Pages

Monday, December 31, 2007

ഉറക്കമില്ലായ്‌മ

' നല്ലയിനം കഥ കായ്‌ക്കുന്ന ചെടിയാണ്‌ സാര്‍.'
കൗതുകത്തോടെ വിത്ത്‌ വാങ്ങി മുറ്റത്ത്‌ കുഴിച്ചിട്ടു.
ചെടി വളരാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു.
ഉള്ളില്‍ നിന്നും എപ്പോഴുമൊരു വിമ്മല്‍, ഉറക്കമില്ലായ്‌മ ഇത്യാദി.
ഡോക്ടറെ കണ്ടു.
രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി.
പകയോടെ ചെടിയെ വേരോടെ പിഴുത്‌ റോഡിലേക്കൊരേറ്‌.
അപ്പൊത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി.

Wednesday, December 26, 2007

വികസനം




വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Saturday, December 22, 2007

കിണറ്‌




സ്ഥാനം നോക്കിയാണ്‌ കിണറ്‌ കുഴിക്കാന്‍ തുടങ്ങിയത്‌. നന്നായി വെള്ളം കിട്ടുന്ന സ്ഥലമാണ്‌. കുഴിച്ചു ചെന്നപ്പോ പാറ. പാറപൊട്ടിച്ചാല്‍ വെള്ളം കിട്ടുമെന്ന്‌ പണിക്കാര്‌ പറഞ്ഞു.
പാറപൊട്ടിച്ചിട്ടും വെള്ളം മാത്രം കിട്ടിയില്ല.
കിട്ടയത്‌, കുറിച്ചിട്ടി നടത്തീട്ട്‌ മുങ്ങിയ ദിനേശനെയും വീസാത്തട്ടിപ്പ്‌ നടത്തീട്ട്‌ കാണാതായ ജോര്‍ജിനേം.

Wednesday, December 19, 2007

വാണിഭം



പെണ്ണിന്‌ സ്ത്രീധനം കൊടുക്കാനുദ്ദേശിക്കുന്നതെല്ലാം പെണ്ണിന്‍്റെ അപ്പന്‍ കൊണ്ടുനടന്നു കാണിച്ചു . സിറ്റിയിലെ രണ്ടുനില കെട്ടിടം , സൂപ്പര്‍ മാര്‍ക്കെറ്റ് സിറ്റി വിട്ടുള്ള റബ്ബര്‍ എസ്റ്റേറ്റ്‌ . ബാങ്ക് ടെപ്പോസിട്ടും ആഭരണ കണക്കും പറഞ്ഞു അതങ്ങു ഉറപ്പിച്ചു .
തിരിച്ചു പകുതിദൂരം എത്തിയപ്പോ പയ്യന്‍ ഒര്മിചെടുത്തു ദാല്ലളിനോട് പറഞ്ഞു :
ഒരു കാര്യം വിട്ടുപോയി , പെണ്ണിനെ കണ്ടില്ല !

Wednesday, November 28, 2007

ഭക്തി





ഉദ്യോഗത്തില്‍ നിന്നും ആപ്പീസറായി പെന്‍ഷന്‍പറ്റി. ഇനിയെന്ത്‌ ജനസേവനം ചെയ്യുമെന്ന കഠിനമായ ആലോചനയായി. ഒടുവില്‍ കുടുംബവക ക്ഷേത്രം പുരുദ്ധരിക്കാമെന്നു കരുതി.
ഉദ്യോഗത്തില്‍ നിന്നും പത്തു കൊല്ലം മുമ്പേ വിരമിച്ച്‌ ഇതങ്ങ്‌ ചെയ്‌താ മതിയായിരുന്നുവെന്ന്‌ ഇപ്പൊതോന്നുന്നു.

Thursday, November 22, 2007

വികസനം




വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Tuesday, November 13, 2007

ജീവിത സുഗന്ധി


കയറിനെ മരത്തിന്റെ ബലത്ത കൊമ്പില്‍ ബന്ധിച്ച്‌, എതിരറ്റത്തെ കുരുക്കാക്കി മുറുക്കി. ഇനി കയറിനെ തിരിച്ചു പിടിച്ചതായി സങ്കല്‍പ്പിച്ചാല്‍, അതൊരു ചോദ്യചിഹ്നമാവുകയും ഇതേ രീതിയില്‍ നിരൂപിച്ചാല്‍ ഒരാശ്ചര്യചിഹ്നമാവുകയും ചെയ്യും. കുരുക്കിനെ മുറുക്കി, താഴേക്ക്‌ വലിച്ച്‌ ബലപരിശോധന നടത്തി. കഴുത്തിനെ ഉത്തര രൂപത്തിന്റെ ഉള്ളില്‍ കടത്തുകയാണിനി വേണ്ടത്‌. കയറിന്റെ ബലമളക്കുമ്പോഴാണ്‌ മരം പൂക്കള്‍ പൊഴിക്കാന്‍ തുടങ്ങിയത്‌. മഴപോലെ പൂവുകള്‍... പൂവുകള്‍... കൈവെള്ളയിലായിപ്പോയപൂവിനെ മണത്തുനോക്കി.
മൂക്കിന്റെ ഇരുണ്ട ഗുഹയ്‌ക്കുള്ളിലേയ്‌ക്കു ജീവിതത്തിന്റെ സുഗന്ധപ്രയാണം...
കുരുക്കിനുള്ളില്‍ കൈകടത്തി പഴയൊരു പാട്ടും പാടി, അവന്‍ ഊഞ്ഞാലാടാന്‍ തുടങ്ങി.
മരമപ്പോഴും പൂവുകള്‍ പൊഴിച്ചുകൊണ്ടിരുന്നു...

Wednesday, November 7, 2007

കപടസ്‌നേഹിതാ





ഇന്നലെ വീണ്ടും പഴയ സുഹൃത്ത്‌്‌ ചിരിച്ചു ചിരിച്ചു കയറിവന്നു. ചിരി വിടാതെ അവന്‍ പഴയ സന്ദര്‍ശനത്തിന്‍ പറഞ്ഞവ ആവര്‍ത്തിച്ചു.
' നിന്നെ ചേര്‍ത്തിട്ട്‌ എനിക്കൊന്നും നേടാനല്ല, നിന്റെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ എനിക്ക്‌ സഹിക്കാന്‍ കഴിയാഞ്ഞിട്ടെന്ന്‌ കൂട്ടിയാമതി. നീ മുടക്കേണ്ടത്‌ വെറും ഇരുന്നൂറ്റന്‍പത്‌ രൂപ. നീ പത്തു പേരെ ചേര്‍ക്കുക. അവര്‍ ഓരോരുത്തരും... പിന്നെ ... ലക്ഷങ്ങളാ മാസത്തില്‍ വരവ്‌.'
ലഭിച്ച ചെക്കുകളുടെ ഫോട്ടോ കോപ്പി കാട്ടി അവന്‍ പ്രലോഭിപ്പിച്ചു.
ഇതിലൊരു അവസാനത്തെ ആളുണ്ടാകില്ലേ? അവനെന്തു കിട്ടും?
ഞാന്‍ ന്യായമായ സംശയം ഉന്നയിച്ചു. അവനത്‌ തീരെ സഹിച്ചില്ല.
' ചുമ്മാതാണോ നീ നന്നാകാത്തത്‌. നിനക്ക്‌ നി്‌ന്റെ കാര്യം നോക്കിയാപ്പോരെ? നീ ഒരു കാലത്തും ഗുണം പിടിക്കില്ല.'സുഹത്ത്‌ ചിരിമടക്കി പടി കടന്നു.
മരുന്നിന്‌ കാശില്ല. പെട്ടെന്നോര്‍ത്തത്‌ സുഹൃത്തിനെ.
' അഞ്ചൂറ്‌ രൂപ വേണം, മകന്‍ അത്യാസന്ന നിലയില്‍.'
സുഹൃത്ത്‌്‌്‌ പറഞ്ഞു: ' കാശൊന്നുമില്ല.'
പോക്കറ്റിലേയ്‌ക്ക്‌്‌ കൈയ്യിട്ട്‌ പത്തുരൂപ കാട്ടി.
' വണ്ടിക്കൂലിക്കുള്ള കാശല്ലാതെ...'
മകന്റെ ശവത്തെങ്ങും കഴിഞ്ഞ്‌ സുഹൃത്ത്‌ പോയിക്കഴിഞ്ഞു.

Monday, October 29, 2007

ഗൃഹാതുരം




വീട്‌ അപരിചത മുഖത്തോടെ എന്നെ തുറിച്ച്‌ നോക്കി, ഞാനതിനെയും.
ഓട്‌ മാറി ടെറസ്സായി. കോട്ടപോലെ വലിയ മതില്‍ ചുറ്റിലും.
ഗേറ്റിനെ കരയിപ്പിച്ചു. വീട്ടമ്മ ജനാലയിലൂടെ സംശയിച്ചു.
ഞാനവരോട്‌ വിശദീകരിച്ചു :
ജനിച്ചു വളര്‍ന്ന വീടിവിടായിരുന്നു. പത്തിരുപത്‌ വര്‍ഷമായി ദൂരെ പട്ടണത്തില്‍. ഇങ്ങോട്ട്‌ വന്നിട്ട്‌ തന്നെ ഏഴെട്ട്‌ വര്‍ഷമായി. ഒരു വിവാഹത്തിന്‌ കൂടാന്‍ വന്നതാണ്‌. ഇവിടമൊന്ന്‌ കാണണമെന്ന്‌ തോന്നി. ഇനിയെന്നെങ്കിലും വരാന്‍ കഴിയുമോ എന്നുതന്നെ അറിയില്ല.
വീടിനു ചുറ്റും കണ്ണു തുറന്നു നടന്നു. നിരാശ തോന്നി. ഓര്‍മ്മകളെ ഉണര്‍ത്തുന്ന ഒന്നുമില്ല. ഒന്നും. എല്ലാം മാറ്റപ്പെട്ടിരിക്കുന്നു. നിരാശനായി തിരഞ്ഞു നടക്കവേ, റോസാച്ചെടി ഷര്‍ട്ടിന്റെ കയ്യില്‍ പിടിച്ചു നിര്‍ത്തി.
മറന്നോ എന്നെ?
റോസാച്ചെടി മൃദുശബ്ദത്തില്‍ ചോദിക്കുന്നു.
കരിഞ്ഞു തീരാറായ ഒന്ന്‌.
അതിന്റെ കമ്പൊടിക്കുമ്പോള്‍ വീട്ടമ്മ ഉപദേശിച്ചു:
ഞങ്ങളിവിടം വാങ്ങുമ്പഴേ ഉള്ളതാ. ഇന്നോളം പൂത്തിട്ടില്ല. നിങ്ങളത്‌ ചുമക്കുന്നത്‌ വെറുതെ.
ആ ചെടിയാണീ പൂവിട്ട്‌ നില്‍ക്കുന്നത്‌! അതിനാണ്‌ മണമൊന്നുമില്ലെന്ന്‌ മകള്‍ പറയുന്നത്‌!
മൂക്കിനെ ഞാനൊന്നുണര്‍ത്തുന്നു.
ഉണ്ടല്ലോ പഴയ ചില ഗന്ധങ്ങള്‍ - പുതുനെല്ലിന്റെ, രാസ്‌നാദിപ്പൊടിയുടെ, ചാണകത്തിന്റെ, ഉമിക്കരിയുടെ...
അതെന്നെ വന്ന്‌ പൊതിയുന്നല്ലോ.

Friday, October 26, 2007

പ്രവൃത്തി - തൃപ്തി


അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നൂറു രൂപയുടെ നോട്ട് ഇട്ടുകൊടുക്കുമ്പോള്‍ അവന്റെ മുഖത്ത് വിരിയുന്ന സന്തോഷം കാണുമ്പോള്‍ നല്ലൊരു പ്രവൃത്തി ചെയ്യാനായി എന്ന തോന്നലുണ്ടാകും .
അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ ഇട്ടുകൊടുത്തത് നൂറു രൂപയുടെ മാറാത്ത കള്ളനോട്ടാണ് എന്നത് തരുന്നത് സംതൃപ്തി .

Monday, October 22, 2007

കല്ലും മരവും



മഴക്കാലം കഴിഞ്ഞപ്പോള്‍ കല്ലിനടിയില്‍ കിടന്ന് ഒരു വിത്ത് നിലവിളിച്ചു.

ഒന്ന് മാറിത്തായോ, എനിക്ക് ശ്വാസം മുട്ടുന്നേ. കല്ല് കല്ലുപോലെ ഇരുന്നു.

കല്ലിനെ വളഞ്ഞ് വിത്തിന്റെ കുരുപ്പ് പൊട്ടി. മൂക്ക്‌ കണ്ണട പോലുള്ള ഇലകള്‍ പിടിച്ച് അത് കല്ലിനെയും ഭൂമിയുടെ ഉപരിതലത്തെയും നോക്കി.

ചെടി വളര്‍ന്നു മരമായി, ഭൂമിക്ക് തണലായി, കിളികള്‍ക്ക്‌ കൂടായി, കാറ്റിന് ചിറകായി.

ഒരു ദിവസം മരം ചോദിച്ചു : " എടാ കല്ലേ, എടാ പുല്ലേ, നീ എത്ര നോക്കി ഞാന്‍ വളരാതിരിക്കാന്‍. എന്നിട്ടെന്തായി? "

അപ്പോള്‍ കല്ല് ഉളുപ്പില്ലാതെ പറഞ്ഞു : " എന്റെ വളമില്ലങ്കില്‍ കാണാമായിരുന്നു."

Sunday, October 14, 2007

സൗഹൃദം

കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. ചുംബിച്ചു. മദ്യപിച്ചു. കടല്‍ത്തീരത്ത്‌ നടന്നു. ബാല്യകാലത്തെ അനുസ്‌മരിച്ചു. ഞാനെറിഞ്ഞ കല്ലുകൊണ്ടു മുറിഞ്ഞ നെറ്റിയിലെ തഴമ്പ്‌ കാണിച്ചു. ഇത്‌ നിന്റെ മേലുള്ള ചിരകാല സ്‌മരണയാണെന്നു പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കരച്ചില്‍ വന്നു. പിരിഞ്ഞ്‌ പിന്‍തിരിയുമ്പോള്‍ സമയം കളയാതെ ഇടപാടുകാരനെ ഒച്ചതാഴ്‌ത്തി വിളിച്ചു. നിങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെതന്നെ അവനെ അയച്ചിട്ടുണ്ട്‌. ഇവനെ കയ്യീക്കിട്ടാനായി നിങ്ങളെത്രയോ നാളായി കഷ്ടപ്പെടുകയാണ്‌. ഉത്തരവാദിത്വത്തോടെ ഞാനെന്റെ ജോലി ചെയ്‌തിട്ടുണ്ട്‌. പറഞ്ഞുറപ്പിച്ചതീന്ന്‌ ചില്ലിക്കാശും കുറയ്‌ക്കരുത്‌.
സൗഹൃദത്തിന്‌ ഇക്കാലത്ത്‌ വിലയില്ലെന്ന്‌ പറഞ്ഞത്‌ ഏവനടാ തെണ്ടീ?

ദുരവസ്ഥ


നാട്ടിലെ പട്ടിണി കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാണ്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഞാന്‍ ഭക്ഷണം കഴിക്കുന്നത്‌.
നിരത്തിലെ നിലവിളി കേള്‍ക്കാന്‍ കരളുറപ്പില്ലാത്തതിനാലാണ്‌ ഞാന്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത്‌.
അത്രയും തൊഴില്‍ കൂടുമല്ലോ എന്നു കരുതീട്ടാണ്‌ നിങ്ങളീ പറയുന്ന കൂറ്റന്‍ മാളിക പണിതത്‌.
കൂലിപ്പണിക്കാരോടുള്ള ബഹുമാനം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞാനവരുമായി ഇടപഴകാത്തത്‌.
ഇത്രയും മനസ്സു തുറന്നിട്ടും നിങ്ങളെന്നെ സംശയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കു മനസ്സിലാകുന്നില്ല.

Monday, August 20, 2007

ഇറച്ചിക്കോഴി

ഇറച്ചിക്കോഴിക്കച്ചവടക്കാരന്റെ വീട്ടിലെ വളര്‍ത്തുകോഴി ഇറച്ചിക്കോഴി കൂട്ടിനകത്തേക്ക്‌ എത്തിനോക്കി. തടിച്ചു വെളുത്ത മുട്ടന്‍ കോഴികള്‍. തന്നെത്തന്നെ നോക്കിനിന്ന ഇറച്ചിക്കോഴിയോട്‌ വളര്‍ത്തുകോഴി പരിഭവം പറഞ്ഞു.എനിക്ക്‌ വല്ലോം കിട്ടണോങ്കി വീട്ടമ്മ കനിയണം. ഇല്ലെങ്കി പറമ്പിലെ പുഴൂനേം പാറ്റേനേം പിടിക്കണം. നിങ്ങക്കിവിടെ കുശാല്‌ തന്നെ. ചുമ്മാതല്ല വെളുത്ത്‌ തടിച്ചിരിക്കുന്നത്‌. നൂറുകിലോ ഇറച്ചിക്കുള്ള ഓഡര്‍ രാവിലെ കിട്ടിയതു മുതല്‍ ഇറച്ചിക്കോഴി ജലപാനം കഴിച്ചിട്ടില്ല. പേടികൊണ്ട്‌ അതിന്റെ തൂവലുകള്‍ കൊഴിഞ്ഞു. അതിലൊന്ന്‌ സമ്മാനിച്ച്‌ ഇറച്ചിക്കോഴി പറഞ്ഞു: എന്റെ ഓര്‍മ്മയ്‌ക്ക്‌.പെട്ടെന്ന്‌ കച്ചവടക്കാരന്‍ അകത്തു വന്നു. വ്യസനപ്പെട്ടിരിക്കുന്ന കോഴിയെ തൂക്കിയെടുക്കുമ്പോള്‍ അത്‌ കരയാന്‍ പാടുപെട്ടു. ത്രാസിന്റെ കനിവില്‍, ഇറച്ചിക്കോഴി വീണ്ടും കൂട്ടിനകത്ത്‌ വന്നു. 'നീയെന്തിനാ നിലവിളിച്ചത്‌?''ദിവാസ്വപ്‌നം കണ്ടതാ' - ഇറച്ചിക്കോഴി പറഞ്ഞൊപ്പിച്ചു. അതിന്റെ വിറയല്‍ അടങ്ങിയിരുന്നില്ല. ' ഓ, എനിക്കും ദിവാസ്വപ്‌നം കാണാന്‍ വലിയ ഇഷ്ടവാ. ഈയിടെയൊന്നും പക്ഷെ കാണാറേയില്ല. നിന്റെയൊരു ഭാഗ്യമേ!' വളര്‍ത്തുകോഴി പോകുന്ന പോക്കില്‍ ഇറച്ചിക്കോഴിയുടെ സമ്മാനത്തൂവലിനെ പുച്ഛത്തോടെ വലിച്ചെറിഞ്ഞു കളഞ്ഞു.

നാടകമേ ഉലകം

പത്താം ക്‌ളാസ്‌ തോറ്റപ്പോള്‍ കൊത്തപ്പണിക്ക്‌ പോയി. മേലനങ്ങി പണിയണം. മേശിരിയൊരു മൊരടന്‍.
വെറുത്ത്‌, ആയാസരഹിതമായ ജോലിയിലേയ്‌ക്ക്‌ ചുവടുമാറ്റി. നിയന്ത്രിക്കാനാരുമില്ല. പക്ഷെ, ഉറക്കമൊഴിയണം. പോലീസിന്റെ കയ്യിപ്പെട്ടാ നരകം. പിടിക്കുമെന്നായപ്പോ നാടുവിട്ടു.
വര്‍ഷങ്ങള്‍ താടിയെയും മുടിയെയും നീട്ടി വെളുപ്പിച്ചു. കാഷായവേഷം കെട്ടി തിരികെ വന്നു. തല്ലാനോടിച്ച നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ഇരിപ്പിടം സജ്ജമാക്കി. ഇപ്പൊ സുഖവഴി. ദര്‍ശനം നല്‍കാന്‍ കൂടി സമയമില്ല.
പിടിക്കാന്‍ ഓടിച്ചൊരു ഏമാന്നാണ്‌ ക്യൂവിന്റെ ഇടയ്‌ക്ക്‌ വെയിലത്ത്‌ നിന്ന്‌ ഞെരിവട്ടം കൊള്ളുന്നത്‌. രാവിലെയുള്ള നില്‍പ്പാണേ, അയാള്‍ക്ക്‌ തൊട്ടുമുമ്പ്‌ ദര്‍ശനം നിര്‍ത്തിവച്ചു. ബാക്കിയുള്ളവര്‍ക്കിനി അടുത്ത ദിവസം.
ഇത്തരം ചെറിയ പ്രതികാരങ്ങളില്ലെങ്കില്‍ പിന്നെന്ത്‌ ആത്മീയ ജീവിത സുഖം?.

ഫ്‌ളാഷ്‌


തന്റെ മരണവാര്‍ത്ത സ്വന്തം ചാനലില്‍ മിന്നമറയുന്നതു കണ്ട്‌ എം. ഡി. ഞെട്ടി. ശവസംസ്‌കാരം രാവിലെ 11 നെന്നു കൂടി പഹയന്മാര്‍ തീരുമാനിച്ചു കഴിഞ്ഞു. ചാനലിന്റെ ചീഫ്‌ ലൈവായി ചര്‍ച്ചിക്കുന്നതിന്‌ താഴെയാണീ പരാക്രമം. ലൈവൊടുങ്ങി. ഉടന്‍ ചീഫിനെ വിളിച്ച്‌ രണ്ട്‌ പച്ചത്തെറിയങ്ങ്‌ അടത്തിട്ടു. നിനക്കെന്താടാ ഞാന്‍ ചത്തുകാണാനിത്ര താല്‍പര്യം?. നിനക്കൊന്ന്‌ അന്വേഷിക്കാന്‍ മേലായിരുന്നോ, ഫ്‌ളാഷടിച്ച്‌ വിടണേന്ന്‌ മുമ്പ്‌?. ദേ, ഇത്‌ കണ്ടിട്ട്‌ ബാക്കിയുള്ളോന്മാരും എഴുതിക്കാണിച്ചു തുടങ്ങി - ഞാന്‍ ചത്തു മണ്ണടഞ്ഞെന്ന്‌.
ചാനല്‍ ചീഫ്‌ കാര്യം വിശദീകരിച്ചു:സാറ്‌ നമ്മുടെ ചാനലിന്റേ എം.ഡി.യാണെന്ന്‌ ഓര്‍ക്കണം. മറ്റേവനെങ്കിലും ഈ വാര്‍ത്ത ഫ്‌ളാഷാക്കിയെന്ന്‌ വച്ചോ; സാറ്‌ തട്ടിപ്പോയിരുന്നെങ്കില്‍ ചാനലിന്റെ ചീഫ്‌ എന്നു പറഞ്ഞ്‌ ഞാന്‍ ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ?. അതല്ലേ ആക്‌സിഡന്റെന്ന്‌ കേട്ടയുടന്‍ നമ്മളെടുത്തങ്ങ്‌ വീശിയത്‌. ഇനീപ്പം മരിച്ചില്ലാന്നും പറഞ്ഞൊരു ഫ്‌ളാഷ്ടിക്കാം. എങ്ങനെയുണ്ടെന്റെ പ്രൊഫഷണലിസം?.
താനാണ്‌ അപരാധം ചെയ്‌തതെന്ന്‌ ബോധ്യമായതോടെ എം. ഡി. മനസ്സിലൊരു സോറി പറഞ്ഞ്‌, ഒടിഞ്ഞ കൈ കൊണ്ട്‌ ഫോണ്‍ കട്ട്‌ ചെയ്‌തു.