Wednesday, November 28, 2007

ഭക്തി

ഉദ്യോഗത്തില്‍ നിന്നും ആപ്പീസറായി പെന്‍ഷന്‍പറ്റി. ഇനിയെന്ത്‌ ജനസേവനം ചെയ്യുമെന്ന കഠിനമായ ആലോചനയായി. ഒടുവില്‍ കുടുംബവക ക്ഷേത്രം പുരുദ്ധരിക്കാമെന്നു കരുതി.
ഉദ്യോഗത്തില്‍ നിന്നും പത്തു കൊല്ലം മുമ്പേ വിരമിച്ച്‌ ഇതങ്ങ്‌ ചെയ്‌താ മതിയായിരുന്നുവെന്ന്‌ ഇപ്പൊതോന്നുന്നു.

Thursday, November 22, 2007

വികസനം
വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Tuesday, November 13, 2007

ജീവിത സുഗന്ധി


കയറിനെ മരത്തിന്റെ ബലത്ത കൊമ്പില്‍ ബന്ധിച്ച്‌, എതിരറ്റത്തെ കുരുക്കാക്കി മുറുക്കി. ഇനി കയറിനെ തിരിച്ചു പിടിച്ചതായി സങ്കല്‍പ്പിച്ചാല്‍, അതൊരു ചോദ്യചിഹ്നമാവുകയും ഇതേ രീതിയില്‍ നിരൂപിച്ചാല്‍ ഒരാശ്ചര്യചിഹ്നമാവുകയും ചെയ്യും. കുരുക്കിനെ മുറുക്കി, താഴേക്ക്‌ വലിച്ച്‌ ബലപരിശോധന നടത്തി. കഴുത്തിനെ ഉത്തര രൂപത്തിന്റെ ഉള്ളില്‍ കടത്തുകയാണിനി വേണ്ടത്‌. കയറിന്റെ ബലമളക്കുമ്പോഴാണ്‌ മരം പൂക്കള്‍ പൊഴിക്കാന്‍ തുടങ്ങിയത്‌. മഴപോലെ പൂവുകള്‍... പൂവുകള്‍... കൈവെള്ളയിലായിപ്പോയപൂവിനെ മണത്തുനോക്കി.
മൂക്കിന്റെ ഇരുണ്ട ഗുഹയ്‌ക്കുള്ളിലേയ്‌ക്കു ജീവിതത്തിന്റെ സുഗന്ധപ്രയാണം...
കുരുക്കിനുള്ളില്‍ കൈകടത്തി പഴയൊരു പാട്ടും പാടി, അവന്‍ ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമപ്പോഴും പൂവുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...

Wednesday, November 7, 2007

കപടസ്‌നേഹിതാ

ഇന്നലെ വീണ്ടും പഴയ സുഹൃത്ത്‌്‌ ചിരിച്ചു ചിരിച്ചു കയറിവന്നു. ചിരി വിടാതെ അവന്‍ പഴയ സന്ദര്‍ശനത്തിന്‍ പറഞ്ഞവ ആവര്‍ത്തിച്ചു.
' നിന്നെ ചേര്‍ത്തിട്ട്‌ എനിക്കൊന്നും നേടാനല്ല, നിന്റെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ എനിക്ക്‌ സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന്‌ കൂട്ടിയാമതി. നീ മുടക്കേണ്ടത്‌ വെറും ഇരുന്നൂറ്റന്‍പത്‌ രൂപ. നീ പത്തു പേരെ ചേര്‍ക്കുക. അവര്‍ ഓരോരുത്തരും... പിന്നെ ... ലക്ഷങ്ങളാ മാസത്തില്‍ വരവ്‌.'
ലഭിച്ച ചെക്കുകളുടെ ഫോട്ടോ കോപ്പി കാട്ടി അവന്‍ പ്രലോഭിപ്പിച്ചു.
ഇതിലൊരു അവസാനത്തെ ആളുണ്ടാകില്ലേ? അവനെന്തു കിട്ടും?
ഞാന്‍ ന്യായമായ സംശയം ഉന്നയിച്ചു. അവനത്‌ തീരെ സഹിച്ചില്ല.
' ചുമ്മാതാണോ നീ നന്നാകാത്തത്‌. നിനക്ക്‌ നി്‌ന്റെ കാര്യം നോക്കിയാപ്പോരെ? നീ ഒരു കാലത്തും ഗുണം പിടിക്കില്ല.'സുഹത്ത്‌ ചിരിമടക്കി പടി കടന്നു.
മരുന്നിന്‌ കാശില്ല. പെട്ടെന്നോര്‍ത്തത്‌ സുഹൃത്തിനെ.
' അഞ്ചൂറ്‌ രൂപ വേണം, മകന്‍ അത്യാസന്ന നിലയില്‍.'
സുഹൃത്ത്‌്‌്‌ പറഞ്ഞു: ' കാശൊന്നുമില്ല.'
പോക്കറ്റിലേയ്‌ക്ക്‌്‌ കൈയ്യിട്ട്‌ പത്തുരൂപ കാട്ടി.
' വണ്ടിക്കൂലിക്കുള്ള കാശല്ലാതെ...'
മകന്റെ ശവത്തെങ്ങും കഴിഞ്ഞ്‌ സുഹൃത്ത്‌ പോയിക്കഴിഞ്ഞു.