Sunday, November 21, 2010

മണ്ണ്‌ പറഞ്ഞ കഥ


ഒരിടത്ത്‌ ഒരച്ഛനും മകനും ജീവിച്ചിരുന്നു. അച്ഛന്റെ പേര്‌ ഔസേപ്പെന്നും മകന്റെ പേര്‌ ജോണിക്കുട്ടിയെന്നുമായിരുന്നു. ഒറ്റ മോനായിരുന്നു ജോണിക്കുട്ടി. ഒന്നായാലും ഉലക്കയ്‌ക്കടിച്ചു വളര്‍ത്തണമെന്നൊന്നും ഔസേപ്പിനറിയില്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിയുമാണ്‌. അതിനാല്‍ ഔസേപ്പവനെ ആകാശത്തില്‍ വച്ച്‌ വളര്‍ത്തി.

അധ്വാനിയായിരുന്നു ഔസേപ്പ്‌. ഭൂമിയിലായിരുന്നു അധ്വാനം. ഇരകടിക്കുമെന്ന്‌ ഭയന്ന്‌ ഔസേപ്പ്‌ ജോണിക്കുട്ടിയെ മണ്ണില്‍ തൊടീച്ചില്ല. കടല്‍മണ്ണ്‌ പോലുള്ള കൈകളില്‍ തഴമ്പ്‌ വീഴുമെന്ന്‌ കരുതി തൂമ്പാ തൊടീച്ചില്ല. നീരിറങ്ങുമെന്ന്‌ കരുതി മഴയോ, കരുവാളിക്കുമെന്ന്‌ കരുതി വെയിലോ കൊള്ളിച്ചില്ല. ഔസേപ്പ്‌ മണ്ണില്‍ കിളച്ചു. മഴയത്ത്‌ നനഞ്ഞു. വെയിലത്ത്‌ വിയര്‍ത്തു.ജോണിക്കുട്ടി തന്നെ പൊന്നുപോലെ നോക്കുമെന്ന്‌ ഔസേപ്പ്‌ വിചാരിച്ചു. അവന്‍ വളര്‍ന്നു വലുതാകുന്നത്‌ സ്വപ്‌നം കണ്ടു.

ജോണിക്കുട്ടി പത്താം ക്ലാസും പ്രീഡിഗ്രിയും ഡിഗ്രിയുമെല്ലാം പാസാകുന്നതു കണ്ട്‌ അപ്പന്‍ അഭിമാനിച്ചു.ഔസേപ്പിനിപ്പൊ പ്രായമായി. ചൊമയും കൊരയുമായി. തൂമ്പാ കൈയില്‍ നിക്കാതായി. വീട്ടിന്റെ ഉമ്മറത്തിരുന്ന്‌ രാത്രി രാത്രി ചുമപ്പ്‌ തുപ്പി.

ജോണിക്കുട്ടി പതിവുപോലെ ഷര്‍ട്ടുംതേച്ചിട്ട്‌ സ്‌പ്രേയുമടിച്ച്‌ പുറത്തിറങ്ങി. അപ്പൊത്തന്നെ സുഹൃത്തിന്റെ ബൈക്ക്‌ വന്നു. അതിന്റെ പുറകിലിരുന്ന്‌ സിഗരറ്റിന്‌ തീ കൊടുത്തു.ഔസേപ്പിന്‌ സങ്കടം വന്നു. കാര്യമായ സമ്പാദ്യമൊന്നും കയ്യിലില്ല. അറിഞ്ഞു പെരുമാറേണ്ട ചെക്കനിങ്ങനെയായാല്‍? അപ്പന്‍ മകനെ ഗുണദോഷിക്കാന്‍ ചെന്നു.

``എന്നെ എന്നാപ്പിന്നെ ആദ്യമേ കിളയ്‌ക്കാന്‍ വിട്ടാപ്പോരായിരുന്നോ? എന്നാത്തിനാ പഠിപ്പിച്ചത്‌? തൂമ്പാപ്പണിക്കിനി പോവാന്‍ പറ്റ്വോ?''
താന്‍ ചെയ്‌തത്‌ വലിയൊപരാധമാണെന്ന്‌ അപ്പനു തോന്നി. പോയബുദ്ധി പിടിച്ചാ കിട്ടില്ലല്ലോ. പഠിപ്പിച്ചുപോയത്‌ പഠിപ്പിച്ചു പോയി.

ഒരുദിവസം ജോണിക്കുട്ടി ഒരു പെങ്കൊച്ചിനേം കൊണ്ട്‌ വന്നു. അപ്പാ, ഇതെന്റെ ഭാര്യയാണ്‌, മകന്‍ പരിചയപ്പെടുത്തി. രജിസ്‌ട്രാപ്പീസിന്ന്‌ കല്യാണം നടത്തി വന്നിരിക്കുകയാണ്‌. ഏതോ വലിയ വീട്ടിലെ കൊച്ചാണ്‌. ജോണിക്കുട്ടീടെ ചൊവന്ന മോഖോം വെളുത്തചിരീം കണ്ടിട്ട്‌ എറങ്ങി വന്നതാണ്‌. ഇതധികകാലം പോവത്തില്ലെന്ന്‌ ഔസേപ്പപ്പഴേ കൂട്ടിക്കിഴിച്ചു. അല്‍ഭുതമൊന്നുമേ സംഭവിച്ചില്ല. ഒരു കൊച്ചായിക്കഴിഞ്ഞ്‌ അവളവളുടെ പാട്ടിന്‌ പോയി. കൊച്ചിനെയൊന്നും എടുക്കാന്‍ മെനക്കെട്ടില്ല. വീട്ടുകാര്‍ പണച്ചാക്കാണ്‌. പൊന്നും പണ്ടോമിട്ട്‌ അതിനെ വീണ്ടും കെട്ടിച്ചുവിട്ടു.

ഇതോടെയാണ്‌ ജോണിക്കുട്ടിയില്‍ പ്രകടമായ മാറ്റം വന്നത്‌. അവനില്‍ അഭിമാനബോധമുണര്‍ന്നുവെന്നും, ഇനിയവന്‍ രക്ഷപ്പെടുമെന്നും അച്ഛന്‍ പ്രതീക്ഷിച്ചു. പണമുണ്ടാക്കണമെന്നാണ്‌ അവന്റെ ചിന്തയെന്നറിഞ്ഞപ്പോത്തൊട്ട്‌ അപ്പന്‌ ആധിയായി. ഔസേപ്പിന്റെ പഴയബുദ്ധിവച്ച്‌ ചിലതെല്ലാം പറഞ്ഞുനോക്കി.
`നാടോടുമ്പം നടുവേ ഓടണം അപ്പാ. നോക്കിക്കേ, ഒന്നു രണ്ടു വര്‍ഷം കഴിയട്ടെ. ജോണിക്കുട്ടിയെ പിന്നെ കാണാന്‍ കിട്ടത്തില്ല.'
പെട്ടെന്നൊരു ദിവസം ജോണിക്കുട്ടിയെ കാണാതായി. രണ്ട്‌ ദെവസം ഔസേപ്പ്‌ കാത്തു. ചെലപ്പൊയിങ്ങനെ വരാതിരിക്കാറുണ്ട്‌. ചെറുമകന്‍ ചെക്കന്റെ കരച്ചില്‍ കണ്ടപ്പൊ, ഔസേപ്പിന്‌ ഇരിക്കപ്പൊറുതി മുട്ടി. ഔസേപ്പ്‌ അവനേം കൂട്ടി ചേലോക്കാരന്‍ മൊതലാളീടെ വീട്ടീച്ചെന്നു.
`അവനെ ഞാനിന്നലേ തെരക്കുവാണേ. ഞങ്ങടെ കൊറച്ച്‌ കാശും അവന്റെ കൈയിലൊണ്ടേ - കൂട്ടത്തീ പറഞ്ഞന്നേയുള്ളൂ. കാരണവര്‌, അവന്റെ കൂട്ടുകാരുടെ വീട്ടിലെങ്ങാനുമൊന്ന്‌ തെരക്ക്‌. കണ്ടാ എന്നേം അറീക്ക്‌' ചേലോക്കാരന്‍ ഉപദേശിച്ചു.

വര്‍ഷമിപ്പോ ഒന്നായി. നടന്നു നടന്ന്‌ ഔസേപ്പിന്റെ ശരീരം വില്ലുപോലെ വളഞ്ഞു. ജോണിക്കുട്ടിയെ മാത്രം കിട്ടീല. ഇതിനെടേല്‌ ജോണിക്കുട്ടിയെ കാണാതായതുമൊതല്‌ പൈസാ ചോദിച്ച്‌ പലരും വീട്ടില്‍ കയറിയിറങ്ങി. ഔസേപ്പിന്‌ പലരേം പരിചയമില്ല; കൊടുക്കാന്‍ കൈയില്‍ കാശുമില്ല. വന്നവര്‍ വീട്ടിലൊണ്ടായിരുന്ന ചെറിയ വില കിട്ടുന്ന സാധനങ്ങള്‍ വരെ എടുത്തോണ്ടുപോയി.ചേലോക്കാരന്‍ അറിയാതെ ജോണിക്കുട്ടി എങ്ങും പോവത്തില്ലെന്ന്‌ ചെലര്‌ പറഞ്ഞു. ചേലോക്കാരന്റെ വിശ്വസ്‌തനായിരുന്നല്ലോ ജോണിക്കുട്ടി.

ഔസേപ്പ്‌ വീണ്ടും ചേലോക്കാരന്റെ വീട്ടില്‍ ചെന്നു. മൊതലാളി ഒറക്കത്തിലാണ്‌. ഔസേപ്പ്‌ മുറ്റത്ത്‌ കുത്തിയിരുന്ന്‌, നെടുവീര്‍പ്പിട്ടു. അവിടത്തെ മണ്ണിന്റെ അപരിചിതത്വം ഔസേപ്പിനെ ശ്രദ്ധാലുവാക്കി. ഔസേപ്പിന്റെ ചിരകാല സുഹൃത്താണത്‌. ഔസേപ്പ്‌, മുട്ടുകുത്തി മണ്ണിനെ മൂക്കിനോടടുപ്പിച്ചു.

അപ്പാ... അപ്പാ...ആരോ വിളിച്ചപോലെ ഔസേപ്പിനു തോന്നി. അയാള്‍ ചെവി വട്ടം പിടിച്ചു. അയാളുടെ ചെവി വളരെ പഴകിപ്പോയതായിരുന്നു.മകന്‍ വീണ്ടും വിളിച്ചു. അപ്പന്‍ ഒന്നും കേട്ടില്ല. അവന്റെ ശബ്‌ദത്തില്‍ ഗദ്‌ഗദം നിറഞ്ഞുനിന്നു. കാറ്റായിവന്ന്‌ അവന്‍ അപ്പനെ തൊട്ടു.

അപ്പോഴേക്കും ചേലോക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ഔസേപ്പ്‌ മകനെ ചോദിച്ചു. ചേലോക്കാരന്‍ കൈമലര്‍ത്തി കാട്ടി. ജോണിക്കൂട്ടീടെ മകനെ അടുത്തു വിളിച്ച്‌ മുഖത്ത്‌ തലോടി. നൂറുരൂപേടെ നോട്ട്‌ പോക്കറ്റിലിട്ടുകൊടുത്തു.
`നമുക്കിന്നൊരു തൂമ്പാ വാങ്ങണം.'ചേലോക്കാരന്റെ ഗേറ്റു കടന്നപ്പൊ, ഔസേപ്പ്‌ ചെറുമകനോട്‌ പറഞ്ഞു.`എന്തിനാ അപ്പാപ്പാ?'`നമുക്കിന്നൊരു കൂറ്റന്‍ മതിലു ചാടണം. രാത്രീല്‌. എന്നിട്ടൊരിടം കിളയ്‌ക്കണം. പേടീണ്ടോ?'
`എനിക്ക്‌ പേടീന്നൂല്ല.'വീഴാന്‍ പോയ അപ്പാപ്പനെ അവന്‍ മുറുകെപ്പിടിച്ചു.

അതേസമയം ചേലോക്കാരന്‍ ചില കുണ്‌ഠിതങ്ങളില്‍പ്പെട്ട്‌ നട്ടംതിരിഞ്ഞു. ഒടുവില്‍ തന്റെ വിശ്വസ്‌തരായ രണ്ട്‌ അനുചരരെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു:

``നമ്മള്‌ മുറ്റത്തു കുഴിച്ചിട്ട സാധനമില്ലേ, മുളച്ചു കയറി വന്നാലോ? കാലം മോശമാണേ! അതോണ്ട്‌ തോണ്ടിയെടുത്ത്‌ വല്ല ആറ്റിലോ കൊളത്തിലോ കെട്ടിത്താഴ്‌ത്തിക്കോണം; ഇന്നു രാത്രി തന്നെ.''

4 comments:

haina said...

പാവം ഔസേപ്പ്

കുഞ്ചുമ്മാന്‍ said...

vayichittoru cheriya vishamam...

കിരണ്‍ said...

കഷ്ടം...

jayanEvoor said...

സരളമായ കഥ.
ആശംസകൾ!

പാരഗ്രാഫ് തിരിച്ച് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ വായൻ എളുപ്പമായേനെ.