Pages

Monday, January 14, 2008

മണ്ണാങ്കട്ടയും കരിയിലയും.


മണ്ണാങ്കട്ടയും കരിയിലയും കാശിക്ക്‌ പോയി. ഇത്തവണ അവര്‍ കാശിയിലെത്തുമെന്ന്‌ കുട്ടി പ്രതീക്ഷിച്ചു. മുന്നനുഭവങ്ങളുടെ പാഠങ്ങളുള്‍ക്കൊണ്ട്‌ മണ്ണാങ്കട്ട കുടയെടുത്തു. കരിയില വടിയെടുത്തു. മഴ വന്നു കുട പിടിച്ചു. കാറ്റു വന്നു വടി പിടിച്ചു. കാറ്റും മഴയും ഒന്നിച്ചു വന്നു. കുടയും വടിയും ഒത്തുപിടിച്ചു.
കാശിയിലെത്തി അഭിമാനം തോന്നി. പാപം തീരാനുള്ള മുങ്ങിക്കുളി കണ്ട്‌ രണ്ടാള്‍ക്കും ഭ്രമമായി.
വടിയും കുടയും മലയാളം ക്‌ളാസ്സിലൊരു കുട്ടിയും അവര്‍ തിരിച്ചു വരുന്നതും പ്രതീക്ഷിച്ചിരുന്നു

Monday, January 7, 2008

അതിര്‍ത്തി പ്രശ്നം


വിശന്നപ്പോള്‍ നീയെനിക്ക്‌ ഭക്ഷണം തന്നു. തണുത്തപ്പോള്‍ വസ്‌ത്രം തന്നു. വീടില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടന്നപ്പോള്‍ സ്ഥലം തന്നു. കെട്ടിടം വയ്‌ക്കാന്‍ കല്ലും മരവും തന്നു. വെള്ളം കോരാന്‍ കൂടെ നിന്നു. ഒക്കെശരി.
പക്ഷെ നീയീക്കാണിച്ച പോക്രിത്തരം ജന്മത്തും ഞാന്‍ മറക്കില്ല. നിന്റെ പുരയിടത്തിനു ചുറ്റും മതിലു കെട്ടുമ്പോ, നിനക്കെന്നോടൊന്ന്‌ പറയാന്‍ മേലായിരുന്നോടാ.

Wednesday, January 2, 2008

ഒരു കത്ത്‌




കത്തുകള്‍ നമ്മുക്കെന്നും ഒരു നൊസ്‌്‌റ്റാള്‍ജിയ ആണ്‌. കത്തുകള്‍ക്കുള്ളിലെ അക്ഷരങ്ങള്‍ സ്‌നേഹാന്വേഷണങ്ങള്‍ കൊണ്ടുവരുന്ന ദേവദൂതന്മാരാണ്‌. വീണ്ടും വീണ്ടും വായിച്ച്‌ നെടുവീര്‍പ്പിട്ട കത്തുകള്‍... അക്ഷരങ്ങള്‍ തെളിഞ്ഞു കിടക്കുന്ന നീലത്തടാകം... സുഹൃത്തേ, താങ്കള്‍ക്കും ലഭിച്ചിരിക്കുമല്ലോ ഉന്മാദമോ, ആഹ്‌ളാദമോ, പൊട്ടിത്തെറിയോ, കണ്ണീരോ സമ്മാനിച്ച ഒരു കത്ത്‌... ഇത്തരം ജീവസ്സുറ്റ നിരവധി കത്തുകള്‍ക്കൊണ്ട്‌ സമ്പന്നമായിരിക്കും ഞങ്ങളുടെ അടുത്തലക്കം വാരിക... താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. കത്ത്‌ ഇന്നു തന്നെ പോസ്‌റ്റ്‌ ചെയ്‌താലും.
കത്ത്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥന യാഹൂ മെയില്‍ഡോട്ട്‌ കോമിലൂ െട കിട്ടി, ഇന്ന്‌്‌്‌.