Pages

Sunday, September 26, 2010

ജീവിതം ഇങ്ങനെയൊക്കെയാണ്


അയ്യോടാ ഇതാരാ വരുന്നേ. കേറിവാ... കേറിവാ... ബൈക്കെടുത്ത്‌ കാര്‍പോര്‍ച്ചിലേയ്‌ക്ക്‌ വച്ചേക്ക്‌. രാവിലെ നല്ല മഴക്കോള്‌ . ഏയ്‌ നീക്കി വച്ചോ. അങ്ങനെ. ഇല്ലേലതിരുന്ന്‌ നനയില്ലേ. കൂടെയുള്ളത്‌? ഞാന്‍ മറന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നു. മറിവി ഇപ്പൊ വല്ലാത്ത മറവി. പ്രായോം ഇത്തിരി ആയേ.അയ്യോടി, നീയിത്‌ കണ്ടില്ലേ. നമ്മുടെ മരുമോന്‍ വന്നത്‌ കണ്ടില്ലേ. നിങ്ങളിതെന്താ ഇരിക്കാനുള്ളത്‌ കൊണ്ടുവന്നില്ലേ? വന്ന കാലീത്തന്നെ നിക്കണത്‌ ? ആ കുഷ്യനുള്ള സീറ്റിലിരിക്കന്നേ. ഞാനിരിക്കാത്തോണ്ടാണോ ഇരിക്കാന്‍ വിഷമം. ഞാനിരുന്നല്ലോ.എടിയേ, രണ്ട്‌ ചായയിങ്ങെടുക്ക്‌. രാവിലെ യാത്ര ചെയ്‌ത ക്ഷീണമുണ്ടാകും കടുപ്പത്തിലായിക്കോട്ടെ. കഴിക്കാനെന്തെങ്കിലും തയ്യാറാക്ക്‌. വേണ്ടാന്ന്‌ പറഞ്ഞാലെങ്ങനാ ശരിയാവ്വ്വ. രാവിലെ ഇറങ്ങിയതല്ലേ ഒന്നും കഴിച്ചു കാണില്ല. കല്യാണത്തിന്‌ ഇനി ഒരാഴ്‌ച്ചേ ഒള്ളേ. ആഹാരം ശരിയായില്ലേ ശരീരം ക്ഷീണിക്കും. എന്റെ മോക്ക്‌ വല്ലാത്ത സങ്കടാവും. എടീ, നീയിങ്ങനെ വാതിക്കല്‌ വാ പിളര്‍ന്ന്‌ നിക്കാതെ അടുക്കളേലേക്ക്‌ ചെന്നേ.അല്ലല്ലേ, മരുമോനേ, നിന്റെ മുഖോന്താ, കടന്നല്‌ കുത്തിയമാതിരി ? എപ്പഴും ചിരി മാത്രോള്ള മൊഖാണല്ലോ. ഓ... ഓ... സംഗതി പിടികിട്ടീത്‌ ഇപ്പോഴല്ലേ. ഞാനൊരു ആനമണ്ടന്‍ തന്നെ. ഒന്നൊള്ളത്‌ പറഞ്ഞാല്‌ നിനക്ക്‌ വിഷമം തോന്നരുത്‌. തോന്നിയാലും പരിഭവമില്ല. പറയേണ്ടത്‌ അപ്പപ്പൊ പറയണം. അതെനിക്ക്‌ നിര്‍ബന്ധാ. മോന്റെ അമ്മയ്‌ക്കും പെങ്ങക്കും മാനേഴ്‌സ്‌ കൊറവാ. ഇന്നലെ അവരിവിടെ വന്നിരുന്നു. മോളെ കണ്ടേ മടങ്ങൂ എന്ന്‌ പറഞ്ഞു. തെറ്റല്ല. അമ്മായിയമ്മയും നാത്തൂനുമാണ്‌. ഒന്ന്‌ വിളിച്ചു പറഞ്ഞിട്ട്‌ അവര്‍ക്കു വരാമായിരുന്നു. അവളെന്നും ആപ്പീസിന്ന്‌ നേരത്തെ വരണതാ. ഇന്നലെ എന്താ പറ്റിയതെന്ന്‌ ഒരെത്തും പിടിയും കിട്ടിയില്ല. ആപ്പീസില്‌ വളിച്ചപ്പൊ അവിടുന്ന്‌ എറങ്ങീട്ടുമുണ്ട്‌. അമ്മാത്ത്‌ന്ന്‌ പുറപ്പെട്ടു ഇല്ലെത്തെത്തീല്ല.- എന്നു പറഞ്ഞ മാതിരി. ഇന്ന്‌ രാവിലെയല്ലേ വിവരമറിയണത്‌. ഇന്നലെയവള്‌ കൃത്യം അഞ്ചു മണിക്കു തന്നെ അപ്പീസിന്നെറങ്ങി. കോട്ടയം ഫാസ്റ്റില്‍ കയറി. എളുപ്പമിങ്ങ്‌ എത്തൂലോന്ന്‌ കരുതി. ബസ്സിലിരിക്കുമ്പോ ഒരു തലക്കറക്കം. പാവം കുട്ടി. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത്‌ അവളറിഞ്ഞതേയില്ല. നോക്കണേ, ദൈവത്തിന്റെ ഒരോ പരീക്ഷണങ്ങള്‌. കൊട്ടാരക്കര കഴിഞ്ഞപ്പോഴാണ്‌ അവള്‍ക്ക്‌ ഓര്‍മ്മ തിരിച്ചു വന്നത്‌. നേരം ഇരുട്ടിയിരിക്കുന്നു.പരിചയമില്ലാത്ത സ്ഥലം. എന്റെ കുട്ടി വല്ലാതെ ഭയന്നു പോയി. ദൂരയാത്ര ചെയ്‌ത്‌ ശീലമില്ലേ. ലോകപരിചയോള്ള കുട്ടിയല്ലല്ലോ. ആകെ പരിഭ്രമമായി. നോക്കണേ ദൈവത്തിന്റെ കാരുണ്യം. ഓഫീസിലെ ഡ്രൈവറുണ്ട്‌ തൊട്ടടുത്ത സീറ്റിലിരിക്കുന്നു. നല്ലൊരു പയ്യന്‍. അവനിവിടെ വന്നിട്ടുണ്ട്‌. അവന്റെ ബന്ധുവീട്‌ കോട്ടയത്തുണ്ട്‌. ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവനവളെ കോട്ടത്തെത്തിച്ചു. രാവിലെ, അവന്‍ വിളിച്ചപ്പോഴല്ലേ വിവരമറിയണത്‌. മോന്റെ രണ്ട്‌ അളിയന്മാരും കൂടി, അവളെ കൂട്ടിക്കൊണ്ട്‌ വരാന്‍ പോയിട്ടുണ്ട്‌. അവളേം കൊണ്ട്‌ അവരിപ്പഴിങ്ങ്‌ എത്തത്തില്യോ. ദാ, ഈ പുട്ടും കടലേം കഴിക്കുമ്പോഴത്തേക്കും അവരിങ്ങ്‌ എത്തും. അല്ല നിങ്ങളിറങ്ങായോ.ചായേങ്കിലും കുടിച്ചിട്ട്‌ പോന്നേ. ദേ, മഴ വീണു തുടങ്ങി. മഴ തീര്‍ന്നിട്ട്‌ പോവാന്നേ. കല്യാണത്തിന്‌ ഈ കുട്ടി പനി പിടിച്ച്‌ കിടക്കൂലോ, ഈശ്വരാ.

5 comments:

lekshmi. lachu said...

enikkonnum manassilaayillya..ente kuzhappavum tou.

shaji.k said...

അപ്പൊ ആ കല്യാണം മുടങ്ങി.

എസ്.ആര്‍.ലാല്‍ said...

yes

കുഞ്ചുമ്മാന്‍ said...

Beautiful....

sunil said...

aliyaa.. ithu olichottamano atho oneday programmsil onno?