Sunday, December 19, 2010

മഴക്കാലം


ഇതുപോലൊരു മഴക്കാലം അയാളുടെ ജീവിതത്തില്‍ ആദ്യത്തേതായിരുന്നു. പത്തു ദിവസമായി തോരാതെ പെയ്യുന്ന മഴ. പറമ്പും മുറ്റവും മുഴുവന്‍ മഴവെള്ളം കൊണ്ട്‌ നിറഞ്ഞു.
കിണറ്റില്‍നിന്നും വെള്ളം കൈകൊണ്ട്‌ മുക്കിയെടുക്കാന്‍ പാകത്തിലായി. അയാള്‍ അത്‌ ആഹ്ലാദത്തോടെ ഭാര്യയെ വിളിച്ചു കാണിച്ചു.

ഓഫീസുകള്‍ക്ക്‌ ഗവണ്‍മെന്റ്‌ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. നഗരത്തില്‍ സുഹൃത്തുക്കളില്‍ ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഗ്രാമത്തിലെ അയാളുടെ `സന്യാസ' ജീവിതത്തെ കളിയാക്കുന്നവര്‍. രണ്ടു ദിവസം കൂടി മഴ പെയ്‌താല്‍ വീട്ടില്‍ വെള്ളം കയറുമെന്ന്‌ പരിഭ്രമത്തോടെ അവരറിയിച്ചു.
മഴയുടെ തണുപ്പില്‍ ഒമ്പതുമണിവരെ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു. ഉണരുമ്പോഴെല്ലാം മഴ പറഞ്ഞു - ഈ സുഖദമായ അന്തരീക്ഷം ഉറങ്ങാനുള്ളതാണ്‌. തുറന്നിട്ട ജനാലയിലൂടെ മഴവെള്ളം മുഖത്ത്‌ മുട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റു.

മുറ്റത്ത്‌, നിറയെ കായുള്ള മുരിങ്ങമരത്തിന്റെ വലിയൊരു ശിഖരം അടര്‍ന്നു കിടക്കുന്നു. കാറ്റില്‍ നിലം പൊത്തിയ വാഴകളെയും ഓമല്‍ച്ചെടിയെയുംപറ്റി ഭാര്യവ്യസനത്തോടെ പറഞ്ഞു. ഈ മഴ എല്ലാരേം ഒന്നിച്ച്‌ കൊണ്ടോവൂന്നാ തോന്നണേ. ഭാര്യയുടെ അഭിപ്രായം അയാള്‍ നിസ്സംഗമായി കേട്ടു.
പറമ്പിലൂടെ നടക്കുമ്പോള്‍ അല്‍ഭുതം! തെങ്ങിന്‍ചുവട്ടില്‍നിന്നും തെളിനീര്‍ ജലം വരുന്നു. അയാള്‍ പറമ്പുമുഴുവന്‍ ആവേശത്തോടെ തിരഞ്ഞുനടന്നു. ഭൂമിയില്‍നിന്നും ഫണം വിടര്‍ത്തി വരുന്ന ജലത്തിന്റെ നിരവധി കുഞ്ഞുകുഞ്ഞുറവകള്‍. മുപ്പതുവര്‍ഷത്തെ ജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു പുരയിടത്തില്‍ ഊറ്റിരുന്ന്‌ കാണുന്നത്‌.

നനഞ്ഞ വസ്‌ത്രങ്ങള്‍ മാറ്റി അയാള്‍ അടുക്കളയില്‍ ചെന്നു. അടുപ്പിന്റെ ചുവട്ടില്‍നിന്ന്‌ കൈകള്‍ തീയിലുണക്കി. ശരീരമാകെ വിറയ്‌ക്കുന്നു. അയാളുടെ ഭാര്യ കോഴികള്‍ക്ക്‌ തീറ്റ കൊടുക്കുകയായിരുന്നു. മഴ കാരണം അവയൊന്നും പുറത്തുവരുന്നില്ല.

ഉച്ചയ്‌ക്ക്‌, കൃത്യമായി പറഞ്ഞാല്‍ അഞ്ചുമിനിറ്റ,്‌ സൂര്യന്‍ വന്നു. പിന്നെ, വെല്ലുവിളിച്ചുകൊണ്ട്‌ മറ്റൊരുമഴ. ഊണുകഴിഞ്ഞ്‌, സുഖനിദ്രയിലേക്കുകടക്കുമ്പോള്‍, അയാളെ ഭാര്യ വിളിച്ചു. ഭയത്തോടെ അവള്‍ പറഞ്ഞു. തൊഴുത്തില്‍ ഒരാള്‍. കന്നുകാലികള്‍ ഒന്നുമില്ലാത്തതിനാല്‍, വിറകുസൂക്ഷിക്കുന്നത്‌ തൊഴുത്തിലാണ്‌. വിറകുപെറുക്കാന്‍ ചെന്നതായിരുന്നു അവള്‍.

വെള്ളത്തില്‍ക്കുളിച്ച്‌ നില്‍ക്കുന്ന ഒരു വയസ്സന്‍. പകുതിയടഞ്ഞ കണ്ണുകള്‍. കാലുകളില്‍ മുട്ടോളം വെളുത്തപാടുകള്‍. മഴയില്‍ വന്നടിഞ്ഞ ഒരു ജീവിയെപ്പോലെ അയാള്‍ നിന്നുവിറയ്‌ക്കുന്നു.
എന്താ?

ഉമ്മറത്തുനിന്നിറങ്ങാതെ അയാള്‍ ചോദിച്ചു. അയാള്‍ കേട്ടില്ല. ചോദ്യം ഒരിക്കല്‍ക്കൂടി.
വയസ്സന്‍ തൊഴുതു.

മഴ. കഴിഞ്ഞ ഒരാഴ്‌ചയായി തോരാത്ത മഴ. മുഴുവന്‍ നനഞ്ഞു. ഈ തുണിയൊന്ന്‌ പിഴിഞ്ഞുടുക്കാര്‌ന്ന്‌. വയസ്സന്റെ ഉടുവസ്‌ത്രങ്ങളില്‍നിന്നും ജലം ഇറയ്‌ക്കുന്നു.

അയാള്‍ക്ക്‌ ഭയം തോന്നി.

തുണി എപ്പോഴുണങ്ങാനാണ്‌. അതിനിടയില്‍ ഇവിടെയെങ്ങാനും കിടന്ന്‌...
അതെ... പട്ടിയെ മഴ കാരണം കെട്ടാന്‍ കിട്ടിയില്ല. അതെപ്പഴാ കേറിവര്‌ന്ന്‌ അറിയില്ല. പൊയ്‌ക്കോളൂ... അയാള്‍ നുണ പറഞ്ഞു. വൃദ്ധന്‍ സമ്മതിച്ച്‌ തലയാട്ടി. നനഞ്ഞ തുണി കൊണ്ടുള്ള ഭാണ്‌ഡക്കെട്ടെടുത്ത്‌, തലയില്‍ വച്ച്‌ മഴയിലേക്കിറങ്ങി.

പിന്നീടയാള്‍ ഉറങ്ങിയില്ല. പത്രമെടുത്ത്‌ നിവര്‍ത്തി. പത്രത്തില്‍ മഴക്കെടുതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളമുണ്ടായിരുന്നു. അയാള്‍ക്ക്‌ പത്രത്തില്‍ മുഴുകാനായില്ല. ഒരസ്വസ്ഥത മനസ്സില്‍ ഉറവ പൊട്ടുന്നു. മഴയില്‍നിന്നും വന്ന വൃദ്ധന്റെ രൂപം ഉള്ളില്‍നിന്നും ഇറങ്ങിപ്പോകുന്നതേയില്ല. നാട്ടിന്‍പുറത്തെ ഓരോവീടും അയാള്‍ക്ക്‌ പരിചിതമായിരുന്നു. മഴയില്‍ അങ്കുരിച്ചുവന്ന ആ വൃദ്ധന്‍ ഇവിടുത്തുകാരനല്ലെന്ന്‌ അയാള്‍ക്കതിനാല്‍ ഉറപ്പായിരുന്നു.

ഏഴുമണിക്കുള്ള ദൂരദര്‍ശന്‍ വാര്‍ത്തയില്‍ വെള്ളത്തിനടിയിലായ പ്രദേശങ്ങളുടെയും താറുമാറായ ജീവിതത്തിന്റെയും ദൃശ്യങ്ങള്‍ നിരന്നു. ഒരാഴ്‌ചകൂടി പരക്കെ മഴ പെയ്യുമെന്ന്‌ കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാല്‍നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മഴയാണത്രേ ഇത്‌.
കട്ടന്‍ചായയുമായി ഭാര്യ വരുമ്പോള്‍, അയാള്‍ ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഭാര്യ അയാളെ കൗതുകത്തോടെ നോക്കി. പുറത്ത്‌ മഴയുടെ താണ്‌ഡവം തുടരുകയാണ്‌. ഒന്നും പറയാതെ അയാള്‍ പുറത്തേക്കിറങ്ങി.

തെരുവ്‌ മനുഷ്യവാസമില്ലാത്ത പ്രദേശം പോലെ നിര്‍ജീവമായിരുന്നു. കടത്തിണ്ണകളിലേക്ക്‌ അയാള്‍ ടോര്‍ച്ചുതെളിച്ച്‌ നോക്കി. അവിടമാകെ തെരുവുപട്ടികളുടെ വരുതിയില്‍ ആയിരിക്കുന്നു. കവല മുഴുവന്‍ നടന്നു തീര്‍ത്ത്‌ നിരാശനായി മടങ്ങുമ്പോള്‍ അയാള്‍ വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു.

വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അയാള്‍ കുട മടക്കിവച്ചു. മഴയുടെ അസഹിഷ്‌ണുത ശരീരത്തിലനുഭവിച്ചു. ഇരുട്ടിലൂടെ നടക്കുമ്പോള്‍ മുഖത്തുകൂടി ഒഴുകിവന്ന മഴവെള്ളം വായിലേക്കിറ്റു വന്നു.
അതിന്‌ ഉപ്പുരസമായിരുന്നു.

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മണ്ണില്‍ പെയ്ത മഴയുടെയും മനസ്സില്‍ പെയ്ത മഴയുടെയും ഈ കഥ വളരെ ഇഷ്ടപ്പെട്ടു..ആശംസകള്‍.

Naushu said...

വളരെ നന്നായിരിക്കുന്നു.

മഴപ്പക്ഷി..... said...

വളരെ ഇഷ്ടപ്പെട്ടു.......ഒരു ചെറിയ നോവ്‌ മനസ്സില്‍ അവശേഷിപ്പിച്ചു.....

Compassionate Companion said...

valere nannayirikkunnunnu. keep on writing