Wednesday, September 22, 2010
മഴ, ഉറുമ്പ്, മണ്ണിര
ഇടവപ്പാതി തകര്‍ക്കുന്നു. എങ്ങും ജലപ്രദേശങ്ങള്‍, ഭൂമിയുടെ അടരുകളില്‍ നിന്നും ജലം സ്രവിച്ചുകൊണ്ടിരുന്നു. സൂര്യന് മേഘപ്പുതപ്പുകള്‍ തലവഴി വലിച്ചിട്ട് ഉറങ്ങിക്കിടന്നു. അതില്‍ നിന്നും മഴയുടെ വെള്ളിക്കുപ്പായം ഭൂമിയിലേക്കൂര്‍ന്നു വന്നു. ചാണകം മെഴുകിയ ആ വീടിനെ മഴ ശരിക്കും പരീക്ഷിച്ചു കൊണ്ടിരുന്നു. ഓലകളെ കാറ്റ് പീലിപോലെ വിടര്‍ത്തി വച്ചു. വെയിലില്‍ വട്ടവെളിച്ചം വീഴ്ത്തുന്ന സുഷിരങ്ങളെ ജലം കണ്ടെടുത്തു. അതിനെ തറ ആദ്യം ഒപ്പിയെടുത്തു. പിന്നെയൊരു ജലവൃത്തം രൂപപ്പെട്ടു. വീട്ടിലേയ്ക്കു ചാഞ്ഞുനിന്ന മുരിങ്ങാമരത്തിന്റെ കൊമ്പിനെ കാറ്റടര്‍ത്തി നിലത്തിട്ടു. വാഴകളെ ബലപ്പെടുത്തുന്ന ഊന്നിന്മേല് നിന്നും പറിച്ചു കളയാന്‍ കാറ്റൊരുങ്ങി. വാഴയിലകളെ നൂറായി കീറിവച്ച് ഹാര്‍മോണിയം വായിച്ചു. മഴ കാറ്റിന്റ ദിശയില്‍ നൃത്തം വച്ചു. വീടിന്റെ പുറകില്‍ ചാമ്പല്‍ ചായ്പ്പിനടുത്ത്, ഒരു പൊത്തിനുള്ളില്‍ ഒരു കൂട്ടംചോനനുറുമ്പുകള്‍ പാര്‍ത്തിരുന്നു. കോഴിക്കൂട് അടുത്തായതിനാല്‍ മഴക്കാലമറിഞ്ഞ് ഉറുമ്പുകള്‍ സുരക്ഷിതസ്ഥാനം തേടി പുറപ്പെട്ടു. അപ്പോഴും കുറച്ചുറുമ്പുകള്‍ പഴയ വാസസ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ, പോയവരെയും നോക്കിനിന്ന് നെടുവീര്‍പ്പിട്ടു. മഴക്കാലം അവരെ പരിഭ്രമിപ്പിച്ചു. ?നമ്മുക്കും പോകേണ്ടതായിരുന്നു? ഉറുമ്പിന്‍കൂട്ടത്തില്‍ ഇളപ്പമുള്ള ഒന്നു രണ്ടുപേര്‍ പറഞ്ഞു.?ഭക്ഷണം കഴിച്ചിട്ടിപ്പൊ ദിവസം രണ്ടായി. വെശന്ന് ചത്തുപോകത്തേയുള്ളൂ? കോഴിക്കൂടിരുന്നിടത്തേക്ക് നോക്കി ഒരുത്തന് പരിതപിച്ചു. അവിടെയെല്ലാം മഞ്ഞജലം പരന്നൊഴുകുകയാണ്. കൂട്ടിലേക്ക് ഈര്‍പ്പത്തിന്റെ ഭീതി വന്നിരുന്നു. ഒരു നാള് കൂടി മഴ നീണ്ടാല്‍ ഉറുമ്പിന് കൂടിനെ വെള്ളമെടുക്കും. ? കോഴികള്‍ക്കെന്തു സുമമവയിപ്പൊ അടുപ്പിനടുത്ത് ചൂടുകൊണ്ട് കിടക്കുകയാവും.? കുഞ്ഞുറുമ്പ് പറഞ്ഞു. വയസ്സനുറുമ്പ് ഒന്നും പറഞ്ഞില്ല. തണുപ്പ് കൊണ്ടു വിറയ്ക്കുകയായിരുന്നു. ഇതുപോലൊരു മഴ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് വയസ്സന് ഓര്‍ത്തു. ചെറുപ്പക്കാരനുറുമ്പിന്റെ ഒച്ച കേട്ട് എല്ലാവരും ഓടിവന്നു. അവന് മുങ്ങിപോയെന്നാണ് കരുതിയത്. അവനൊരു മണ്ണിരയെ പിടികൂടിയതായിരുന്നു. മണ്ണിര നീണ്ട ശരീരത്തെ പിടപ്പിച്ച് അലറിക്കരഞ്ഞു. വിശപ്പിന്റെ വിളിയില്‍ ഉറുമ്പുകള്‍ അതൊന്നും കേട്ടതേയില്ല. അവര്‍ മുതുകത്തും തലയിലും വാലിലും പിടികൂടി കൂട്ടിലേക്ക്... ഏലോം... ഐലസാ... ഐലസാ... ഐലസാ... വയസ്സനുറുമ്പ് തണുപ്പില്‍ വിയര്‍ത്തു. അമ്മു വാതില്‍പ്പടിയില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഒരാഴ്ചയായി മുറ്റത്തിറങ്ങി കളിക്കാന്‍ പറ്റുന്നില്ല. അതിലുമല്ല അവളുടെ സങ്കടം ചുവപ്പും മഞ്ഞയും കാനച്ചെടികളത്രയും അഴുകിപ്പോയിക്കാണും. റോസാച്ചെടിയിലെ ഒരു പൂവ് മാത്രം ജലത്തിന് മുകളില്‍ തലയുയര്‍ത്തിനിന്ന് അവളെ നോക്കി കരഞ്ഞു.മഴേ... മഴേ... പോ... പോ... മഴേ... മഴേ... പോ... പോ... വെയിലേ... വെയിലേ... വാ... വാ... വെയിലേ... വെയിലേ... വാ... വാ...കാല്‍വിരലിലെന്തോ സ്പര്‍ശിച്ചതറിഞ്ഞ് അവള് നിലത്തേയ്ക്കു നോക്കി. മണ്ണിരയെയും വഹിച്ചുകൊണ്ടുള്ള ഉറുമ്പുകളുടെ അകമ്പടിയാണ്. ? ഇതിനെയൊക്കെ വെള്ളം കൊണ്ടു പോകത്തേയുള്ളൂ...? അവള് പരിതപിച്ചു. ചോനനുറുമ്പിന്റെ കൂടിനെ അവള്‍ക്കറിയാമായിരുന്നു. അമ്മ കാണാതെ ഉറുമ്പുകള്‍ക്ക് അരിയിട്ട് കൊടുക്കാറുള്ളതാണവള്‍.? പാവങ്ങള്‍ രക്ഷപെട്ടോട്ടെ.? കളിവള്ളത്തിലേക്ക് ഉറുമ്പുകളെ പെറുക്കിയെടുക്കുമ്പോള്‍ അവള് വിചാരിച്ചു. വള്ളം വെള്ളത്തിനു മേലെ തെന്നിത്തെന്നി തെങ്ങിന് ചോട്ടിലെ വെള്ളക്കെട്ടിനെ ഒന്നു വലം വച്ച്... കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് ചാടി. അവ മറ്റൊരു കരയിലെത്തി സുഖമായി ജീവിക്കും അവള് സ്വപ്നം കണ്ടു. നേരം കറുത്തപ്പോള്‍ അച്ഛന് വന്നു. കൈയ്യില്‍ പിടയ്ക്കുന്ന നെടുമീനുകള്‍. അടുപ്പിന്റെ ചോട്ടിലിരുന്ന് അച്ഛന് തണുപ്പകറ്റി. അടുപ്പില്‍ അരി തിളച്ചു. മീനറുക്കുന്നതും കണ്ട് അമ്മു ചായ്പ്പില് കുനിഞ്ഞിരുന്നു. ഒരു നെടുമീനിനെ കുറുകെ പിളര്‍ക്കുമ്പോള്‍ അതാ ഒരു മണ്ണിര പിന്നെ കുറെ ഉറുമ്പുകള്‍...
Subscribe to:
Post Comments (Atom)
2 comments:
അവസാനം ഒരുപാടിഷ്ടമായി....വളരെയധികം നന്നായിട്ടുണ്ട്...
കൊള്ളാം.. നന്നായിട്ടുണ്ട്...
Post a Comment