Monday, August 20, 2007
ഇറച്ചിക്കോഴി
ഇറച്ചിക്കോഴിക്കച്ചവടക്കാരന്റെ വീട്ടിലെ വളര്‍ത്തുകോഴി ഇറച്ചിക്കോഴി കൂട്ടിനകത്തേക്ക് എത്തിനോക്കി. തടിച്ചു വെളുത്ത മുട്ടന്‍ കോഴികള്‍. തന്നെത്തന്നെ നോക്കിനിന്ന ഇറച്ചിക്കോഴിയോട് വളര്‍ത്തുകോഴി പരിഭവം പറഞ്ഞു.എനിക്ക് വല്ലോം കിട്ടണോങ്കി വീട്ടമ്മ കനിയണം. ഇല്ലെങ്കി പറമ്പിലെ പുഴൂനേം പാറ്റേനേം പിടിക്കണം. നിങ്ങക്കിവിടെ കുശാല്‍ തന്നെ. ചുമ്മാതല്ല വെളുത്ത് തടിച്ചിരിക്കുന്നത്. നൂറുകിലോ ഇറച്ചിക്കുള്ള ഓഡര്‍ രാവിലെ കിട്ടിയതു മുതല്‍ ഇറച്ചിക്കോഴി ജലപാനം കഴിച്ചിട്ടില്ല. പേടികൊണ്ട് അതിന്റെ തൂവലുകള്‍ കൊഴിഞ്ഞു. അതിലൊന്ന് സമ്മാനിച്ച് ഇറച്ചിക്കോഴി പറഞ്ഞു: എന്റെ ഓര്‍മ്മയ്ക്ക്.പെട്ടെന്ന് കച്ചവടക്കാരന് അകത്തു വന്നു. വ്യസനപ്പെട്ടിരിക്കുന്ന കോഴിയെ തൂക്കിയെടുക്കുമ്പോള്‍ അത് കരയാന്‍ പാടുപെട്ടു. ത്രാസിന്റെ കനിവില്‍, ഇറച്ചിക്കോഴി വീണ്ടും കൂട്ടിനകത്ത് വന്നു. 'നീയെന്തിനാ നിലവിളിച്ചത്?''ദിവാസ്വപ്നം കണ്ടതാ' - ഇറച്ചിക്കോഴി പറഞ്ഞൊപ്പിച്ചു. അതിന്റെ വിറയല്‍ അടങ്ങിയിരുന്നില്ല. ' ഓ, എനിക്കും ദിവാസ്വപ്നം കാണാന്‍ വലിയ ഇഷ്ടവാ. ഈയിടെയൊന്നും പക്ഷെ കാണാറേയില്ല. നിന്റെയൊരു ഭാഗ്യമേ!' വളര്‍ത്തുകോഴി പോകുന്ന പോക്കില്‍ ഇറച്ചിക്കോഴിയുടെ സമ്മാനത്തൂവലിനെ പുച്ഛത്തോടെ വലിച്ചെറിഞ്ഞു കളഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ലാല്‍...
മനോഹരം...അതിമനോഹരം
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
Post a Comment