടിനെ ഒന്നു വലം വച്ച്‌... കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക്‌ ചാടി. അവ മറ്റൊരു കരയിലെത്തി സുഖമായി ജീവിക്കും അവള്‍ സ്വപ്‌നം കണ്ടു. നേരം കറുത്തപ്പോള്‍ അച്ഛന്‍ വന്നു. കൈയ്യില്‍ പിടയ്‌ക്കുന്ന നെടുമീനുകള്‍. അടുപ്പിന്റെ ചോട്ടിലിരുന്ന്‌ അച്ഛന്‍ തണുപ്പകറ്റി. അടുപ്പില്‍ അരി തിളച്ചു. മീനറുക്കുന്നതും കണ്ട്‌ അമ്മു ചായ്‌പ്പില്‍ കുനിഞ്ഞിരുന്നു. ഒരു നെടുമീനിനെ കുറുകെ പിളര്‍ക്കുമ്പോള്‍ അതാ ഒരു മണ്ണിര പിന്നെ കുറെ ഉറുമ്പുകള്‍...

Saturday, September 18, 2010

ആത്മകഥ


മേനോന്‌ ഒരു ദിവസം ഉള്‍വിളിഉണ്ടായി. ആത്മകഥ വിരചിക്കണം. തട്ടും തടവുമില്ലാതെ മനസ്സിലുള്ളതെല്ലാം പകര്‍ത്തിവച്ച്‌നടുനിവര്‍ത്തി.സത്യമേ ഇതിലുള്ളു എന്നത്‌ സമ്മതിച്ചു.പക്ഷേ, തീഹാര്‍ ജയിലിലെ ജയില്‍പ്പുള്ളിയുടേതിനേക്കാള്‍ കെട്ട ജീവിത ദുര്‍ഗന്ധമല്ലേ നിറയേ. സാറിന്റെ നിലയും വിലയും നോക്കണ്ടേ-വായിച്ച വിശ്വസ്‌തന്‍ പറഞ്ഞു.മേനോന്‌ ആധിപെരുത്തു. ആത്മകഥ രചിക്കുമെന്ന്‌ പ്രഖ്യാപിച്ചും പോയി.ഒടുവിലൊന്ന്‌ ഒത്തുകിട്ടി.പഴയൊരു സ്വാതന്ത്ര്യസമര സേനാനിയാല്‍ വിരചിതം. അപ്രകാശിതം.സേനാനിയുടെ പേരിന്റെ സ്ഥാനത്തെല്ലാം മേനോനെ പ്രതിഷ്‌ഠിച്ചു.ഇത്രയും നല്ലൊരു ജീവിതം നയിച്ച മേനോനൊരു സുകൃതി തന്നെ

Wednesday, September 15, 2010

മഹാനുഭാവന്‍
മേനോനൊരു മഹാനുഭാവനാണ്‌.മേനോന്‍ പറഞ്ഞു: സൂര്യനുദിക്കട്ടെ.ഉദിച്ചു.മേനോന്‍ പറഞ്ഞു: സൂര്യന്‍ അസ്‌തമിക്കട്ടെ.അസ്‌തമിച്ചു.നക്ഷത്രങ്ങള്‍ വരട്ടെ; വന്നു.നിലാവ്‌ പൊഴിയട്ടെ; പൊഴിഞ്ഞു.പൂക്കല്‍ വിരിയട്ടെ; വിരിഞ്ഞു.സൂര്യന്‍ ഉദിക്കരുതെന്നും, ഭൂമി കറങ്ങരുതെന്നുംമേനോന്‍ പറഞ്ഞില്ല.അതിനാല്‍ ഇപ്പോഴും സൂര്യന്‍ ഉദിക്കുന്നു, ഭൂമികറങ്ങുന്നു.മേനോനൊരു മഹാനുഭാവനല്ലെന്ന്‌ എങ്ങനെപറയാനാകും.

Sunday, September 12, 2010

സുവിശേഷം` എന്നെ പുനരുജ്ജീവിപ്പിക്കും:
ഭൂമിയുടെ അഗാധതകളില്‍ നിന്ന്‌
നീ എന്നെ വീണ്ടും പൊക്കിയെടുക്കും`

(സങ്കീര്‍ത്തനം 71 : 20)

മലനാട്ടിലെ പ്രധാന ഹുണ്ടികശാലകളില്‍ നിന്നും നിരവധി എഡിഷനുള്ള പത്രം എഴുത്തുകുത്ത്‌, ഫോട്ടോഫെയ്‌സ്‌ ചെക്കിങ്‌, മുഖദാവില്‍ ചര്‍ച്ച എന്നിവയ്‌ക്കു ശേഷം അയാളെ കണ്ടെടുക്കകയും. ചത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ്‌ തുക കൂടാതെ വലിയൊരു തുക കൂടി നല്‍കുന്നതാണെന്നു വാക്കാലും നീട്ടാലും ഉറപ്പു കൊടുക്കുയും ഭാര്യ, മക്കള്‍, അമ്മ, അച്ഛന്‍, പള്ളീലച്ചന്‍ എന്നിവരെയെല്ലാം ചാരെ നിര്‍ത്തി പടമെടുക്കുകയും അതിനുശേഷം മരങ്ങള്‍ തഴച്ചു വളരുന്ന മലനിരകളിലേയ്‌ക്ക്‌ കൊണ്ടുപോവുകയും, അവനെ തിരഞ്ഞ്‌ രണ്ട്‌ പെണ്ണുങ്ങള്‍ - (ഇവര്‍ അവന്റെ വെപ്പാട്ടികളായിരിക്കും) കഥ വില്‍ക്കണ്ടായോ ചേട്ടാ - എന്നിവരെക്കൂടി പത്രന്‍ ഏര്‍പ്പാട്‌ ചെയ്‌തപ്രകാരം അവരും അവന്റെ മുന്നേ കാനനത്തില്‍ ഗമിക്കുകയും എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ ഒറ്റുകാരന്‍ തന്റെ കര്‍ത്തവ്യം യഥോചിതം ചെയ്യുകയും പോലീസുകാര്‍ക്കൊപ്പം പത്രന്റെ നാല്‌ നക്ഷത്രറിപ്പോര്‍ട്ടര്‍മാര്‍, രണ്ട്‌ സസൂക്ഷമ ഫൊട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ തണുപ്പത്ത്‌ കോച്ചിവലിച്ച്‌്‌, ബീഡി വലിച്ച്‌്‌്‌, പൂച്ചച്ചുവട്‌ വെയ്‌ക്കുകയൂം പൊലീസുകാരെ കാത്ത്‌കാത്ത്‌ മുഷിഞ്ഞ അയാള്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയും, ഒളിച്ചിരുന്ന കൂരയ്‌ക്കകത്തു നിന്നും രണ്ടു പാക്കിസ്ഥാന്‍ നിര്‍മ്മിതനാണയങ്ങള്‍, ചൈനാ നിര്‍മ്മിത പേന, അശ്‌ളീലസാഹിത്യകൃതികള്‍, കട്ടെടുത്ത രണ്ടു കിലോ പച്ചറബ്ബര്‍ ഷീറ്റ്‌ എന്നിവ പിടിച്ചെടുക്കുകയും, അയാള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ ഫൊട്ടോയ്‌ക്ക്‌ു പോസ്‌ ചെയ്യുകയും, അയാളെ പിറ്റേന്ന്‌ നട്ടുച്ചയ്‌ക്ക്‌ നീര്‍ച്ചാലിന്റെ സമീപം വച്ച്‌ നലനരച്ച പൊലീസുകാരന്‍ വെടിവച്ചുകൊല്ലുകയും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ അയാളുടെ ഹൃദയത്തിന്റെ അസാമാന്യവലുപ്പം ചൂണ്ടിക്കാണിച്ച ഡോക്ടര്‍ കാണാതെ ആ അസാധാരണ ഹൃദയത്തെ പൊലീസ്‌ മേധാവി നീര്‍ച്ചാലിലേയ്‌ക്കു വലിച്ചെറിയുകയും ക്യാമറക്കണ്ണുകള്‍ അതെല്ലാം കൃത്യമായി ഒപ്പിയെടുക്കയും നാലു റിപ്പോര്‍ട്ടര്‍മാരും ടണ്‍കണക്കിന്‌ മഷിമുക്കി ആദ്യത്തെ എഡിഷനില്‍ വാര്‍ത്ത കയറാനായി ആഞ്ഞാഞ്ഞാഴെതുകയും വെടിയേറ്റപ്പോള്‍ കര്‍ത്താവിനെ വിളിച്ചു; അന്ത്യകൂദാശ നല്‍കിയത്‌ പൊലീസുകാരന്‍ ഇത്യാദി വാര്‍ത്തകള്‍ എഴുതി ഒരു പെരട്ടു പൊലീസുകാരന്‍ വശം കൊടുത്തയ്‌ക്കുകയും അഞ്ച്‌ വര്‍ഷത്തിനുശേഷം പെന്‍ഷനാവുമ്പോള്‍ വെടിപൊട്ടിച്ച പൊലീസുകാരന്‍ വെളിപ്പെടുത്തേണ്ട കുമ്പസാരത്തിന്റെ ഡ്രാഫ്‌റ്റ്‌ കൂടി തയ്യാറാക്കികൊടുത്തശേഷം പേനയുന്തികളും പടമെടുപ്പുകാരും തിരിച്ച്‌ വന്ന്‌ ക്രിസ്‌ത്യന്‍ സഹോദരന്മാരുടെ കുപ്പിപൊട്ടിച്ച്‌ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ഭാവിയില്‍ എഡിറ്റ്‌ പേജില്‍ നീലക്കുറിഞ്ഞിമലയില്‍ ഉദിച്ച രക്തനക്ഷത്രം എന്ന പരമ്പര മുന്‍കൂറായി കുത്തിവരയ്‌ക്കാന്‍ തുടങ്ങുകയും ചെയ ്‌തപ്പോള്‍, പത്രന ്‌അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീശിയടിക്കാന്‍ പോകുന്ന സ്‌കൂപ്പിനെ ചാളുവ ഒഴുക്കി സ്വപ്‌നം കണ്ടു.