Pages

Monday, December 31, 2007

ഉറക്കമില്ലായ്‌മ

' നല്ലയിനം കഥ കായ്‌ക്കുന്ന ചെടിയാണ്‌ സാര്‍.'
കൗതുകത്തോടെ വിത്ത്‌ വാങ്ങി മുറ്റത്ത്‌ കുഴിച്ചിട്ടു.
ചെടി വളരാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളും ആരംഭിച്ചു.
ഉള്ളില്‍ നിന്നും എപ്പോഴുമൊരു വിമ്മല്‍, ഉറക്കമില്ലായ്‌മ ഇത്യാദി.
ഡോക്ടറെ കണ്ടു.
രോഗമൊന്നുമില്ലെന്നറിഞ്ഞതോടെ കാരണം കണ്ടെത്തി.
പകയോടെ ചെടിയെ വേരോടെ പിഴുത്‌ റോഡിലേക്കൊരേറ്‌.
അപ്പൊത്തന്നെ വലിയവായിലേ കോട്ടുവാ വന്നു. പിന്നെ, മൂടിപ്പുതച്ചു കിടന്നുറങ്ങി; സ്വസ്ഥമായി.

Wednesday, December 26, 2007

വികസനം




വയല്‍ നികത്തി റബ്ബര്‍ വെച്ചപ്പൊ വെട്ടിനിരത്തി. കഷ്ടപ്പെട്ട്‌ കയ്യേറിയ കായല്‍ നികത്തി റിസോര്‍ട്ട്‌ പണിയാനൊരുങ്ങിയപ്പോ, പ്രകൃതിസംരക്ഷണക്കാരുടെ പട. എന്നാ, നാടൊന്ന്‌ നന്നാക്കാമെന്നു കരുതി ഇലക്ഷന്‌ നിന്നപ്പൊ, നീയൊക്കെ കെട്ടിവച്ച കാശ്‌ തന്നൊ?.
വികസനവിരുദ്ധന്മാരെക്കൊണ്ട്‌ നിറഞ്ഞ ഈ നാട്‌ രക്ഷപെടില്ല, കേട്ടോ.

Saturday, December 22, 2007

കിണറ്‌




സ്ഥാനം നോക്കിയാണ്‌ കിണറ്‌ കുഴിക്കാന്‍ തുടങ്ങിയത്‌. നന്നായി വെള്ളം കിട്ടുന്ന സ്ഥലമാണ്‌. കുഴിച്ചു ചെന്നപ്പോ പാറ. പാറപൊട്ടിച്ചാല്‍ വെള്ളം കിട്ടുമെന്ന്‌ പണിക്കാര്‌ പറഞ്ഞു.
പാറപൊട്ടിച്ചിട്ടും വെള്ളം മാത്രം കിട്ടിയില്ല.
കിട്ടയത്‌, കുറിച്ചിട്ടി നടത്തീട്ട്‌ മുങ്ങിയ ദിനേശനെയും വീസാത്തട്ടിപ്പ്‌ നടത്തീട്ട്‌ കാണാതായ ജോര്‍ജിനേം.

Wednesday, December 19, 2007

വാണിഭം



പെണ്ണിന്‌ സ്ത്രീധനം കൊടുക്കാനുദ്ദേശിക്കുന്നതെല്ലാം പെണ്ണിന്‍്റെ അപ്പന്‍ കൊണ്ടുനടന്നു കാണിച്ചു . സിറ്റിയിലെ രണ്ടുനില കെട്ടിടം , സൂപ്പര്‍ മാര്‍ക്കെറ്റ് സിറ്റി വിട്ടുള്ള റബ്ബര്‍ എസ്റ്റേറ്റ്‌ . ബാങ്ക് ടെപ്പോസിട്ടും ആഭരണ കണക്കും പറഞ്ഞു അതങ്ങു ഉറപ്പിച്ചു .
തിരിച്ചു പകുതിദൂരം എത്തിയപ്പോ പയ്യന്‍ ഒര്മിചെടുത്തു ദാല്ലളിനോട് പറഞ്ഞു :
ഒരു കാര്യം വിട്ടുപോയി , പെണ്ണിനെ കണ്ടില്ല !