Monday, October 29, 2007
ഗൃഹാതുരം
വീട് അപരിചത മുഖത്തോടെ എന്നെ തുറിച്ച് നോക്കി, ഞാനതിനെയും.
ഓട് മാറി ടെറസ്സായി. കോട്ടപോലെ വലിയ മതില്‍ ചുറ്റിലും.
ഗേറ്റിനെ കരയിപ്പിച്ചു. വീട്ടമ്മ ജനാലയിലൂടെ സംശയിച്ചു.
ഞാനവരോട് വിശദീകരിച്ചു :
ജനിച്ചു വളര്‍ന്ന വീടിവിടായിരുന്നു. പത്തിരുപത് വര്‍ഷമായി ദൂരെ പട്ടണത്തില്‍. ഇങ്ങോട്ട് വന്നിട്ട് തന്നെ ഏഴെട്ട് വര്‍ഷമായി. ഒരു വിവാഹത്തിന് കൂടാന്‍ വന്നതാണ്. ഇവിടമൊന്ന് കാണണമെന്ന് തോന്നി. ഇനിയെന്നെങ്കിലും വരാന്‍ കഴിയുമോ എന്നുതന്നെ അറിയില്ല.
വീടിനു ചുറ്റും കണ്ണു തുറന്നു നടന്നു. നിരാശ തോന്നി. ഓര്‍മ്മകളെ ഉണര്‍ത്തുന്ന ഒന്നുമില്ല. ഒന്നും. എല്ലാം മാറ്റപ്പെട്ടിരിക്കുന്നു. നിരാശനായി തിരഞ്ഞു നടക്കവേ, റോസാച്ചെടി ഷര്‍ട്ടിന്റെ കയ്യില്‍ പിടിച്ചു നിര്‍ത്തി.
മറന്നോ എന്നെ?
റോസാച്ചെടി മൃദുശബ്ദത്തില്‍ ചോദിക്കുന്നു.
കരിഞ്ഞു തീരാറായ ഒന്ന്.
അതിന്റെ കമ്പൊടിക്കുമ്പോള്‍ വീട്ടമ്മ ഉപദേശിച്ചു:
ഞങ്ങളിവിടം വാങ്ങുമ്പഴേ ഉള്ളതാ. ഇന്നോളം പൂത്തിട്ടില്ല. നിങ്ങളത് ചുമക്കുന്നത് വെറുതെ.
ആ ചെടിയാണീ പൂവിട്ട് നില്‍ക്കുന്നത്! അതിനാണ് മണമൊന്നുമില്ലെന്ന് മകള്‍ പറയുന്നത്!
മൂക്കിനെ ഞാനൊന്നുണര്‍ത്തുന്നു.
ഉണ്ടല്ലോ പഴയ ചില ഗന്ധങ്ങള്‍ - പുതുനെല്ലിന്റെ, രാസ്‌നാദിപ്പൊടിയുടെ, ചാണകത്തിന്റെ, ഉമിക്കരിയുടെ...
അതെന്നെ വന്ന് പൊതിയുന്നല്ലോ.
Friday, October 26, 2007
പ്രവൃത്തി - തൃപ്തി
Monday, October 22, 2007
കല്ലും മരവും
മഴക്കാലം കഴിഞ്ഞപ്പോള്‍ കല്ലിനടിയില്‍ കിടന്ന് ഒരു വിത്ത് നിലവിളിച്ചു.
ഒന്ന് മാറിത്തായോ, എനിക്ക് ശ്വാസം മുട്ടുന്നേ. കല്ല് കല്ലുപോലെ ഇരുന്നു.
കല്ലിനെ വളഞ്ഞ് വിത്തിന്റെ കുരുപ്പ് പൊട്ടി. മൂക്ക് കണ്ണട പോലുള്ള ഇലകള്‍ പിടിച്ച് അത് കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും നോക്കി.
ചെടി വളര്‍ന്നു മരമായി, ഭൂമിക്ക് തണലായി, കിളികള്‍ക്ക് കൂടായി, കാറ്റിന് ചിറകായി.
ഒരു ദിവസം മരം ചോദിച്ചു : " എടാ കല്ലേ, എടാ പുല്ലേ, നീ എത്ര നോക്കി ഞാന്‍ വളരാതിരിക്കാന്‍. എന്നിട്ടെന്തായി? "
അപ്പോള്‍ കല്ല് ഉളുപ്പില്ലാതെ പറഞ്ഞു : " എന്റെ വളമില്ലങ്കില്‍ കാണാമായിരുന്നു."
Sunday, October 14, 2007
സൗഹൃദം
കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ചുംബിച്ചു. മദ്യപിച്ചു. കടല്‍ത്തീരത്ത് നടന്നു. ബാല്യകാലത്തെ അനുസ്‌മരിച്ചു. ഞാനെറിഞ്ഞ കല്ലുകൊണ്ടു മുറിഞ്ഞ നെറ്റിയിലെ തഴമ്പ് കാണിച്ചു. ഇത് നിന്റെ മേലുള്ള ചിരകാല സ്‌മരണയാണെന്നു പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കരച്ചില്‍ വന്നു. പിരിഞ്ഞ് പിന്‍തിരിയുമ്പോള്‍ സമയം കളയാതെ ഇടപാടുകാരനെ ഒച്ചതാഴ്‌ത്തി വിളിച്ചു. നിങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെതന്നെ അവനെ അയച്ചിട്ടുണ്ട്. ഇവനെ കയ്യീക്കിട്ടാനായി നിങ്ങളെത്രയോ നാളായി കഷ്ടപ്പെടുകയാണ്. ഉത്തരവാദിത്വത്തോടെ ഞാനെന്റെ ജോലി ചെയ്‌തിട്ടുണ്ട്. പറഞ്ഞുറപ്പിച്ചതീന്ന് ചില്ലിക്കാശും കുറയ്‌ക്കരുത്.
സൗഹൃദത്തിന് ഇക്കാലത്ത് വിലയില്ലെന്ന് പറഞ്ഞത് ഏവനടാ തെണ്ടീ?
ദുരവസ്ഥ
നാട്ടിലെ പട്ടിണി കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഞാന്‍ ഭക്ഷണം കഴിക്കുന്നത്.
നിരത്തിലെ നിലവിളി കേള്‍ക്കാന്‍ കരളുറപ്പില്ലാത്തതിനാലാണ് ഞാന്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത്.
അത്രയും തൊഴില്‍ കൂടുമല്ലോ എന്നു കരുതീട്ടാണ് നിങ്ങളീ പറയുന്ന കൂറ്റന്‍ മാളിക പണിതത്.
കൂലിപ്പണിക്കാരോടുള്ള ബഹുമാനം ഒന്നുകൊണ്ട് മാത്രമാണ് ഞാനവരുമായി ഇടപഴകാത്തത്.
ഇത്രയും മനസ്സു തുറന്നിട്ടും നിങ്ങളെന്നെ സംശയിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല.
Subscribe to:
Posts (Atom)